Quantcast

'ബോളിവുഡല്ല; ഇത് ഉറുദുവുഡ്'; ഫലസ്തീനു വേണ്ടി ശബ്ദിച്ച താരങ്ങൾക്കെതിരെ ബഹിഷ്‌കരണ കാംപയിൻ

കരീന കപൂർ, പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത്, ആലിയ ഭട്ട്, വരുൺ ധവാൻ, രഷ്മിക മന്ഥാന, സമാന്ത, രാധിക ആപ്തെ ഉൾപ്പെടെ വലിയൊരു താരനിര തന്നെ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-05-29 12:04:00.0

Published:

29 May 2024 12:02 PM GMT

ബോളിവുഡല്ല; ഇത് ഉറുദുവുഡ്; ഫലസ്തീനു വേണ്ടി ശബ്ദിച്ച താരങ്ങൾക്കെതിരെ ബഹിഷ്‌കരണ കാംപയിൻ
X

മുംബൈ: റഫയിലെ ഇസ്രായേൽ ആക്രമണത്തിൽ അന്താരാഷ്ട്ര പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ത്യയിലും അതിന്റെ അലയൊലികൾ ഉയർന്നിരിക്കുകയാണ്. ദുൽഖർ സൽമാന്റെ ഒരു ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ തുടങ്ങിയ പ്രതിഷേധം ഇപ്പോൾ ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ എത്തിനിൽക്കുകയാണ്. ഇതാദ്യമായാണ് ഇന്ത്യയിലെ സിനിമാ ലോകം ഫലസ്തീൻ വിഷയത്തിൽ ഒറ്റക്കെട്ടായി ശബ്ദമുയർത്തുന്നത്. കരീന കപൂർ, പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത്, ആലിയ ഭട്ട്, വരുൺ ധവാൻ, രഷ്മിക മന്ഥാന, സമാന്ത ഉൾപ്പെടെ വലിയൊരു താരനിര തന്നെ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എത്തിയിട്ടുണ്ട്.

അതിനിടെ, താരങ്ങൾക്കെതിരെ സംഘ്പരിവാർ അനുകൂല ഹാൻഡിലുകളിൽ പ്രതിഷേധവും ശക്തമാകുകയാണ്. ഇത് ബോളിവുഡല്ല, ഉറുദുവുഡാണെന്നു പറഞ്ഞാണ് താരങ്ങൾക്കെതിരെ കാംപയിൻ നടക്കുന്നത്. 'ഉറുദുവുഡിനെ അങ്ങനെ അവഗണിച്ചുകൂടാ.. മറുപടി പറയാനുള്ള ഉത്തരവാദിത്തം അവർക്കുണ്ട്. ഈ ഇക്കോസിസ്റ്റം ഉപയോഗിച്ച് നിഷ്‌കളങ്ക മനസുകളെ സ്വാധീനിക്കുന്ന കമ്മ്യൂണിസ്റ്റുകളെയും മുജാഹിദുകളെയും തുടച്ചുനീക്കണം. ഇവർ ഇസ്‌ലാമിക-ഹിന്ദു വിരുദ്ധ അജണ്ടയുമായി പ്രവർത്തിക്കുന്നവരാണ്'-ഇങ്ങനെയാണ് ഒരു യൂസർ ആരോപിക്കുന്നത്.

ബഹിഷ്‌ക്കരണ ആഹ്വാനവുമായി ബോയ്‌കോട്ട് ബോളിവുഡ് എന്ന ഹാഷ്ടാഗും എക്‌സിൽ ഇപ്പോൾ ട്രെൻഡാണ്. ഇന്ത്യക്കാരുടെ കാര്യത്തിൽ കണ്ണും കാതും ശബ്ദവുമില്ലാത്തവരാണിവരെന്നും ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് ഇന്ത്യക്കാർക്കെതിരെ പ്രവർത്തിക്കുകയാണെന്നുമെല്ലാം താരങ്ങളുടെ ചിത്രങ്ങൾ ചേർത്ത് ആരോപിക്കുന്നുണ്ട് ചിലർ.

