ബോളിവുഡ് സിനിമകൾ കാണുന്നത് കുറവ്; ഇപ്പോൾ കൂടുതലും കാണുന്നത് മലയാളം-അനുരാഗ് കശ്യപ്
സ്വന്തം അമ്മ ഉൾപ്പെടെ രണ്ട് വിവാഹ മോചനങ്ങളിലൂടെ കടന്നുപോയ ശേഷം ഇപ്പോൾ എന്തു തോന്നുന്നുവെന്ന മകളുടെ ചോദ്യങ്ങളോടും അനുരാഗ് പ്രതികരിച്ചു
അനുരാഗ് കശ്യപ്
മുംബൈ: മലയാള സിനിമയെ പ്രകീർത്തിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ബോളിവുഡിനെക്കാളും ഇപ്പോൾ കൂടുതലും കാണുന്നത് മലയാള സിനിമകളാണ്. അത്രയും മികച്ച ചിത്രങ്ങളാണ് അവിടെനിന്നു വരുന്നതെന്നും അനുരാഗ് പറഞ്ഞു. ബോളിവുഡിലെ ബഹിഷ്‌ക്കരണ സംസ്‌കാരത്തെ താൻ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മകൾ ആലിയ കശ്യപിന്റെ 'യങ്, ഡമ്പ്, ആങ്ഷ്യസ്' എന്ന പോഡ്കാസ്റ്റ് ചാനലിൽ സംസാരിക്കുകയായിരുന്നു അനുരാഗ് കശ്യപ്. ഹിന്ദി സിനിമകൾ കാണുന്നത് ഇപ്പോൾ വളരെ കുറവാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. കൂടുതലും മലയാളം സിനിമകളാണു കാണുന്നത്. എന്ത് അനായാസമായാണ് അവർ ഓരോ സിനിമകളും എടുക്കുന്നത്. മഞ്ഞുമ്മൽ ബോയ്‌സ്, ഭ്രമയുഗം ഒക്കെ ഉദാഹരണം. ഒ.ടി.ടിയിൽ എത്തിയിട്ടും ആവേശം ഇപ്പോഴും തിയറ്ററുകൾ ഓടുന്നുണ്ട്. കിടിലൻ ചിത്രങ്ങളാണ് അവിടെനിന്നു വരുന്നതെന്നും അനുരാഗ് പറഞ്ഞു.
ഒരു മലയാളം ചിത്രത്തിൽ ഞാനിപ്പോൾ അഭിനയിക്കുകയും ചെയ്തു. അതു പുറത്തുവരാനിരിക്കുകയാണ്. ഞാൻ അഭിനയിച്ച ഏഴോളം സിനിമകൾ വരാനിരിക്കുകയാണ്. അതോടെ അഭിനയവും നിർത്തിയിരിക്കുകയാണു ഞാൻ. ഷൂട്ടിങ് നടക്കേണ്ട സിനിമകൾ കിടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമാ രംഗത്തെ ബഹിഷ്‌ക്കരണ സംസ്‌കാരത്തെയും ആളുകളെ ആക്രമിച്ച് ഒറ്റപ്പെടുത്തുന്നതിനെയും താൻ പിന്തുണയ്ക്കുന്നില്ലെന്ന് അനുരാഗ് വ്യക്തമാക്കി. സംവിധായകൻ സന്ദീപ് വാംഗ റെഡ്ഡിയെയെയും 'അനിമൽ' ചിത്രത്തെയും പ്രകീർത്തിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആലിയയുടെ ചോദ്യം ഇങ്ങനെയായിരുന്നു: അയാളെയും അയാളുടെ ചിത്രത്തെയും പ്രമോട്ട് ചെയ്ത് നിങ്ങൾ പോസ്റ്റ് ചെയ്ത കുറിപ്പുകളാണ് എനിക്കും പലർക്കും പ്രശ്‌നമായത്. എനിക്ക് അത് ഒട്ടും രസിച്ചില്ല. ഞാൻ 'അനിമൽ' സിനിമ കണ്ട് ഉടനെ നിങ്ങളെ വിളിച്ചിരുന്നു. എന്തൊരു സ്ത്രീവിരുദ്ധ ചിത്രമാണതെന്നും വെറുത്തുപോയെന്നുമെല്ലാം ഞാനന്നു പറഞ്ഞിരുന്നതാണ്. നിങ്ങൾ അതെല്ലാം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരാഴ്ച കഴിഞ്ഞ് ഇൻസ്റ്റഗ്രാം തുറക്കുമ്പോൾ ഇതേ മനുഷ്യനെ എന്റെ അച്ഛൻ പ്രമോട്ട് ചെയ്യുന്നതാണ് കാണുന്നത്.
