Quantcast

മമ്മൂട്ടി തട്ടിക്കൊടുത്ത പന്തിൽ 'ആട്ടക്കള'ക്ക് തുടക്കം

13th ഫൌണ്ടേഷനും കെയർ ആൻഡ് ഷെയറും ചേർന്ന് ആട്ടക്കള’ എന്ന പദ്ധതി അവർക്ക് മുന്നിൽ തുറന്നുവയ്ക്കുന്നത് അവസരങ്ങളുടെ വാതിലുകളാണ്

MediaOne Logo

Web Desk

  • Published:

    31 May 2023 7:17 AM GMT

Mammootty
X

മമ്മൂട്ടി ആട്ടക്കള പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍

കൊച്ചി : പ്രിയതാരത്തെ ഒരു നോക്കു കാണാനും അൽപ സമയം അടുത്ത് ഇടപെഴകാനുമുള്ള ഗോത്ര വിഭാഗത്തിലെ അറുപതു കുട്ടികളുടെ ആഗ്രഹം ആണ് ഒറ്റയടിക്ക് മമ്മൂട്ടി സാഫല്യമാക്കിയത്. വയനാട്ടിലെ ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കാണ് അവരുടെ പ്രിയപ്പെട്ട താരത്തിനൊപ്പം അടിച്ചു പൊളിക്കാനുള്ള അവസരം ലഭിച്ചത്. ഗോത്രവർഗ സമൂഹത്തിൽ നിന്നും കൂടുതൽ ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുന്നതും അതുവഴി ആ സമൂഹത്തിലെ കുട്ടികൾ ലഹരി ഉപയോഗത്തിലേക്ക് തിരിയുന്നത് തടയുവാനും ലക്ഷ്യമിട്ട് ഇന്ത്യൻ കായിക രംഗത്തെ പ്രഗൽഭ മലയാളി യുവതാരങ്ങളും ചേർന്ന് ആരംഭിച്ച 13th ഫൗണ്ടേഷനും മമ്മൂട്ടിയുടെ കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൌണ്ടേഷനും ചേർന്ന് F13 അക്കാദമിയുടെ സഹായത്താൽ ആവിഷ്കരിച്ച ആട്ടക്കള പരിപാടിക്കാണ് ചൊവ്വാഴ്ച ഏലൂർ ഗ്രൗണ്ടിൽ തുടക്കമായത്. കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ അവരെ ഫുട്ബോൾ കളിയിലേക്ക് തിരിച്ചുവിടുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ സി.കെ.വിനീത്, റിനോ ആന്‍റോ, മുഹമ്മദ്‌ റാഫി, അനസ് എടത്തൊടിക തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്ന 13 th ഫൗണ്ടേഷനിലൂടെ ആണ് ആദിവാസി കുട്ടികളിലെ ഫുട്ബോൾ പരിശീലനം സാധ്യമാക്കുന്നത്. ഫൗണ്ടേഷന്റെ ഉദ്ഘാടനവും കുട്ടികൾക്കായുള്ള ഫുട്ബോൾ പരിശീലനത്തിന്റെ ഔദ്യോഗിക തുടക്കവും മമ്മൂട്ടി നിർവഹിച്ചു. വിനീഷ്, സതീഷ്, ചിഞ്ജിത് എന്നിവർ താരരാജാവിൽ നിന്ന് ഫുട്ബോൾ ഏറ്റുവാങ്ങി. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പി. രാജ്കുമാർ പരിപാടിയിൽ പങ്കെടുത്തു. മമ്മൂട്ടിയുടെ തന്നെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്‍റര്‍നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ 13th ഫൗണ്ടേഷൻ ഡയറക്ടർ സി.കെ വിനീത്, F13 അക്കാദമി ഡയറക്ടർമാരായ റിനോ ആന്‍റോ, അനസ് എടത്തോടിക്ക, മുഹമ്മദ് റാഫി, എൻ. പി പ്രദീപ്, അരുൺ അരവിന്ദാക്ഷൻ എന്നിവരും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, റോബർട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി റിലേഷൻ ജനറൽ മാനേജർ ജോസ് പോൾ, ബാബു തൊട്ടുങ്ങൽ, മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി ഭാസ്‌ക്കർ എന്നിവരും സംബന്ധിച്ചു. കുട്ടികളോടൊപ്പം നിരവധി സമയം ചെലവഴിച്ച് തമാശകളും പൊട്ടിച്ചിരികളുമായി കുട്ടികളെ ആനന്ദഭരിതമാക്കാനും മെഗാസ്റ്റാർ മറന്നില്ല. തങ്ങൾ ആരാധിക്കുന്ന താരത്തെ അടുത്ത കിട്ടിയ സന്തോഷത്തിൽ കുട്ടികൾ മതി മറന്നു. ലഹരിക്കെതിരെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്‍റെ 'പൂർവികം', 'വഴികാട്ടി' പദ്ധതികളിൽ നിന്നും വ്യത്യസ്തവും പുതുമയാർന്നതുമായ ഒരു സംരംഭമാണ് 'ആട്ടക്കള' എന്നും ഉദ്ഘാടനത്തോടൊപ്പം മമ്മൂട്ടി പറഞ്ഞു.

ഏറെ കായിക ക്ഷമതയുള്ളവരാണ് ആദിവാസി വിഭാഗങ്ങളിലുള്ള കുട്ടികള്‍. എന്നാൽ മറ്റുള്ളവർക്കുള്ള സൗകര്യങ്ങളും അവസരങ്ങളും ഇന്നും അവർക്ക് അപ്രാപ്യമാണ്. 13th ഫൌണ്ടേഷനും കെയർ ആൻഡ് ഷെയറും ചേർന്ന് ആട്ടക്കള’ എന്ന പദ്ധതി അവർക്ക് മുന്നിൽ തുറന്നുവയ്ക്കുന്നത് അവസരങ്ങളുടെ വാതിലുകളാണ്. അന്താരാഷ്‌ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനം, മികച്ച കോച്ചു മാർക്ക് കീഴിൽ അത്യാധുനിക രീതികളിലുള്ള പരീശിലനം, വ്യക്തിത്വ വികസനം, പോഷകാഹാരത്തിന്‍റെ ലഭ്യത തുടങ്ങി ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് വേണ്ടതായ ഒട്ടേറെ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്... മമ്മൂട്ടി കൂട്ടിച്ചേർത്തു.

TAGS :

Next Story