ആ നിൽപ്പിനുശേഷം പിണറായിയെ വിളിച്ചു; കൊള്ളായിരുന്നു എന്നു പറഞ്ഞു-ഭീമൻ രഘു
പുതിയ ചിത്രമായ 'മിസ്റ്റര്‍ ഹാക്കറി'ന്‍റെ പ്രമോഷന്‍ പരിപാടികള്‍ക്ക് ചെങ്കൊടിയുമായായിരുന്നു ഭീമന്‍ രഘു എത്തിയത്
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തോടുള്ള ബഹുമാനം കാരണം സ്വയം എണീറ്റുപോയതാണെന്ന് നടന്‍ ഭീമന്‍ രഘു. ആ നിൽപ്പിനുശേഷം പിണറായിയെ വിളിച്ചിരുന്നു. എവിടെയുണ്ടെന്ന് അദ്ദേഹം ചോദിച്ചു. കൊള്ളായിരുന്നു എന്നു പറയുകയും ചെയ്തതായി ഭീമന്‍ രഘു വെളിപ്പെടുത്തി.
ഒരു യൂട്യൂബ് ചാനലിനോടായിരുന്നു നടന്‍റെ പ്രതികരണം. ''എഴുന്നേറ്റു കഴിഞ്ഞപ്പോൾ പിറകിൽ നിൽക്കുന്നവരോട് എന്തെങ്കിലും പ്രയാസമുണ്ടോ എന്നു ചോദിച്ചു. ഒരു കനേഡിയൻ ടീമാണു തൊട്ടുപിറകിലുണ്ടായിരുന്നത്. കുഴപ്പമൊന്നുമില്ലെന്ന് അവർ പറഞ്ഞു. പിണറായി നല്ലൊരു മനുഷ്യനാണ്. നല്ല മനുഷ്യനെ ബഹുമാനിക്കുക എന്നത് എന്റെ സംസ്‌കാരമാണ്. ഞാനതു കാണിച്ചു.''-ഭീമന്‍ രഘു വ്യക്തമാക്കി.
''സോഷ്യൽ മീഡിയയിലുള്ളവർ അവരുടെ സംസ്‌കാരം കാണിച്ചു. ഞാനതിനു വില കൊടുക്കുന്നില്ല. ഇതു കണ്ടു മറ്റുള്ള രാജ്യങ്ങളിൽ പോലുമുള്ളവർ എന്നെ വിളിച്ച് വിവരം അന്വേഷിച്ചിരുന്നു. ബി.ജെ.പിയിലുള്ള സമയത്തേ പിണറായിയെ കുറിച്ചു പറയാറുണ്ടായിരുന്നു. മികച്ച സംഘടനാ പാടവമുള്ള വലിയ മനുഷ്യനാണെന്നു പറയാറുണ്ടായിരുന്നു.
കോളജിൽ പ്രീഡിഗ്രി പഠിക്കുന്ന കാലത്ത് ചെറിയൊരു ഇടതുപക്ഷ ചായ്‌വുണ്ടായിരുന്നു. അത് പാർട്ടി തലത്തിലേക്കു കൊണ്ടുപോകാൻ പറ്റിയ രീതിയിലായിരുന്നില്ല. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ബി.ജെ.പിയിലെത്തുന്നതും സ്ഥാനാർത്ഥിയാകുന്നതുമെല്ലാം. അതിനുമുൻപ് ബി.ജെ.പി എന്താണെന്നൊന്നും അറിയുമായിരുന്നില്ല.''
നിയമസഭാ സീറ്റിൽ മത്സരിക്കാനുള്ള ആഗ്രഹമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, പാർട്ടി പറഞ്ഞാൽ ഉറപ്പായും നിൽക്കും. അങ്ങോട്ടു കയറി ആവശ്യപ്പെടില്ല. അടുത്ത വർഷവും എൽ.ഡി.എഫ് ഭരണം പിടിക്കും. പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്നും ഭീമന്‍ രഘു പറഞ്ഞു.
''ബി.ജെ.പിയിലുണ്ടായിരുന്ന സമയത്ത് ആരെ വിളിച്ചാലും ഫോൺ എടുക്കാറില്ല. ബി.ജെ.പി ഓഫിസിൽ പോയാൽ പോലും ഇവരെ കാണാൻ പറ്റില്ല. പലപ്പോഴും മനഃപൂർവം ഒഴിവാക്കുന്നതു പോലെയും തോന്നിയിട്ടുണ്ട്. ബി.ജെ.പിയെ പേടിയില്ല. ഇത് രാജഭരണമല്ലല്ലോ. നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ശൈലിയിൽ ഭരിക്കുന്നു. കേരള ബി.ജെ.പിയെ കുറിച്ചാണു പറയേണ്ടത്. അവരാണ് കോക്കസ് വച്ച് കളിക്കുന്നത്.''
പുതിയ ചിത്രമായ 'മിസ്റ്റര്‍ ഹാക്കറി'ന്‍റെ പ്രമോഷന്‍ പരിപാടികള്‍ക്ക് ചെങ്കൊടിയുമായായിരുന്നു ഭീമന്‍ രഘു എത്തിയത്. ഇടതുപക്ഷത്തിന്റെ ആളായതുകൊണ്ടാണ് കൊടിയുമായി എത്തിയതെന്നും ഷൂട്ടിങ് സമയത്ത് ഞാൻ തന്നെ പറഞ്ഞിട്ടാണ് കൊടി കൊണ്ടുവന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇതുമായി വരുമ്പോൾ ആളുകൾ ചോദിക്കുമല്ലോ.. ചിത്രത്തില്‍ സഖാവ് അബ്ദു എന്ന ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അവരുടെ കഷ്ടപ്പാടും രീതിയുമെല്ലാം അതിൽ കാണിക്കുന്നുണ്ട്. പടം തുടങ്ങിയ സമയത്ത് പാർട്ടിയിൽ എത്തിയിരുന്നില്ല. ഇതിനുശേഷം കുറേ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഭീമന്‍ രഘു കൂട്ടിച്ചേര്‍ത്തു.
Summary: CM Pinarayi Vijayan said 'well done' for the respect gesture for his speech: Says actor Bheeman Raghu
Adjust Story Font
16