Quantcast

ഷാറൂഖ്​ ഖാനെ ബഹിഷ്​കരിക്കണമെന്ന് ബി.ജെ.പി നേതാവ്; 'വീ ലവ് ഷാറൂഖ് ഖാന്‍' ഹാഷ്ടാഗുമായി ആരാധകര്‍

താരത്തിന്‍റെ അഭിനയ മികവിനെ മാത്രമല്ല മനുഷ്യസ്നേഹത്തെയും പുകഴ്ത്തിയായിരുന്നു ആരാധകരുടെ ട്വീറ്റുകള്‍.

MediaOne Logo

Web Desk

  • Updated:

    2021-09-16 10:59:35.0

Published:

16 Sep 2021 10:56 AM GMT

ഷാറൂഖ്​ ഖാനെ ബഹിഷ്​കരിക്കണമെന്ന് ബി.ജെ.പി നേതാവ്; വീ ലവ് ഷാറൂഖ് ഖാന്‍ ഹാഷ്ടാഗുമായി ആരാധകര്‍
X

ബോളിവുഡ്​ സൂപ്പർ താരം ഷാറൂഖ്​ ഖാനെ ബഹിഷ്​കരിക്കാനുള്ള ഹാഷ്​ടാഗുമായി ഹരിയാനയിലെ ബി.ജെ.പി നേതാവ്. വർഗീയമായ കമന്‍റുകളും പരാമർശങ്ങളുമായി സംഘ്​ അനുകൂല പ്രൊഫൈലുകൾ ഇതിനൊപ്പം ചേര്‍ന്നപ്പോള്‍ പ്രത്യാക്രമണം കടുപ്പിച്ച് എസ്.ആര്‍.കെ ആരാധകരും രംഗത്തെത്തി. #BoycottShahRukhKhan എന്ന ഹാഷ്​ടാഗിനെതിരെ #WeLoveShahRukhKhan എന്ന ഹാഷ്​ടാഗാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ്.

ഹരിയാന ബി.ജെ.പിയുടെ സ്റ്റേറ്റ്​ ഇൻഫർമേഷൻ ടെക്​നോളജി ഡിപാർട്​​മെന്‍റ് ചുമതല വഹിക്കുന്ന അരുൺ യാദവാണ് ഷാറൂഖിനെ ബഹിഷ്​കരിക്കുക എന്ന ഹാഷ്ടാഗ് പ്രചിരിപ്പിച്ചത്. ഷാറൂഖ്​ ഖാൻ പാകിസ്​താനൊപ്പമാണെന്ന്​ ആരോപിച്ച അരുൺ യാദവ്​ ആമിർ ഖാനെയും സൽമാൻ ഖാനെയും ബഹിഷ്​കരിക്കണമെന്നും ട്വീറ്റ് ചെയ്തു. എന്നാൽ, ഷാറൂഖിനെ ബഹിഷ്​കരിക്കാനുള്ള ഹാഷ്​ടാഗിൽ താൻ പോസ്റ്റ്​ ചെയ്​ത ട്വീറ്റുകളൊക്കെ ഉച്ചയോടെ ഇയാള്‍ ഡിലീറ്റ് ചെയ്യുകയും മറ്റുള്ളവരുടെ വിദ്വേഷ ട്വീറ്റുകൾ റീട്വീറ്റ്​ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഷാറൂഖിന്‍റെ പുതിയ സിനിമയായ 'പത്താൻ' അടുത്ത മാസം റിലീസിനൊരുങ്ങവെയാണ്​ വിദ്വേഷ പരാമര്‍ശങ്ങളുമായി നടനെ ആക്രമിക്കാനുള്ള നീക്കം. 'എന്തിനാണ്​ ഇന്ത്യയിലെ പടത്തിന്​ പത്താൻ എന്ന്​ പേരിടുന്നത്​? ഷാറൂഖ്​​ വേണമെങ്കിൽ അഫ്​ഗാനിസ്​താനിൽ പോയി സിനിമ എടുത്തോ​ട്ടെ' എന്നായിരുന്നു ഒരു ട്വീറ്റിലെ പരാമര്‍ശം. 30000ലേറെ ട്വീറ്റുകളാണ് ഇങ്ങനെ ബഹിഷ്​കരണത്തെ അനുകൂലിച്ച്​ ​പ്രത്യക്ഷപ്പെട്ടത്.

താരം പാക്കിസ്ഥാൻ ക്രിക്കറ്റ് കളിക്കാരെ പിന്തുണയ്ക്കുന്നതോ ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നതോ ആയ ചിത്രങ്ങളും വാർത്തകളും പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റുകള്‍. ഇതോടെയാണ് 'ഞങ്ങൾ ഷാറൂഖിനെ സ്​നേഹിക്കുന്നു'എന്ന ഹാഷ്​ടാഗുമായി ആരാധകര്‍ അവതരിച്ചത്. മണിക്കൂറുകൾക്കകം ആ ഹാഷ്​ടാഗ്​ ട്രെൻഡിങ്ങാവുകയും ചെയ്തു. താരത്തിന്‍റെ അഭിനയ മികവിനെ മാത്രമല്ല മനുഷ്യസ്നേഹത്തെയും പുകഴ്ത്തിയായിരുന്നു ആരാധകരുടെ ട്വീറ്റുകള്‍.

TAGS :

Next Story