അനുരാഗിന്റെ മറുപടി ഇങ്ങനെയായിരുന്നു:
''സന്ദീപ് റെഡ്ഡിയെ നേരിൽകണ്ട് ഇഷ്ടപ്പെട്ടയാളാണ് ഞാൻ. അദ്ദേഹത്തിന്റെ സിനിമയെ കുറിച്ച് സംസാരിക്കാൻ ഒരിക്കൽ വീട്ടിലേക്കു ക്ഷണിക്കുകയും അദ്ദേഹം വരികയും ചെയ്തു. അഞ്ചു മണിക്കൂറോളം ഞങ്ങൾ സംസാരിച്ചിരിക്കുകയും ചെയ്തു. അയാളെ എനിക്ക് ഇഷ്ടപ്പെട്ടു.
ജനങ്ങളോട് സംസാരിക്കണമെന്ന വിശ്വാസക്കാരനാണ് ഞാൻ. നീ ഏഴോ എട്ടോ വയസ് പ്രായമുള്ള കാലത്ത് നിന്റെ അച്ഛനും ഇത്തരത്തിലുള്ള ബഹിഷ്‌ക്കരണം നേരിട്ടിരുന്നു. ഞാൻ തൊട്ടുകൂടാത്തവനായിരുന്നു. അയാൾ സ്ത്രീവിരുദ്ധനാണെന്നും അയാൾക്കൊപ്പം സിനിമ ചെയ്യരുതെന്നുമെല്ലാം ആളുകൾ പറഞ്ഞുനടന്നിരുന്നു. ഗ്യാങ്‌സ് ഓഫ് വാസിപൂർ ഇറങ്ങിയ സമയത്തും ഇതെല്ലാമുണ്ടായി. ആളുകൾ പലരെയും ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതു പലപ്പോഴും കണ്ടിട്ടുണ്ട്.
എന്നാൽ, അങ്ങനെയല്ല അതിനെ കൈകാര്യം ചെയ്യേണ്ടത്. സോഷ്യൽ മീഡിയയ്ക്കു മുൻപൊരു ബ്ലോഗ് കാലമുണ്ടായിരുന്നു. ഞാനുമൊരു ബ്ലോഗറായിരുന്നു. ബോളിവുഡ് മൊത്തം എന്റെ ശത്രുക്കളാണെന്ന നിലയ്ക്കാണ് അന്ന് ഞാൻ എഴുതിയിരുന്നത്. എല്ലാത്തിനോടും എനിക്കു കടുത്ത ദേഷ്യമായിരുന്നു. കരൺ ജോഹറിനെപ്പോലെ ഇൻഡസ്ട്രിയിലെ പലരെക്കുറിച്ചും ഞാൻ എഴുതിയിരുന്നു. ദബാങ് ഇറങ്ങിയ സമയത്ത് സൽമാൻ ഖാനുമായായിരുന്നു തല്ല്.''
