Quantcast

പൊട്ടന്‍ എന്നു വിളിച്ചവരുണ്ട്, വട്ടാണോ എന്നു ചോദിച്ചവരുമുണ്ട്; ദാസേട്ടന്‍ കോഴിക്കോട്

സോഷ്യല്‍മീഡിയയില്‍ നെഗറ്റീവ് കമന്‍റുകള്‍ ഏറ്റവും കൂടുതല്‍ ലഭിച്ച ഒരാളായിരിക്കും ഞാന്

MediaOne Logo
പൊട്ടന്‍ എന്നു വിളിച്ചവരുണ്ട്, വട്ടാണോ എന്നു ചോദിച്ചവരുമുണ്ട്; ദാസേട്ടന്‍ കോഴിക്കോട്
X

'ചെലോര്ത് റെഡ്യാവും, ചെലോല്‍ത് റെഡ്യാവൂല'' ലോക്ഡൌണ്‍ കാലത്ത് യു ട്യൂബ് ചാനലുകളിലേക്കും മറ്റു വീഡിയോകളിലേക്കും ചേക്കേറിയവരുടെ അവസ്ഥ ഇതായിരുന്നു. എന്നാല്‍ കോഴിക്കോട് ഫറൂഖ് ഡിവിഷനിലെ അരീക്കാട് കെ.എസ്.ഇ. ബിയില്‍ സൂപ്രണ്ടായ ഷണ്‍മുഖദാസിന്‍റെ കാര്യത്തില്‍ ഒരു ഒന്നൊന്നര റെഡ്യാവലായിരുന്നു. ഷണ്‍മുഖദാസ് എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസിലായെന്നു വരില്ല. ദാസേട്ടന്‍ കോഴിക്കോട് എന്നു കേട്ടാല്‍ പരിചയമില്ലാത്ത ടിക്ടോക്കുകാരും റീല്‍സുകാരും കുറവായിരിക്കും. ഒരു തമാശക്ക് തുടങ്ങി ഇപ്പോള്‍ വീഡിയോകളിലൂടെ സോഷ്യല്‍മീഡിയയില്‍ പൊളിച്ചടുക്കിക്കൊണ്ടിരിക്കുകയാണ് ദാസേട്ടന്‍. ആദ്യകാലത്ത് വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും ഇപ്പോള്‍ ദാസേട്ടന്‍റെ പ്രകടനത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ.

ഷണ്‍മുഖദാസ് എങ്ങനെയാണ് ദാസേട്ടന്‍ കോഴിക്കോടായത്?

ഷണ്‍മുഖദാസ് എന്നാണ് എന്‍റെ യഥാര്‍ഥ പേര്. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ വീഡിയോകളുമായി സോഷ്യല്‍മീഡിയയിലേക്ക് മുന്നിലേക്ക് എത്തുന്നത്. ജോലി കഴിഞ്ഞു വീട്ടിലെത്തിയാല്‍ മക്കള്‍ക്ക് വേണ്ടിയാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. മക്കളുടെ സന്തോഷത്തിനു വേണ്ടിയാണ് പാട്ടുപാടാനും ഡാന്‍സ് കളിക്കാനുമൊക്കെ തുടങ്ങിയത്. അങ്ങനെ ആദ്യം ടിക്ക്ടോക്കിലൂടെയാണ് വീഡിയോ ചെയ്യാന്‍ തുടങ്ങിയത്. ആരെങ്കിലും കാണണം എന്നു വിചാരിച്ചല്ല ആദ്യമൊക്കെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ജസ്റ്റ് ഒരു എന്‍റര്‍ടെയ്ന്‍മെന്‍റ് എന്ന രീതിയിലായിരുന്നു. പിന്നെ എന്‍റെ ഡാന്‍സും വീഡിയോയും ആളുകള്‍ക്ക് ഇഷ്ടമായി തുടങ്ങി എന്ന് മനസിലായി. ഷണ്‍മുഖദാസ് എന്ന പേര് കുറച്ചു നീളമുള്ള പേരാണല്ലോ..അങ്ങനെയാണ് അതു ചുരുക്കി ദാസേട്ടന്‍ കോഴിക്കോട് ആക്കി മാറ്റിയത്. നാട്ടില്‍ എല്ലാവരും എന്നെ ദാസേട്ടന്‍ എന്നാണ് വിളിക്കുന്നത്. എന്നെക്കാള്‍ പ്രായമുള്ളവര്‍ക്കു പോലും ഞാന്‍ ദാസേട്ടനാണ്. പിന്നെ ആ പേരിലാണ് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയത്. പിന്നെ തീര്‍ച്ചയായും ആളുകള്‍ക്ക് അടുപ്പം തോന്നുന്നൊരു പേരാണ് ദാസേട്ടന്‍ കോഴിക്കോട്. ടിക്ടോക് നിരോധിച്ച സമയത്ത് എനിക്ക് 50k ഫോളോവേഴ്സ് ഉണ്ടായിരുന്നു.



