പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
80 വയസായിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ മൂവായിരത്തില്‍ അധികം ഗാനങ്ങള്‍ ബിച്ചു തിരുമല മലയാള സിനിമക്കായി സമ്മാനിച്ചിട്ടുണ്ട്.
സി.ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1941 ഫെബ്രുവരി 13നാണ് ബിച്ചു തിരുമല ജനിച്ചത്. ബി. ശിവശങ്കരൻ നായർ എന്നാണ് യഥാര്‍ഥ പേര്. പ്രശസ്ത ഗായികയായ സുശീലാ ദേവി, സംഗീതസംവിധായകൻ ദർശൻ രാമൻ എന്നിവരാണ് സഹോദരങ്ങൾ. 1972-ൽ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചു. ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. പ്രമുഖ സംഗീതസംവിധായകനായ എ.ആർ. റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങൾ എഴുതിയതും അദ്ദേഹമാണ്. പ്രസന്നയാണ് ഭാര്യ. സുമൻ മകനാണ്.
രാകേന്ദു കിരണങ്ങള്‍, വാകപ്പൂമരം ചൂടും, മൈനാകം, ഓലത്തുമ്പത്തിരുന്ന്,ആലിപ്പഴം, തേനും വയമ്പും തുടങ്ങി മലയാളികളുടെ ഓര്‍മയില്‍ എന്നുംനിലനില്‍ക്കുന്ന പാട്ടുകള്‍ ബിച്ചുവിന്‍റെ തൂലികത്തുമ്പില്‍ നിന്നാണ്. മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന പുരസ്കാരം രണ്ടുതവണ ലഭിച്ചിട്ടുണ്ട്.
Adjust Story Font
16