സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം; ബഹിഷ്കരണ ക്യാമ്പെയിന്‍
കയ്യില്‍ പണം വന്നപ്പോള്‍ വേരുകള്‍ മറന്നു, കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചു, കാപട്യം നിറഞ്ഞ മതേതരവാദി എന്നെല്ലാമാണ് ട്വീറ്റുകള്‍
കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്‍റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചോദിച്ച നടി സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം. സായ് പല്ലവിയുടെ സിനിമകള്‍ ബഹിഷ്കരിക്കണമെന്ന് സംഘപരിവാര്‍ അനുകൂലികള്‍ ട്വിറ്ററില്‍ ആഹ്വാനം ചെയ്തു. #BoyCottSaiPallavi എന്ന ഹാഷ് ടാഗിലാണ് വിദ്വേഷ പ്രചാരണം നടക്കുന്നത്.
കയ്യില്‍ പണം വന്നപ്പോള്‍ വേരുകള്‍ മറന്നു, കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചു, കാപട്യം നിറഞ്ഞ മതേതരത്വവാദി, ജിഹാദികളെ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല, ഇനി സായ് പല്ലവിയുടെ സിനിമകള്‍ കാണില്ല എന്നെല്ലാമാണ് ട്വീറ്റുകള്‍.
റാണ ദഗ്ഗുബട്ടി നായകനാകുന്ന വിരാടപര്‍വം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സായ് പല്ലവി ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തെ ചൊല്ലിയാണ് വിദ്വേഷപ്രചാരണം. കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചതും പശുവിന്‍റെ പേരില്‍ മുസ്‍ലിംകളെ കൊല്ലുന്നതും തമ്മില്‍ എന്താണ് വ്യത്യാസമെന്നാണ് സായ് പല്ലവി ചോദിച്ചത്. അക്രമം എന്നത് തെറ്റായ രൂപത്തിലുള്ള ആശയവിനിമയമാണ്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ സംരക്ഷിക്കപ്പെടണമെന്നും സായ് പല്ലവി പറഞ്ഞു.
"കശ്മീരി പണ്ഡിറ്റുകളെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നാണ് കശ്മീര്‍ ഫയല്‍സ് എന്ന സിനിമ കാണിച്ചത്. കുറച്ചു നാള്‍ മുന്‍പ് കോവിഡ് ലോക്ക്ഡൗൺ സമയത്ത് പശുക്കളെ കൊണ്ടുപോയ വണ്ടി ഓടിച്ച ഒരു മുസ്‍ലിമിനെ ജയ് ശ്രീറാം വിളിച്ചാണ് കൊലപ്പെടുത്തിയത്. മതത്തിന്‍റെ പേരിലുള്ള ആക്രമണങ്ങളാണ് ഇതെല്ലാം. ഇതു രണ്ടും തമ്മില്‍ എവിടെയാണ് വ്യത്യാസമുള്ളത്"- സായ് പല്ലവി ചോദിച്ചു.
"എന്നെ സംബന്ധിച്ച് അക്രമം എന്നത് തെറ്റായ രൂപത്തിലുള്ള ആശയവിനിമയമാണ്. എന്‍റേത് ഒരു നിഷ്പക്ഷ കുടുംബമാണ്. അവര്‍ എന്നെ ഒരു നല്ല മനുഷ്യനാകാനാണ് പഠിപ്പിച്ചത്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ സംരക്ഷിക്കപ്പെടണം. ആരാണ് ശരി, ആരാണ് തെറ്റ് എന്ന് എനിക്ക് അറിയില്ല. നിങ്ങള്‍ ഒരു നല്ല മനുഷ്യനാണെങ്കില്‍ ഒരു ഭാഗം മാത്രം ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നില്ല"- സായ് പല്ലവി പറഞ്ഞു.
അതേസമയം സായ് പല്ലവിയുടെ അഭിപ്രായത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. നിലപാട് തുറന്ന് പറയാന്‍ ധൈര്യം കാണിച്ചതിന് അഭിനന്ദനങ്ങള്‍ എന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്.
@Sai_Pallavi92 You & your family are very lucky bcoz you & your family have never had to bear the pain that Kashmiri Hindus have endured. & you are defending the mentality which considers people of other religions (Kafirs) as their enemies. (1/2)#BoyCottSaiPallavi #SaiPallavi pic.twitter.com/s4IZqr7Bpt
— DhotiRam jhule (@DhotiRamJhule) June 15, 2022
Adjust Story Font
16