ആദ്യകാലത്ത് കൂടുതലും നെഗറ്റീവ് കമന്‍റുകളായിരുന്നല്ലോ? കമന്‍റുകള്‍ കുറച്ചു ക്രൂരമായിരുന്നില്ലേ?

സോഷ്യല്‍മീഡിയയില്‍ നെഗറ്റീവ് കമന്‍റുകള്‍ ഏറ്റവും കൂടുതല്‍ ലഭിച്ച ഒരാളായിരിക്കും. എന്‍റെ ഡാന്‍സും പാട്ടും കണ്ട് തനിക്ക് വട്ടാണോ, തനിക്ക് വേറെ പണിക്ക് പോയ്ക്കൂടെ, താനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലേ..ആ സ്റ്റാന്‍ഡേര്‍ഡ് കീപ്പ് ചെയ്തുകൂടെ...അങ്ങനെ പല തരത്തിലുള്ള കമന്‍റുകള്‍. ഇതിലും മോശമായ കമന്‍റുകളും കണ്ടിട്ടുണ്ട്. പക്ഷെ ഇതിനൊന്നും മറുപടി കൊടുക്കുന്ന സ്വഭാവക്കാരനായിരുന്നില്ല ഞാന്‍. എന്നെ എടാ എന്നു വിളിക്കുന്നവരെ കൊണ്ട് ചേട്ടാ എന്നു വിളിപ്പിക്കാനാണ് എനിക്കിഷ്ടം. ഇങ്ങനെ മറുപടി കൊടുക്കാത്തതുകൊണ്ടായിരിക്കാം പിന്നെ പതിയെ പതിയെ എന്നെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതെന്ന് തോന്നുന്നു.

ലോക്ഡൌണ്‍കാലമെന്നു പറഞ്ഞാല്‍ തന്നെ ഫുള്‍ നെഗറ്റീവ്. ആ സമയത്തെ നെഗറ്റീവ് കമന്‍റുകളെ എങ്ങനെയാണ് പോസിറ്റിവായി കാണാന്‍ സാധിച്ചത്?

ലോക്ഡൌണ്‍ കാലത്താണ് സോഷ്യല്‍മീഡിയയില്‍ വീഡിയോകള്‍ കൂടുതലായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. എനിക്കും സോഷ്യല്‍മീഡിയയില്‍ റീച്ച് കിട്ടാന്‍ കാരണം ലോക്ഡൌണാണ്. ആ സമയത്ത് ഞാനും വീട്ടില്‍ തന്നെയായിരുന്നു. അപ്പോള്‍ പരമാവധി വീഡിയോകള്‍ ചെയ്തിരുന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ചെയ്ത വീഡിയോകളായിരുന്നു അവ. സിനിമയൊന്നുമില്ലാതിരുന്ന ആ സമയത്ത് നമ്മുടെ വീഡിയോകള്‍ ആളുകള്‍ കാണാന്‍ തുടങ്ങി. അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. നെഗറ്റീവ് കമന്‍റുകള്‍ കണ്ട് വിഷമം തോന്നിയിട്ടുണ്ട്. പക്ഷെ അവ സീരിയസായി എടുക്കാറില്ല. പിന്നെ കുടുംബവും നാട്ടുകാരും കെ.എസ്.ഇ.ബിയിലെ സഹപ്രവര്‍ത്തകരും നല്‍കുന്ന പിന്തുണ വലുതാണ്. അടുത്ത വീഡിയോ എപ്പഴാ ദാസേട്ടാ എന്നാണ് എല്ലാവരും കാണുമ്പോള്‍ ചോദിക്കുന്നത്.




