'ആടുജീവിതം അറിയുന്നതിനായി സഞ്ചരിച്ചത് ഒന്നരവർഷം, സിനിമക്കായി കാത്തിരിക്കുന്നു'; നോവല്‍ ഉണ്ടായ കഥ പറഞ്ഞ് ബെന്യാമിൻ
വളരെ മുമ്പ് തന്നെ ആടുജീവിതം എന്ന നോവലിനുള്ള ആശയങ്ങൾ തനിക്ക് ലഭിച്ചിരുന്നുവെന്ന് ബെന്യാമിൻ പറഞ്ഞു
ബെന്യാമിന്‍/ആടുജീവിതം
ആടുജീവിതം സിനിമ വെള്ളിത്തിരയിൽ കാണുന്നതിന് താനും കാത്തിരിക്കുകയാണെന്ന് ആടുജീവിതം നോവലിന്‍റെ രചയിതാവ് ബെന്യാമിൻ. വളരെ മുമ്പ് തന്നെ ആടുജീവിതം എന്ന നോവലിനുള്ള ആശയങ്ങൾ തനിക്ക് ലഭിച്ചിരുന്നുവെന്ന് ബെന്യാമിൻ പറഞ്ഞു. ചിതത്തിന്റെ റിലീസിനോട് അനുബന്ധിച്ച് അണിയറ പ്രവർത്തകർ പുറത്തുവിട്ട വീഡിയോയിലാണ് ആടുജീവിതം സിനിമയാകുന്നതിന് പിന്നിലുള്ള കഥ ബെന്യാമിൻ പങ്കുവെച്ചത്.
ജോർദാനിലെ ചിത്രീകരണ സമയത്തുള്ള വീഡിയോയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുന്നത്. ഒരു പ്രവാസിയായിരുന്ന തനിക്ക് ഗൾഫ് പശ്ചാത്തലമായി ഒരു നോവൽ എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും ഈ സമയത്ത് തന്നെയാണ് യഥാർത്ഥ ജീവിതത്തിലെ നജീബിനെ താൻ കണ്ടുമുട്ടുന്നതെന്നും ബെന്യാമിൻ പറഞ്ഞു. ഒരു മനുഷ്യനും ദൈവവും മാത്രമുള്ള ഒരു കഥയെ കുറിച്ച് താൻ ചിന്തിച്ചിരുന്നു. അതാണ് ആടുജീവിതത്തിന്റെ ആദ്യ രൂപങ്ങളിൽ ഒന്നെന്നും ബെന്യാമിൻ വെളിപ്പെടുത്തി. യഥാർത്ഥ ജീവിതത്തിലെ നജീബിനൊപ്പം ദീർഘനാൾ സഞ്ചരിക്കുകയും സംസാരിക്കുകയും ചെയ്തതിൽ നിന്നാണ് അയാൾ അനുഭിച്ച കാര്യങ്ങൾ താൻ മനസിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നര വർഷത്തോളമെടുത്താണ് നജീബുമായി സൗഹൃദത്തിൽ ആവുന്നതും അദ്ദേഹത്തിന്റെ കഥ മനസിലാക്കുന്നതും ഈ ജീവിത കഥ അറിഞ്ഞപ്പോളാണ് ഇതാണ് താൻ എഴുതേണ്ട നോവൽ എന്ന് തീരുമാനിച്ചതെന്നും ബെന്യാമിൻ കൂട്ടിച്ചേര്‍ത്തു.
നോവൽ സിനിമയാകുമ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരാണ് അണിയറയിൽ ഉള്ളത് എന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നോവൽ അതേപടി സിനിമയാക്കുകയല്ല ചെയ്തതെന്നും ബെന്യാമിൻ പറഞ്ഞു. മലയാളത്തിന്റെ പ്രിയ സംവിധായകൻ ബ്ലെസിയാണ് ബെന്യാമിന്‍റെ ആടുജീവിതം നോവലിനെ സിനിമയാക്കുന്നത്. നജീബാവുന്നതിനായി നടൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. ചിത്രം 2024 ഏപ്രിൽ 10ന് തീയേറ്ററുകളിൽ എത്തും.
2008ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.
വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്
Adjust Story Font
16