'ലഗ് ജാ ഗലെ...' പാട്ടു പാടി ലതാ മങ്കേഷ്‌ക്കറിന് വൈകാരിക ആദരാജ്ഞലിയുമായി സൽമാൻ ഖാൻ
'ഒരാളുമില്ല, ഒരാളുമുണ്ടാവുകയുമില്ല, ലതാജി... അങ്ങയെ പോലെ' എന്ന കുറിപ്പുമായി ഇൻസ്റ്റഗ്രാമിലാണ് താരം ലതാജിയുടെ പാട്ട് സ്വയം പാടി പങ്കുവെച്ചിരിക്കുന്നത്
അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറിന് അവരുടെ 'ലഗ് ജാ ഗലെ...' പാട്ട് പാടി വൈകാരിക ആദരാജ്ഞലിയുമായി ബോളിവുഡ് നടൻ സൽമാൻ ഖാൻ. അസുഖ ബാധിതയായി ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ആരാധകരുടെ പ്രിയ ലതാജി ഫെബ്രുവരി ആറിനാണ് അന്തരിച്ചത്. തുടർന്ന് ഇന്ത്യൻ സിനിമ രംഗത്തുള്ളവരെല്ലാം പലനിലയിൽ അവരെ അനുസ്മരിച്ചിരുന്നു. പലരും നേരിട്ട് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ വേറിട്ട ഒരു ആദരാജ്ഞലിയാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ നൽകിയത്. 'ഒരാളുമില്ല, ഒരാളുമുണ്ടാവുകയുമില്ല, ലതാജി... അങ്ങയെ പോലെ' എന്ന കുറിപ്പുമായി ഇൻസ്റ്റഗ്രാമിലാണ് താരം ലതാജിയുടെ പാട്ട് സ്വയം പാടി പങ്കുവെച്ചിരിക്കുന്നത്.
ലതാ മങ്കേഷ്‌കറിന് സംഗീതാർച്ചനയുമായി മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയെത്തിയിരുന്നു. ലത മങ്കേഷ്‌കർ ആലപിച്ച 'തേരി ആങ്കോം' എന്ന ഗാനത്തിന്റെ കവർ വേർഷനിലൂടെയാണ് ചിത്ര ആദരമർപ്പിച്ചിരുന്നത്. ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്. 1969ൽ പുറത്തിറങ്ങിയ 'ചിരാഗ്' എന്ന ചിത്രത്തിന് വേണ്ടി ലത മങ്കേഷ്‌കർ പാടിയതാണ് 'തേരി ആങ്കോം' എന്ന ഗാനം. മജ്രൂഹ് സുൽത്താൻപുരിയുടെ വരികൾക്ക് മദൻ മോഹനാണ് ഈണം നൽകിയത്.
കോവിഡ് ബാധിതയായി മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ലതാ മങ്കേഷകർ അന്തരിച്ചത്. കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി എട്ടിനാണ് ലത മങ്കേഷ്‌കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് മുക്തയായെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. 35ലേറെ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട് ലതാ മങ്കേഷ്‌കർ. ഭാരതരത്‌നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയത് മൂന്നുവട്ടമായിരുന്നു.
ലോകത്ത് ഏറ്റവുമധികം ഗാനങ്ങൾ ആലപിച്ച ഗായിക
ഏഴ് പതിറ്റാണ്ട് കാലം നിരവധി തലമുറകളെ അവർ തൻറെ മാസ്മര ശബ്ദത്തിലൂടെ ആനന്ദിപ്പിച്ചു. മധുബാല മുതൽ ദീപിക പദുകോൺ വരെയുള്ളവർക്ക് വേണ്ടി പാടിയ ലതാ മങ്കേഷ്‌കറാണ് ലോകത്ത് ഏറ്റവുമധികം ഗാനങ്ങൾ ആലപിച്ച ഗായിക. ഇന്ത്യൻ സിനിമയുടെ ബാല്യവും കൗമാരവും യൗവനവും- അതാണ് ലതാജിയുടെ ശബ്ദം. 1929ൽ മധ്യപ്രദേശിലെ ഇൻഡോറിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ലതാ മങ്കേഷ്‌കറിന്റെ ജനനം. അഭിനയത്തിലൂടെയാണ് ചലച്ചിത്ര പ്രവേശനം. 1942ൽ 13മത്തെ വയസിൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിലൂടെ പാടിത്തുടങ്ങി. തൊട്ടടുത്ത വർഷം ഇറങ്ങിയ ഗജാബാഹൂവിലെ മാതാ ഏക് സപൂത് കി ആണ് ആദ്യമിറങ്ങിയ ഗാനം. എന്നാൽ ലതാജിയിലെ ഗായികയെ അടയാളപ്പെടുത്തിയത് മജ്ബൂറിലെ ദിൽ മേരാ ദോഡായാണ്. മഹലിൽ മധുബാലക്ക് വേണ്ടി പാടിയ ആയേഗാ ആനേവാലയാണ് ഹിറ്റ് ചാർട്ടിൽ ആദ്യത്തേത്.