കല്ലെറിയലുകള്‍ കയ്യടികള്‍ക്ക് വഴിമാറിയപ്പോള്‍ എന്തുതോന്നുന്നു?

ടിക് ടോക് നിരോധിച്ചപ്പോള്‍ റീല്‍സിലാണ് വീഡിയോ ചെയ്തത്. തുടക്ക കാലത്ത് റീല്‍സിലും നെഗറ്റീവ് കമന്‍റുകളാണ് ലഭിച്ചത്. 50 k ഫോളോവേഴ്സ് ഉണ്ടായിരുന്ന സമയത്താണ് അത്. ഇപ്പോള്‍ എനിക്ക് 500k ഫോളോവേഴ്സ് ഉണ്ട്. പാട്ടും ഡാന്‍സും വിട്ടു ഡയലോഗുകള്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. കലിപ്പന്‍ ഡയലോഗുകളൊക്കെ ആളുകള്‍ ഇഷ്ടപ്പെട്ടു തുടങ്ങി. എന്‍റെ കുറെ സുഹൃത്തുക്കളാണ് ഇതിന് സഹായിച്ചത്. ദാസേട്ടാ ഇങ്ങനെ ചെയ്താല്‍ നന്നാകും, അങ്ങനെ ചെയ്താല്‍ മതി. ..അങ്ങനെ അവരുടെ നിര്‍ദേശങ്ങളനുസരിച്ചാണ് പിന്നീട് വീഡിയോ ചെയ്തത്. എറണാകുളത്തും കോഴിക്കോടുമുള്ള സുഹൃത്തുക്കള്‍ നിര്‍ദേശങ്ങള്‍ തന്നിട്ടുണ്ട്. അങ്ങനെ രണ്ടു മൂന്നു വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയതോടെ ഇയാള്‍ക്ക് പാട്ടും ഡാന്‍സും കോപ്രായങ്ങളം മാത്രമല്ല, നല്ല വീഡിയോയും ചെയ്യാന്‍ സാധിക്കുമെന്ന് ആളുകള്‍ക്ക് മനസിലായി. പക്ഷെ ഇപ്പോഴും ഡാന്‍സൊന്നും ഒഴിവാക്കിയിട്ടില്ല. ഡാന്‍സ് പഠിച്ച ആളൊന്നുമല്ല ഞാന്‍. എന്നാലും എന്‍റെ സ്വതസിദ്ധമായ രീതിയില്‍ ഡാന്‍സ് ചെയ്യുന്നു.

എങ്ങനെയാണ് വീഡിയോകള്‍ തെരഞ്ഞെടുക്കുന്നത്? ഷൂട്ട് ചെയ്യുന്നത്?

ആദ്യകാലത്ത് മൊബൈലില്‍ ഭാര്യയെ കൊണ്ടായിരുന്നു വീഡിയോ ഷൂട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ എന്‍റെ കൂടെ ഒരു ടീമുണ്ട്. ക്യാമറ, വീഡിയോ, എഡിറ്റിങ് തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ സഹായിക്കും. ഞാനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. മുന്‍പ് ശനിയാഴ്ചയും ഞായറാഴ്ചയുമാണ് വീഡിയോ ഷൂട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ ശനിയാഴ്ച കൂടി ജോലി ഉള്ളതുകൊണ്ട് ഞായറാഴ്ചകളില്‍ മാത്രമായി ഷൂട്ടിംഗ്. ഈ വീഡിയോകള്‍ ഷൂട്ട് ചെയ്യണം എന്ന് മുന്‍പേ പ്ലാനിംഗ് നടത്തി വീഡിയോഗ്രാഫര്‍മാരെ സെറ്റ് ചെയ്തതിന് ശേഷമാണ് ഷൂട്ടിലേക്ക് കടക്കുന്നത്. ഡയലോഗുകള്‍ നന്നായി പഠിച്ച ശേഷമാണ് ചിത്രീകരണം. കഷ്ടപ്പെട്ടതിന് ഫലമുണ്ടായി എന്നാണ് വീഡിയോകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്. റിസ്ക് എടുത്ത് എന്തുചെയ്താലും തീര്‍ച്ചയായും നമുക്ക് അതിനുള്ള പ്രതിഫലം ലഭിക്കും. ഇപ്പോള്‍ യു ട്യൂബിലും ദാസേട്ടന്‍ കോഴിക്കോട് എന്ന പേരില്‍ സജീവമായുണ്ട്. ടെലിഫിലിമുകളും ഇടക്ക് ചെയ്യാറുണ്ട്. കൂടുതലും കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായിരിക്കും ഷൂട്ടിംഗ്. ജില്ലക്ക് പുറത്തും ഷൂട്ടിംഗിന് പോകാറുണ്ട്.




