'കുടുംബം പോറ്റാൻ തെരുവിലിറങ്ങുന്നവർക്ക് സമ്മാനം പെറ്റി'; താരസംഗമത്തില്‍ പൊലീസിനെതിരെ ബിന്ദു കൃഷ്ണ
കലൂരിലെ അമ്മ ആസ്ഥാനത്തായിരുന്നു താരയോഗം
മാസ്‌കും സാമൂഹ്യ അകലവുമില്ലാതെ സംഘടിപ്പിച്ച 'അമ്മ' ഒത്തുകൂടലിനെതിരെ കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ സാധാരണക്കാർക്ക് പെറ്റിയടിക്കുന്ന പൊലീസ് സാമൂഹ്യഅകലവും മാസ്‌കുമില്ലാതെ നടന്ന താരകൂട്ടായ്മക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടി.
'സാമൂഹ്യഅകലവും, മാസ്‌കും, കൊവിഡ് പ്രോട്ടോക്കോളും പെർഫക്ട് ഓക്കെ... കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയർത്തുന്ന രാഷ്ട്രീയ-പൊതുപ്രവർത്തകർക്ക് സമ്മാനമായി കേസും, കോടതിയും...മച്ചാനത് പോരെ...'- എന്നാണ് കോൺഗ്രസ് നേതാവ് കുറിച്ചത്. താരസംഗമത്തിന്റെ ഫോട്ടോയ്‌ക്കൊപ്പമാണ് വിമർശം.
കഴിഞ്ഞ ദിവസം കലൂരിലെ അമ്മ ആസ്ഥാനത്തായിരുന്നു യോഗം. ചിങ്ങം ഒന്നിലെ യോഗത്തിന് കേരളീയ വേഷത്തിലാണ് താരങ്ങൾ എത്തിയിരുന്നത്. മാസ്‌ക് ധരിക്കാതെ താരങ്ങൾ ഇറങ്ങി വരുന്നതും അതു നോക്കി നിൽക്കുന്ന പൊലീസിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിനിമാ താരങ്ങൾക്ക് പുറമേ, കോൺഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡനും ചടങ്ങിനെത്തിയിരുന്നു.
Adjust Story Font
16