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയുടെ ഭാര്യ ഋതിക, ബോളിവുഡ് താരം നുഷ്‌റത് ബറൂച്ച എന്നിവർക്കെതിരെ പ്രത്യാകമായും സൈബർ ആക്രമണം നടക്കുന്നുണ്ട്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തെ തുടർന്ന് ഇസ്രായേലിൽ കുടുങ്ങിയ കാര്യം ചൂണ്ടിക്കാട്ടിയാണ് ബറൂച്ചയ്‌ക്കെതിരായ ആക്രമണം. ഹൈഫ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കായി ഇസ്രായേലിൽ എത്തിയതായിരുന്നു ആക്രമണ സമയത്ത് നുഷ്‌റത്ത് ബറൂച്ച. ഈ സമയത്ത് നടി ഇസ്രായേലിൽ കുടുങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം അവർ മുംബൈയിൽ സുരക്ഷിതയായി തിരിച്ചെത്തുകയും ചെയ്തിരുന്നു. നാട്ടിൽ സുരക്ഷിതമായി മടങ്ങിയെത്താൻ സഹായിച്ചതിനു കേന്ദ്ര സർക്കാരിനും ഇസ്രായേൽ ഭരണകൂടത്തിനും നന്ദി പറയുകയും ചെയ്തിരുന്നു അവർ. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ നരഹത്യയ്‌ക്കെതിരെ പ്രതികരിച്ച നടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്. കടുത്ത വിമർശനത്തെ തുടർന്ന് രോഹിതിന്റെ ഭാര്യ ഋതിക പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു.

ഇ.ഡി അറസ്റ്റ് ചെയ്ത യൂട്യൂബറും റിയാലിറ്റി ഷോ താരവുമായ എൽവിഷ് യാദവും താരങ്ങൾക്കെതിരായ കാംപിയിനൊപ്പം ചേർന്നു. എല്ലാ കണ്ണും റഫയിൽ എന്ന തലവാചകത്തോടെ താരങ്ങൾ പങ്കുവച്ച കാംപയിൻ പോസ്റ്റർ എഡിറ്റ് ചെയ്ത് എല്ലാ കണ്ണും പാകിസ്താൻ നിയന്ത്രണത്തിലാക്കിയ കശ്മീരിൽ എന്നാക്കിയായിരുന്നു എൽവിഷിന്റെ പ്രതികരണം. ബാറുകളിലും ഡി.ജെ പാർട്ടികളും പാമ്പുവിഷം എത്തിച്ചെന്ന കേസിലായിരുന്നു എൽവിഷ് നേരത്തെ അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി നടപടിയും നേരിടുന്നുണ്ട്.

ഇസ്രായേൽ നരഹത്യ തുടരുന്നതിനിടെയായിരുന്നു ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ദുൽഖർ സൽമാന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. റഫായിലെ ഇസ്രായേൽ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ ഐക്യദാർഢ്യം. എല്ലാ കണ്ണും റഫയിലാണെന്ന തലവാചകത്തോടെ ഇൻസ്റ്റഗ്രാം സ്റ്റോറി കാംപയിനിൽ പങ്കുചേരുകയായിരുന്നു ദുൽഖർ.

ദുൽഖറിനു പിന്നാലെ മലയാളത്തിലെ നിരവധി താരങ്ങളും ഇതേ കാംപയിനിനൊപ്പം ചേർന്നു. ഭാവന, ബേസിൽ ജോസഫ്, കീർത്തി സുരേഷ്, പാർവതി, നിഖില വിമൽ, ഷെയിൻ നിഗം, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, സുപ്രിയ മേനോൻ, റിമ കല്ലിങ്കൽ, നൈല ഉഷ, അന്ന ബെൻ, തൻവി റാം, രമ്യ നമ്പീശൻ, ഷറഫുദ്ദീൻ, അശ്വതി ശ്രീകാന്ത് തുടങ്ങിയവരെല്ലാം ഫലസ്തീൻ അനുകൂല കാംപയിനിന്റെ ഭാഗമായി.

ബോളിവുഡ് താരങ്ങൾ കൂടി കാംപയിൻ ഏറ്റുപിടിച്ചതോടെ ഇസ്രായേലിന്റെ റഫ ആക്രമണം കൂടുതൽ ചർച്ചയായി. പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത്, ആലിയ ഭട്ട്, കരീന കപൂർ, വരുൺ ധവാൻ, സ്വര ഭാസ്‌കർ, സോനം കപൂർ, റിച്ച ഛദ്ദ, ദിയ മിർസ, ഫാത്തിമ സന ശൈഖ്, സെലീന ജെയ്റ്റ്‌ലി, കുനാൽ താക്കൂർ, നോറ ഫത്തേഹി, രാധിക ആപ്തെ.. ഇങ്ങനെ പോകുന്നു ഫലസ്തീന് ഐക്യദാർഢ്യവുമായെത്തിയ ബോളിവുഡിലെ താരനിര. തെന്നിന്ത്യയിൽനിന്ന് തൃഷ, സമാന്ത, രഷ്മിക മന്ഥാന ഉൾപ്പെടെയുള്ളവരും ശബ്ദമുയർത്തി.