ഇതുവരെ ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഏതാണ്?

തുടക്കകാലത്ത് എനിക്ക് ബ്രേക്ക് തന്നത് മമ്മൂക്കയുടെ ബിഗ് ബിയിലെ ഡയലോഗായിരുന്നു. അതൊരിക്കലും എനിക്ക് മറക്കാനാവില്ല. അയ്യപ്പനും കോശിയിലെ ഡയലോഗ്, വാത്സല്യം സിനിമയിലെ മേലേടത്ത് രാഘവന്‍നായരുടെ സെന്‍റിമെന്‍റല്‍ ഡയലോഗ്, ജയസൂര്യയുടെ വരാല്‍ ജെയ്സണ്‍ ഇവയെല്ലാം..അഭിനന്ദനങ്ങള്‍ നേടിത്തന്ന വീഡിയോകളാണ്. എനിക്ക് ആത്മവിശ്വാസം നല്‍കിയ വീഡിയോകളാണ് ഇവയൊക്കെ. അഭിനയിക്കാന്‍ ഇഷ്ടമുള്ളയാളാണ്. അവസരങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കും. സിനിമയില്‍ നിന്നും ഓഫറൊക്കെ വരുന്നുണ്ട്. ഒന്നും പുറത്തുപറയാറായിട്ടില്ല. ചില ചാനല്‍ പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ ശ്വേത മേനാനെ പോലുള്ള നടിമാര്‍ എന്‍റെ വീഡിയോ കാണാറുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതുകേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. വീഡിയോ നന്നായിട്ടുണ്ടെന്ന് പറഞ്ഞ് പലരും മെസേജുകളൊക്കെ അയക്കാറുണ്ട്.

താങ്കളെപ്പോലെ വിമര്‍ശനങ്ങളേറ്റു വാങ്ങിയ വ്യക്തിയായിരുന്നല്ലോ പാലാ സജി?

പാലാ സജിയേട്ടനെ ഞാന്‍ കണ്ടിട്ടില്ല. ബോംബെ മലയാളിയാണ് അദ്ദേഹം. ഓണക്കാലത്താണ് അദ്ദേഹം നാട്ടിലെത്തിയത്. ജനുവരിയില്‍ പാലായില്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. ആ സമയത്ത് തീര്‍ച്ചയായും ഞാനദ്ദേഹത്തെ പോയിക്കാണും. കണ്ടിട്ടില്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറുണ്ട്. ടിക് ടോക്ക് മുതലേ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുള്ള ആളാണ് സജിയേട്ടന്‍.

കുടുംബം

ഭാര്യ ദിവ്യ അധ്യാപികയാണ്. മൂത്തമകന്‍ അഭിഷേക് ദാസ് എട്ടാം ക്ലാസില്‍ പഠിക്കുന്നു. രണ്ടാമത്തെ കുട്ടി അനൂജ് ദാസ്. മകള്‍ അമേയ ദാസ്. മകള്‍ അമേയയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് വീഡിയോകള്‍ ചെയ്തു തുടങ്ങിയത്.





TAGS :

Next Story