പഠാന്‍ സിനിമയില്‍ ചില മാറ്റങ്ങള്‍ വേണം: സെന്‍സര്‍ ബോര്‍ഡ്
ഗാനങ്ങളിൽ ഉൾപ്പെടെ ചില മാറ്റങ്ങൾ വരുത്താനും പുതുക്കിയ പതിപ്പ് സമർപ്പിക്കാനും നിർമാതാക്കളോട് നിർദേശിച്ചെന്ന് സെൻസർ ബോർഡ് ചെയർപേഴ്‌സൺ പ്രസൂൺ ജോഷി
ഷാരൂഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പഠാന്‍ സിനിമയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡ്. ഗാനങ്ങളില്‍ ഉള്‍പ്പെടെ ചില മാറ്റങ്ങള്‍ വരുത്താനും പുതുക്കിയ പതിപ്പ് സമര്‍പ്പിക്കാനും നിര്‍മാതാക്കളോട് നിര്‍ദേശിച്ചെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ പ്രസൂണ്‍ ജോഷി പറഞ്ഞു.
"സെന്‍സര്‍ ബോര്‍ഡിന്‍റെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള പരിശോധനാ പ്രക്രിയയിലൂടെ പഠാൻ കടന്നുപോയി. നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തി പുതിയ പതിപ്പ് സമര്‍പ്പിക്കാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർഗാത്മകമായ ആവിഷ്കാരവും പ്രേക്ഷകരുടെ സംവേദനക്ഷമതയും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ കണ്ടെത്താൻ സെന്‍സര്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. അർത്ഥവത്തായ സംഭാഷണത്തിലൂടെ എല്ലായ്പ്പോഴും പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് വിശ്വാസം"- പ്രസൂണ്‍ ജോഷി വിശദീകരിച്ചു. എന്തെല്ലാം മാറ്റങ്ങളാണ് നിര്‍ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ ബിഗ് സ്ക്രീനിലെത്തുന്നത് പഠാനിലൂടെയാണ്. ചിത്രത്തിലെ ബെഷറം രംഗ് എന്ന ആദ്യ ഗാനം റിലീസ് ചെയ്തതോടെ തീവ്രഹിന്ദുത്വവാദികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിലൂടെ മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു ആരോപണം. ചിത്രം ബഹിഷ്കരിക്കണമെന്നും നിരോധിക്കണമെന്നും ആവശ്യം ഉയര്‍ന്നു. രാജ്യത്തെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ പരാതി എത്തുകയും ചെയ്തു.
ജനുവരി 25നാണ് പഠാന്‍ തിയേറ്ററുകളിലെത്തുക. റിലീസിന് മുൻപേ 100 കോടി ക്ലബ്ബിൽ സിനിമ ഇടം പിടിച്ചെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഒടിടി വിതരണാവകാശത്തിലൂടെയാണ് ഈ നേട്ടം. ആമസോൺ പ്രൈമാണ് പഠാന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയത്. 250 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. സിദ്ധാർത്ഥ് ആനന്ദാണ് സിനിമ സംവിധാനം ചെയ്തത്. തുടർപരാജയങ്ങൾ ഏറ്റുവാങ്ങുന്ന ബോളിവുഡിനെ പഠാന്‍ കരകയറ്റുമോ എന്നാണ് ഇനി അറിയാനുള്ളത്.
Summary- The Central Board of Film Certification (CBFC) has advised makers of Shah Rukh Khan and Deepika Padukone's upcoming film 'Pathaan' to implement certain changes in the film, including in its songs, and submit a revised version, chairperson Prasoon Joshi has said.
Adjust Story Font
16