കുറച്ചുകാലം കഴിഞ്ഞ് ആളുകൾ മാറിച്ചിന്തിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഒരിക്കലും കാൻസൽ കൾച്ചറിനെ(ബഹിഷ്‌ക്കരണ പരിപാടികളെ) പിന്തുണയ്ക്കുന്നില്ല. ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായൊക്കെ നമ്മൾ കാണുന്ന പകുതിയിലേറെ പേരും പബ്ലിസിറ്റിക്കാരാണ്. അവർ ഒരിക്കലും സത്യസന്ധരല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വന്തം അമ്മ ഉൾപ്പെടെ രണ്ട് വിവാഹ മോചനങ്ങളിലൂടെ കടന്നുപോയ ശേഷം ഇപ്പോൾ എന്തു തോന്നുന്നുവെന്ന മകളുടെ ചോദ്യങ്ങളോടും അനുരാഗ് പ്രതികരിച്ചു. വിവാഹബന്ധം കൊണ്ടുനടക്കാൻ പറ്റിയ ഒരാളല്ലെന്ന തിരിച്ചറിവാണ് എനിക്കിപ്പോൾ വന്നിരിക്കുകയാണെന്ന് അനുരാഗ് പറഞ്ഞു. എനിക്ക് അതിനു സാധിക്കില്ല. സിനിമയും ജോലിയുമാണ് എന്റെ ചിന്ത മുഴുവൻ. യൂറോപ്പിലൊക്കെ ആയിരുന്നെങ്കിൽ എനിക്ക് നല്ലൊരു ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമായിരുന്നുവെന്നു ചിന്തിക്കാറുണ്ട്. അവിടെ റോയൽറ്റി സംവിധാനമുണ്ട്. ഒരു സിനിമ ചെയ്താൽ പണം വന്നുകൊണ്ടിരിക്കും. യൂറോപ്പിലൊക്കെയാണ് ഞാൻ സിനിമ ചെയ്യുന്നതെങ്കിൽ ഇപ്പോൾ ഞാനാരാകുമെന്ന് എനിക്കു പറയാൻ പറ്റില്ല. അത്രയും പണമുണ്ടാക്കാമായിരുന്നു.
ഇവിടെ റോയൽറ്റി എന്നൊരു പരിപാടിയേയില്ല. എന്റെ സിനിമാരീതി വച്ച് ഇടയ്ക്കിടയ്ക്ക് സിനിമകൾ എടുത്തുകൊണ്ടിരിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. മറ്റു പലരെയും അപേക്ഷിച്ച് എന്റെ ചിത്രങ്ങളിൽനിന്നു ലഭിക്കുന്ന പണവും ബജറ്റുമെല്ലാം കുറവാണ്. അതുകൊണ്ട് നിരന്തരം പടം ചെയ്തു കൊണ്ടിരിക്കേണ്ട സ്ഥിതിയായിരുന്നു. വലിയ സിനിമയൊക്കെയാണു ചെയ്യുന്നതെങ്കിൽ ഒന്നു കഴിഞ്ഞാൽ ഒരു നാലു വർഷമൊക്കെ വെറുതെയിരിക്കാമായിരുന്നവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇനിയും വിവാഹം കഴിക്കുമോ, എനിക്ക് സഹോദരങ്ങൾ വേണമെന്നു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: ''ഇനിയൊന്നു ചെയ്യുമെന്നു കരുതുന്നില്ല. ഒരു കുട്ടിയെ ഉണ്ടാക്കാൻ കഴിയുന്ന അവസ്ഥയിലല്ല നിന്റെ അച്ഛൻ. അത്രയും പ്രായമായിട്ടുണ്ട്. വളരെ മോശം പിതാവായിരുന്നു ഞാനെന്നാണ് തോന്നുന്നത്. ഞാൻ നിന്റെ സുഹൃത്തായിരുന്നു. ഒരിക്കലും പിതാവാകാൻ കഴിഞ്ഞിട്ടില്ല. അമ്മ പക്ഷേ അമ്മയായി തന്നെയുണ്ടായിരുന്നു.''
കുറച്ചുവർഷം അമ്മ എനിക്ക് അച്ഛനുമായിരുന്നുവെന്നു പറഞ്ഞപ്പോൾ അവരൊരു മാന്ത്രിക മനുഷ്യനായിരുന്നുവെന്നു പ്രതികരിച്ചു അനുരാഗ്. അവരാന് നിന്നെ ഇങ്ങനെയാക്കിയതെന്നും കൂട്ടിച്ചേർത്തു.
Summary: Watching less Bollywood movies; Currently watching mostly Malayalam movies - Anurag Kashyap
Adjust Story Font
16