'അംഗീകാരം ആഗ്രഹിച്ചതാണ്, പുരസ്‌കാരം സച്ചിക്ക് സമർപ്പിക്കുന്നു'; ദേശീയ പുരസ്കാര നേട്ടത്തില്‍ ബിജു മേനോൻ
അയ്യപ്പനും കോശിയും സിനിമ കണ്ട പ്രേക്ഷകരില്‍ പലരും പുരസ്കാരം ഉറപ്പാണെന്ന് സംസാരിച്ചിരുന്നതായും ബിജു മേനോന്‍
അയ്യപ്പനും കോശിയും സിനിമയ്ക്ക് അംഗീകാരം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അയ്യപ്പനും കോശിയും സിനിമയിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം നേടിയ നടന്‍ ബിജു മേനോന്‍. പുരസ്കാര നേട്ടത്തില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമുണ്ടെന്നും അയ്യപ്പനും കോശിയും സിനിമ കണ്ട പ്രേക്ഷകരില്‍ പലരും പുരസ്കാരം ഉറപ്പാണെന്ന് സംസാരിച്ചിരുന്നതായും ബിജു മേനോന്‍ പറഞ്ഞു. സിനിമ അര്‍ഹിക്കുന്ന പുരസ്കാരം ലഭിച്ചു. അയ്യപ്പനും കോശിയും കാണുകയോ അതിനുള്ള അംഗീകാരമോയല്ല സച്ചി എനിക്ക്. സച്ചി എന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ്. സച്ചിക്ക് കിട്ടേണ്ട ഏറ്റവും വലിയ പുരസ്കാരമാണിതെന്നും തനിക്ക് ലഭിച്ച പുരസ്കാരം സച്ചിക്ക് സമര്‍പ്പിക്കുന്നതായും ബിജു മേനോന്‍ പറഞ്ഞു.
സിനിമയെ കുറിച്ചോ പ്രൊഫഷണല്‍ ഗാനങ്ങളെ കുറിച്ചോ ഒന്നുമറിയാതെയാണ് നഞ്ചിയമ്മ അയ്യപ്പനും കോശിയില്‍ എത്തിയതെന്നും സിനിമക്ക് അവരുടെ ഗാനം ഒരുപാട് ഗുണം ചെയ്തതായും ബിജു മേനോന്‍ പറഞ്ഞു. തങ്കം സിനിമയുടെ ചിത്രീകരണ സെറ്റില്‍ വെച്ചാണ് ബിജു മേനോന്‍ പുരസ്കാര നേട്ടത്തിലെ സന്തോഷം പങ്കുവെച്ചത്. ഒരു തെക്കന്‍ തല്ല് കേസ്, പ്രിയദര്‍ശന്‍-എം.ടി കൂട്ടുക്കെട്ടിലെ ചിത്രം എന്നിവയാണ് ബിജു മേനോന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
മികച്ച നടിക്കും സഹനടനും സംവിധായികയ്ക്കും ഉള്‍പ്പെടെ 11 പുരസ്കാരങ്ങളാണ് മലയാളം ദേശീയ തലത്തില്‍ സ്വന്തമാക്കിയത്. മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും സിനിമയിലൂടെ സംവിധായകനായ സച്ചി നേടി. അപര്‍ണ ബാലമുരളിയാണ് മികച്ച നടി. സൂരരൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിനാണ് മികച്ച നടിയായി അപർണ ബാലമുരളിയെ തെരഞ്ഞെടുത്തത്. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മ നേടി. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനും ലഭിച്ചു. മികച്ച സംഘട്ടന സംവിധാനത്തിനുള്ള പുരസ്കാരവും മലയാളം സ്വന്തമാക്കി. അയ്യപ്പനും കോശിയും സിനിമയുടെ സംഘട്ടന സംവിധാനത്തിന് മാഫിയ ശശി, രാജശേഖര്‍, സുപ്രീം സുന്ദര്‍ എന്നിവരാണ് പുരസ്കാരം നേടിയത്.മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരം അനീസ് നാടോടിയും പ്രത്യേക ജൂറി പുരസ്കാരം വാങ്കും നേടി.
Adjust Story Font
16