Quantcast

കണ്ണടച്ചാല്‍ മുന്നില്‍ സുധിയാണ്, ഉറങ്ങാൻ കിടക്കുമ്പോ രാത്രി കയറി വരും; വിങ്ങിപ്പൊട്ടി ബിനു അടിമാലി

അത്രയും ഊർജസ്വലനായ ഒരു സുധിയെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല

MediaOne Logo

Web Desk

  • Published:

    27 Jun 2023 6:54 AM GMT

Binu adimali
X

ബിനു അടിമാലി മിമിക്രി ആർടിസ്റ്റ്സ് അസോസിയേഷന്‍ പരിപാടിയില്‍

കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി ആദ്യമായി പൊതുവേദിയില്‍. മിമിക്രി ആർടിസ്റ്റ്സ് അസോസിയേഷന്‍റെ ജനറൽ ബോഡിയിൽ പങ്കെടുക്കാനാണ് ബിനു എത്തിയത്. വേദിയില്‍ വച്ച് അകാലത്തില്‍ വിട പറഞ്ഞുപോയ കൊല്ലം സുധിയെക്കുറിച്ചും ബിനു പറഞ്ഞു. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ സുധി കണ്മുന്നിൽ വന്നു നിൽക്കുന്നതുപോലെ തോന്നുന്നതുകൊണ്ട് ഉറങ്ങാൻ പോലും കഴിയാറില്ലെന്നും ബിനു അടിമാലി പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ 5ന് പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ ആയിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിനുവും മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോനും ഈയിടെയാണ് ആശുപത്രി വിട്ടത്.



ബിനുവിന്‍റെ വാക്കുകള്‍

‘‘പത്തുപതിനഞ്ചു ദിവസങ്ങൾക്ക് ശേഷം ഇന്നാണ് ഞാൻ ഒന്ന് ചിരിക്കുന്നത്. കാരണം ഞാൻ എത്തിയിരിക്കുന്നത് എന്‍റെ 'മാ' സംഘടനയുടെ പരിപാടിക്കാണ്. ഇതൊരു ഭംഗി വാക്കായി പറയുന്നതല്ല. എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോ രാത്രി സുധി കയറി വരും, അവന്റെ ഓരോ കാര്യങ്ങൾ ഓർത്ത് ഉറങ്ങാൻ പറ്റില്ല. ഇന്ന് എന്റെ കാലിലെ സ്റ്റിച്ച് വെട്ടുന്ന ദിവസമായിരുന്നു അങ്ങനെ ആശുപത്രിയിൽ വന്നതുകൊണ്ടാണ് എനിക്ക് ഇന്നിവിടെ എത്താൻ കഴിഞ്ഞത്. ഇവിടെ വന്നു എല്ലാവരെയും കണ്ടപ്പോൾ എന്തോ ഒരു പകുതി സമാധാനം ആയി. നമ്മുടെ സംഘടനയിൽ എത്തുമ്പോഴുള്ള ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. നമ്മൾ അസുഖമായി വീട്ടിൽ കിടക്കുമ്പോഴാണ് ഇതൊക്കെ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത്.

എന്‍റെ വീടിന്റെ പാലുകാച്ചിന് പോലും ഒരു ചലച്ചിത്രതാരങ്ങളും വന്നിട്ടില്ല, പക്ഷേ ഇപ്പോൾ സുഖമില്ലാതെ കിടന്നപ്പോൾ ഒട്ടുമിക്കവരും വന്നു, ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ കിടക്കുമ്പോഴാണ് ആളുകളുടെ വില നമുക്ക് മനസിലാകുന്നത്. സുധി മരിച്ചപ്പോൾ ഒത്തുകൂടിയ ആളുകളും അയാളോടുള്ള സ്നേഹവും കാണുമ്പോഴാണ് മനസ്സ് നിറയുന്നത്. കൂട്ടുകാര്‍ വരുമ്പോൾ ഞാൻ മനസ്സ് തുറന്നു ചിരിക്കാറുണ്ട്.

സുധിയെപ്പറ്റി പറയുകയാണെങ്കിൽ അന്ന് അദ്ദേഹത്തിന്റെ സമയം ആയിരുന്നിരിക്കും. കാരണം ഇവിടെനിന്ന് പോകുമ്പോൾ ഇവൻ വണ്ടിയുടെ മുന്നിൽ ഇരിക്കുകയാണ്. ഊണ് കഴിക്കാൻ ഇറങ്ങിയിട്ട് വന്നപ്പോഴും വീണ്ടും വന്ന് വണ്ടിയുടെ മുൻ സീറ്റിൽ തന്നെ ഇരുന്നു. പ്രോഗ്രാം കഴിഞ്ഞു തിരിച്ചു വരുമ്പോഴും ഇവൻ ഓടി വന്ന് വണ്ടിയുടെ മുന്നിൽ തന്നെ ഇരിക്കുവാണ്. അത്രയും ഊർജസ്വലനായ ഒരു സുധിയെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. അന്നത്തെ ദിവസം അത്രക്ക് ആക്റ്റീവ് ആയിരുന്നു. എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച സംഭവം അതാണ്. മിനിറ്റുകൾ കൊണ്ട് തൊട്ടടുത്തിരുന്ന ഒരാള് മരിച്ചുപോയി എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥ വലുതാണ്. ഒരു കലാകാരനായി ഈ ഭൂമിയിൽ ജനിക്കാൻ കഴിഞ്ഞതിൽ ദൈവത്തോടും എന്റെ കാരണവന്മാരോടും നന്ദി പറയുന്നു. എന്നെ വിളിച്ച് പ്രോത്സാഹിപ്പിച്ച് ധൈര്യം തന്ന ഈ കൂട്ടായ്മയിലെ എല്ലാവരോടും നന്ദി ഉണ്ട്.’’ബിനു അടിമാലി പറഞ്ഞു.



TAGS :

Next Story