വീട്ടിലെ പണിക്കാര്‍ക്ക് കുഴികുത്തി കഞ്ഞി വിളമ്പുമെന്ന് കൃഷ്ണകുമാര്‍; 'തമ്പുരാന്‍റെ നൊസ്റ്റാള്‍ജിയക്ക്' ട്രോള്‍
കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധുവിന്‍റെ യുട്യൂബ് പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് കൃഷ്ണകുമാറിന്‍റെ ജാതീയത തുറന്നുകാട്ടുന്ന പരാമര്‍ശമുള്ളത്
കൃഷ്ണകുമാര്‍
നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം. ജാതിവ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിയിലുള്ളവര്‍ക്ക് മണ്ണില്‍ കുഴി കുത്തി അതില്‍ കഞ്ഞി ഒഴിച്ചു കൊടുത്തിരുന്ന സമ്പ്രാദയത്തെക്കുറിച്ച് നൊസ്റ്റാള്‍ജിയയോടെ ഓര്‍ക്കുന്ന കൃഷ്ണ കുമാറിന്‍റെ വീഡിയോയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധുവിന്‍റെ യുട്യൂബ് പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് കൃഷ്ണകുമാറിന്‍റെ ജാതീയത തുറന്നുകാട്ടുന്ന പരാമര്‍ശമുള്ളത്. ''ഞങ്ങള്‍ തൃപ്പൂണിത്തറയില്‍ താമസിക്കുന്ന കാലത്ത് പറമ്പ് ഒക്കെ വൃത്തിയാക്കാന്‍ ആളുകള്‍ വരും. അവര്‍ രാവിലെ വരുമ്പോള്‍ ഒരു കട്ടന്‍ ചായ കുടിച്ചിട്ടായിരിക്കും വരുന്നത്. ഒരു പതിനൊന്ന് മണിയാകുമ്പോള്‍ മണിയാകുമ്പോള്‍ ഇവര്‍ക്ക് പഴഞ്ചോറ് മതി. അന്ന് അമ്മ കുറച്ച് പഴഞ്ചോറും കറികളും എടുത്ത് വച്ചിരിക്കും. പണി എടുത്ത പറമ്പില്‍ തന്നെ ചെറിയ കുഴി എടുത്ത് അതില്‍ വട്ടയില വയ്ക്കും. അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും. ചേമ്പില വിളിച്ച വിരിച്ച കുഴിയില്‍ നിന്ന് പണിക്കാര്‍ പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരും''. കൊച്ചി മാരിയറ്റില്‍ താമസിക്കുമ്പോള്‍ പ്രഭാത ഭക്ഷണത്തിനായി പഴങ്കഞ്ഞി ഉണ്ടായിരുന്നു അതുകണ്ടപ്പോള്‍ ഉണ്ടായ ഓര്‍മ്മകളാണെന്നാണ് കൃഷ്ണ കുമാര്‍ വീഡിയോയില്‍ പറയുന്നത്.
അഞ്ചുമാസം മുന്‍പുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ബിഗ് ബോസ് താരം റിയാസ് സലിം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.''അസമത്വത്തെക്കുറിച്ച് ഇത്ര നൊസ്റ്റാള്‍ജിയ തോന്നുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ. ജാതീയതയിലേക്കുള്ള, പുറകിലേക്കുള്ള ആ ടൈം ട്രാവല്‍ ഷോ കാണാന്‍ എനിക്കല്‍പ്പം പോപ്‌കോണ്‍ തരൂ'' എന്നായിരുന്നു വീഡിയോ പങ്കുവച്ചു കൊണ്ട് റിയാസ് സലീം കുറിച്ചത്.പണ്ടത്തെ പോലെ വീട്ടു മുറ്റത്തു കുഴികുത്തി കഞ്ഞികൊടുക്കാൻ പറ്റാത്തത്തിന്റെ ഫ്രസ്ട്രേഷൻ ആവോളമുണ്ടെന്ന് വിമര്‍ശകര്‍ കുറിച്ചു.
അനുരാജ് ഗിരിജയുടെ കുറിപ്പ്
വീട്ടിൽ വന്നവർക്ക് പണ്ട് കുഴി കുത്തി ചോറ് കൊടുത്ത കഥ പറഞ്ഞു തരുന്ന കൃഷ്ണകുമാർ ഒരു വാക്കു കൊണ്ടോ നോട്ടം കൊണ്ടോ ശരീരഭാഷകൊണ്ടോ അയാളുടെ കുടുംബം ചെയ്ത മനുഷ്യത്വരഹിതമായ പ്രവർത്തിക്ക് മാപ്പ് ചോദിക്കുന്നില്ല. അയാളുടെ മസ്തിഷ്കത്തിനു ആ കഥയിൽ ഒരു ഭീകരമായ കുറ്റകൃത്യം വളരെ evident ആയി തന്നെ നിൽക്കുന്നു എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. അതുകൊണ്ടാണ് അയാൾക്ക് ആ കഥ ഒരു നൊസ്റ്റാൾജിയ ആകുന്നതും അയാൾ അതിനെ romanticize ചെയ്യുന്നതും. ഞാൻ പറയട്ടെ, കൃഷ്ണകുമാർ ഒരൊറ്റ ആളൊന്നുമല്ല. എനിക്കും നിങ്ങൾക്കുമിടയിൽ എത്രയോ കൃഷ്ണകുമാറുമാരുണ്ട്! ആ എല്ലാ എണ്ണത്തിനോടും ഒരുമിച്ചു പറഞ്ഞു കൊള്ളട്ടെ, നിന്റെയൊക്കെ ഭൂതകാലക്കുളിർ ഒരു വലിയ കുറ്റകൃത്യമല്ലാതെ മറ്റൊന്നുമായിരുന്നില്ല.
You either apologize or perish! Nothing more, nothing less!
Adjust Story Font
16