റിച്ച ഛദ്ദ വിശദമായി തന്നെ ഇസ്രായേൽ വംശഹത്യയ്‌ക്കെതിരെ ശബ്ദമുയർത്തി. ഗസ്സ ജനതയെ പട്ടിണിക്കിട്ടാണ് ഇസ്രായേൽ അധിനിവേശ വംശഹത്യ നടത്തുന്നതെന്നായിരുന്നു അവർ വിമർശിച്ചത്. കുട്ടികളെയും സ്ത്രീകളെയും ഗർഭിണികളെയും നിരപരാധികളെയും മാധ്യമപ്രവർത്തകരെയും ആരോഗ്യ പ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയുമെല്ലാം ആക്രമണത്തിൽ കൊന്നൊടുക്കിയിട്ടുണ്ടെന്നും അവർ സൂചിപ്പിച്ചു. വംശഹത്യയല്ലാതെ ഇതിനു മറ്റൊരു പേരില്ലെന്നും അവർ പറഞ്ഞു.

കത്തിക്കരിയുകയും തലയറുക്കപ്പെടുകയും ചെയ്ത കുട്ടികളുടെ ചിത്രങ്ങൾ പങ്കുവച്ച് വിശദമായ കുറിപ്പ് തന്നെ പോസ്റ്റ് ചെയ്തു സെലീന ജെയ്റ്റ്‌ലി. ഗൗഹർ ഖാൻ റഫ ആക്രമണത്തിൽ നിരവധി പോസ്റ്റുകളാണിട്ടത്. ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പ്രാർഥനകളുമായായിരുന്നു പോസ്റ്റ്.

കഴിഞ്ഞ 26നു രാത്രിയായിരുന്നു റഫായിലെ ഒരു അഭയാർഥി ക്യാംപ് ഇസ്രായേൽ ബോംബിട്ട് കത്തിച്ചാമ്പലാക്കിയത്. സംഭവത്തിൽ അൻപതോളം പേരാണു വെന്തുമരിച്ചത്. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമായിരുന്നു. ഗർഭിണികളും കൂട്ടത്തിലുണ്ടായിരുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. റഫായിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഉത്തരവ് അവഗണിച്ചായിരുന്നു ഇസ്രായേൽ അതിക്രമം.

റഫായിലെ സുരക്ഷിത മേഖലയായി കണക്കാക്കപ്പെടുന്ന തൽ അൽസുൽത്താനിൽ ഞായറാഴ്ച രാത്രി 8.45നായിരുന്നു ഇസ്രായേൽ വ്യോമാക്രമണം നടന്നത്. ഒരു അഭയാർഥി ക്യാംപ് അപ്പാടെയാണ് ബോംബിട്ട് ചാമ്പലാക്കിയത്. 45 പേർ ആക്രമണത്തിൽ വെന്തുമരിക്കുകയും 249ഓളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്.

ഗസ്സയുടെ വിവിധ ഭാഗങ്ങളിൽനിന്നു പലായനം ചെയ്തവരാണ് തൽ അൽസുൽത്താനിൽ ടെന്റ് കെട്ടി താമസിക്കുന്നത്. ഇവർക്കുമേലാണിപ്പോൾ ഇസ്രായേൽ 907 കി.ഗ്രാം ഭാരമുള്ള ബോംബുകൾ വർഷിച്ചതെന്ന് ഗസ്സ മീഡിയ ഓഫിസ് പറഞ്ഞു. മേഖലയിൽ യു.എൻ അംഗീകാരമുള്ള അഭയാർഥി ക്യാംപുകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടക്കുന്ന പത്താമത്തെ ആക്രമണമാണിത്. ഒരു ദിവസത്തിനകം 190 പേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അഭയാർഥി ക്യാംപിലെ ആക്രമണത്തിൽ നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടതായി ഇസ്രായേൽ സൈന്യവും സമ്മതിച്ചിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇതിനാൽ കൂടുതൽ വിവരം ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞൊഴിയുകയായിരുന്നു ഇസ്രായേൽ സർക്കാർ വക്താവ് ആവി ഹൈമൻ.

Summary: Boycott campaign against Bollywood after wider solidarity the celebrities for Palestine from after Israel's attack on Rafah

TAGS :

Next Story