നേർത്ത ശബ്ദമെന്ന് പറഞ്ഞ് തിരസ്‌കരിച്ചവരുടെ മുന്നിൽ പ്രശസ്തിയുടെ പടവുകൾ ഒന്നൊന്നായി പാടിക്കയറുകയായിരുന്നു ലതാജി. നൗഷാദ്, രാമചന്ദ്ര, എസ് ഡി ബർമ്മൻ, മദൻ മോഹൻ, ശങ്കർ ജയ്കിഷൻ, ബോംബെ രവി, സലിൽ ചൗധരി, ആർ ഡി ബർമ്മൻ തുടങ്ങിയ സംഗീതശിൽപ്പികളുടെ ഈണങ്ങൾ ലതയുടെ ശബ്ദത്തിൽ അലിഞ്ഞുചേർന്നു. ആത്മാവിനെ ലയിപ്പിച്ച് ഏ മേരേ വതൻ കെ ലോഗോ, ലതാ പാടിയപ്പോൾ നെഹ്രു വരെ കണ്ണീരണിഞ്ഞു. ആ ശബ്ദം ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചൊഴുകി. നെല്ലിലൂടെ മലയാളത്തിലുമെത്തി. മുഹമ്മദ് റഫിക്കൊപ്പം പാടിയപ്പോൾ സംഗീതാസ്വാദകർക്ക് ലഭിച്ചത് ഭാവസാന്ദ്രമായ ഒരുപിടി ഹിറ്റുകൾ. 36 ഭാഷകളിലായി 50000ത്തിലധികം പാട്ടുകൾ പാടി ഗിന്നസിൽ ഇടംപിടിച്ചിട്ടുണ്ട് ലതാജി.
സംഗീത യാത്രയിൽ സംഗീതത്തിലുള്ള പല പുരസ്‌കാരങ്ങളും സ്വന്തമാക്കി. പദ്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്‌നം തുടങ്ങിയ ദേശീയ ബഹുമതികളും ദാദാ സാഹബ് ഫാൽക്കെ പുരസ്‌കാരവും തേടിയെത്തി. ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ പുരസ്‌കാരവും നേടി. 1999ൽ രാജ്യസഭാംഗമായി.
കദളീ കൺകദളി ചെങ്കദളീ പൂവേണോ.... മലയാളം നുകർന്ന ആ ഗാനമാധുര്യമെത്തിയത് നെല്ലിലൂടെ...
16 ഭാഷകളിലായി അയ്യായിരത്തിലധികം പാട്ടുകൾ പാടിയ വാനമ്പാടിയാണ് ലതാമങ്കേഷ്‌കർ. എന്നാൽ ആ ശബ്ദമാധുര്യം മലയാളത്തിന് സമ്മാനിച്ചത് ഒരു ഗാനം മാത്രമാണ്. 'കദളീ കൺകദളി ചെങ്കദളീ പൂവേണോ' എന്ന ഗാനം തലമുറകൾ പിന്നിട്ടിട്ടും സംഗീത ആസ്വാദകരുടെ മനം കവർന്നുകൊണ്ടേയിരിക്കുന്നതിന് പ്രധാന കാരണം ഗായികയുടെ ശബ്ദമാധുര്യം തന്നെയാണ്. 1974ൽ രാമുകാര്യാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നെല്ലിലായിരുന്നു ആ ഗാനം. സലീൽ ചൗധരിയുടെ സംഗീതത്തിൽ വയലാറിന്റെ ഗാനരചനയിൽ പിറന്ന സമാനതകളില്ലാത്ത പിന്നണിഗാനം ഇന്നും ആസ്വാദകരുടെ കാതുകളിൽ ഇമ്പം തീർക്കുന്നു. ചിത്രത്തിൽ ജയഭാരതി വേഷമിടുന്ന ആദിവാസി പെൺകുട്ടി പാടുന്ന ഗാനം എത്ര കേട്ടാലും മടുക്കാത്തതാണ്. പ്രണയവും നിഷ്‌കളങ്കതയും തുളുമ്പുന്ന ആലാപനം ഏറെ ഹൃദ്യമാണെങ്കിലും ഉച്ചാരണവൈകല്യത്തിന്റെ പേരിൽ വിമർശനവും ഉയർന്നിരുന്നു. അതുകൊണ്ടാവണം പിന്നീട് അവർ മലയാളം പാട്ട് പാടാൻ തയ്യാറാകാതിരുന്നത്. മലയാളം വഴങ്ങാത്തതിന്റെ പേരിൽ ചെമ്മീൻ സിനിമയിലെ 'കടലിനക്കരെ പോണോരെ' എന്ന ഗാനം അവർ പാടാൻ വിസമ്മതിച്ചിരുന്നു. സലിം ചൗധരി തന്നെയായിരുന്നു അന്നതിന്റെ സംഗീത സംവിധാനം നിർവഹിച്ചിരുന്നത്. അന്നവർ ആ പാട്ട് പാടാൻ വിസമ്മതിച്ചെങ്കിലും സലിം ചൗധരിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് നെല്ലിൽ പാടാനായി സമ്മതിക്കുന്നത്. ഒരൊറ്റ ഗാനമോ മലയാളത്തിൽ പാടിട്ടൊള്ളുവെങ്കിലും സംഗീതാസ്വാദകർക്ക് ഭാഷയൊന്നും ഒരു വിഷയമേ ആയിരുന്നില്ല. അവർ പാടിയ എല്ലാ പാട്ടുകളും മലയാളിക്ക് അത്രമേൽ ഹൃദയത്തിൽ പതിഞ്ഞവയാണ്.
Bollywood actor Salman Khan sings 'Lag Ja Gale ...' to the late nightingale of india Lata Mangeshkar
Adjust Story Font
16