സ്‌റ്റേജ് ഷോക്കിടെ ഭോജ്പുരി ഗായികക്ക് വെടിയേറ്റു
വെടിവെച്ച ആളുകൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു
സരൺ: പ്രശസ്ത ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് വെടിയേറ്റു. ബീഹാറിലെ സരൺ ജില്ലയിലെ സെൻദുർവ ഗ്രാമത്തിൽ നടന്ന സ്‌റ്റേജ് ഷോക്കിടെയായിരുന്നു വെടിയേറ്റതെന്നാണ് പൊലീസ് പറയുന്നത്. ഷോയിൽ നിന്നുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഇടത് തുടയിൽ വെടിയേറ്റ നിഷ ഉപാധ്യായയെ പട്നയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗായികയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
പരിപാടിക്കിടെ ചിലർ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെയായിരുന്നു നിഷയുടെ കാലിൽ ബുള്ളറ്റ് കൊണ്ടത്. ഉടൻ തന്നെ ഗായിക സംഭവസ്ഥലത്ത് വീണു. വെടിവെച്ച ആളുകൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ബിഹാറിലെ അറിയപ്പെടുന്ന ഗായികയാണ് നിഷ. സരൺ ജില്ലയിലെ ഗാർഖ ഗൗഹർ ബസന്ത് സ്വദേശിനി കൂടിയാണിവർ.
സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നുംജന്ത ബസാർ സ്റ്റേഷൻ ഹൗസ് ഓഫീസർ നസറുദ്ദീൻ ഖാൻ എൻ.ഡി.ടി.വിയോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
അതേസമയം, വെടിവെപ്പിനെ കലാ-സാംസ്‌കാരിക മന്ത്രി ജിതേന്ദ്ര കുമാർ റായ് അപലപിച്ചു. ആഘോഷവേളകളിൽ നടക്കുന്ന വെ വെടിവയ്പ്പ് ക്രിമിനൽ കുറ്റമാണെന്നും ജനങ്ങൾ അത് മനസ്സിലാക്കണമെന്നുംമന്ത്രിപിടിഐയോട് പറഞ്ഞു. കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കും. പൊതുയോഗങ്ങൾ, മതസ്ഥലങ്ങൾ, കല്യാണങ്ങൾ അല്ലെങ്കിൽ മറ്റ് ചടങ്ങുകൾ എന്നിവയിൽ ലൈസൻസുള്ള തോക്കുകൾ ഉപയോഗിച്ച് പോലും ആഘോഷപൂർവം വെടിവയ്ക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ആളുകൾ അറിഞ്ഞിരിക്കണം. പ്രതികൾ ആരായാലും ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16