Quantcast

വില്ലന്‍റെ നായികയ്ക്ക് ഇത്രയേറെ സ്വീകാര്യത കിട്ടുന്നത് ആദ്യമായിരിക്കും; ഷെല്ലി എന്‍.കുമാര്‍

ഷിബുവിനെയും ഉഷയെയും ഇത്രയേറെ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് കരുതിയില്ല. ഇത്ര ഡെപ്ത് ഉണ്ടാകുമെന്നോ, ഇത്ര പോസിറ്റിവിറ്റി ഉണ്ടാകുമെന്നോ ഒരിക്കലും വിചാരിച്ചിരുന്നില്ല

MediaOne Logo
വില്ലന്‍റെ നായികയ്ക്ക് ഇത്രയേറെ സ്വീകാര്യത കിട്ടുന്നത് ആദ്യമായിരിക്കും; ഷെല്ലി എന്‍.കുമാര്‍
X

നായകനെക്കാള്‍ മനസു തൊട്ട വില്ലന്‍, വില്ലന്‍റെ പ്രണയം, അവന്‍റെ കണ്ണീരില്‍ നനഞ്ഞ ചിരി..ഒരു സിനിമയിറങ്ങിയ ശേഷം വില്ലനെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നത് ഒരുപക്ഷേ മലയാള സിനിമയില്‍ തന്നെ അപൂര്‍വമായിരിക്കും. ബേസില്‍ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടിന്‍റെ മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചോദിച്ചതും അതു തന്നെയായിരുന്നു. നായകനൊപ്പം കട്ടക്ക് പിടിച്ചുനിന്ന, അല്ല ഒരു പിടി മേലെ നിന്ന ആ വില്ലനെക്കുറിച്ച്? ഒപ്പം വില്ലന്‍റെ നായികയെക്കുറിച്ചും..സിനിമയിലുടനീളം വില്ലന്‍ മാസായപ്പോള്‍ വളരെ കുറച്ചു രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട വില്ലന്‍റെ നായികയും കാഴ്ചക്കാരെ കയ്യിലെടുത്തു. കയ്യടക്കമുള്ള അഭിനയം കൊണ്ടു ഷിബുവിന്‍റെ ഉഷയായി ഷെല്ലി നെബുകുമാര്‍ എന്ന നടി ആ റോളില്‍ മറ്റാരെയും സങ്കല്‍പിക്കാനാകാത്ത വിധം നിറയുകയായിരുന്നു.

അഭിനയരംഗത്ത് ഒരു പുതുമുഖമല്ല ഷെല്ലി. 2009ലെ 'കേരള കഫേ'യാണ്‌ ഷെല്ലിയുടെ ആദ്യ സിനിമ. ഐലൻഡ് എക്സ്പ്രസ് എന്ന ഭാഗത്തിലായിരുന്നു ഷെല്ലി വേഷമിട്ടത്. അകം,ചട്ടക്കാരി തുടങ്ങിയ സിനിമകളിലെ ചെറിയ വേഷങ്ങളെത്തുടർന്ന് 2013ൽ ദേശീയ പുരസ്കാരം വരെ നേടിയ തങ്കമീൻകൾ എന്ന തമിഴ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. വെയിറ്റിംഗ് റൂം എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈട,സഖാവ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. മിനിസ്ക്രീന്‍ രംഗത്തും സുപരിചിതയായ ഷെല്ലി ഇടവേളക്ക് ശേഷം വേഷമിട്ട ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഷെല്ലി മീഡിയവണ്‍ ഓണ്‍ലൈനിനോട് പങ്കുവയ്ക്കുന്നു.


വില്ലനും വില്ലന്‍റെ നായികയും ഇത്രയേറെ ആഘോഷിക്കപ്പെടുമെന്ന് വിചാരിച്ചിരുന്നോ?

ഒരിക്കലുമില്ല. ഷിബുവിന്‍റെ കാര്യം ഓക്കെയാണ്..കാരണം അദ്ദേഹം വില്ലനാണല്ലോ. എന്നാല്‍ ഷിബുവിനെയും ഉഷയെയും ഇത്രയേറെ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് കരുതിയില്ല. ഇത്ര ഡെപ്ത് ഉണ്ടാകുമെന്നോ, ഇത്ര പോസിറ്റിവിറ്റി ഉണ്ടാകുമെന്നോ ഒരിക്കലും വിചാരിച്ചിരുന്നില്ല. അഭിനയിക്കുമ്പോള്‍ പോലും തോന്നിയിരുന്നില്ല. കാരണം ഷിബുവും ഉഷയും തമ്മിലുള്ള ബന്ധം സിനിമയുടെ കഥാഗതിയെ ഇത്ര സ്വാധീനിക്കുമെന്നും കരുതിയില്ല. പിന്നെ ഞങ്ങള്‍ തമ്മില്‍ ഒരു വൈബുണ്ടായിരുന്നു.

ഗുരു സാറിനൊത്ത് ഇതിനു മുന്‍പ് അഭിനയിച്ചിട്ടില്ലെങ്കിലും ഐസ് ബ്രേക്കിംഗ് എന്നൊരു സംഭവം വന്നിരുന്നില്ല. കാരണം ഞങ്ങളെല്ലാവരും ഒരേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ പാര്‍ട്നറും ഞാനും നല്ല സുഹൃത്തുക്കളാണ്. ഒരുമിച്ച് ചായ കുടിക്കാന്‍ പോവുക, കഥകള്‍ പറയുക ഇതൊക്കെ പതിവായിരുന്നു. ഷൂട്ടിംഗിന് മുന്‍പ് കുറച്ചു സമയം ഞങ്ങള്‍ പെഴ്സണലി ചെലവഴിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പെഴ്സണാലിറ്റിയെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. വളരെയധികം ഡെഡിക്കേറ്റഡ് ആയിട്ടുള്ള ഒരു അഭിനേതാവാണ് അദ്ദേഹം. അതുപോലെ എന്നെക്കുറിച്ചും അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഗുരുസാറുമൊന്നിച്ചുള്ള രംഗങ്ങള്‍ ചെയ്യാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.


ഉലകിതിനോടും പൊരുതിടുമിനി ഞാൻ നിന്നെ നേടാനഴകേ...ഷിബുവും ഉഷയും തമ്മിലുള്ള ആ ഇമോഷണല്‍ രംഗം ചിത്രീകരിച്ചതിനെക്കുറിച്ച്?

ശരിക്കും അതെന്‍റെ ക്ലൈമാക്സ് സീനായിരുന്നു. പിന്നെ സിനിമയിലെ ക്ലൈമാക്സ് രംഗങ്ങളും തുടങ്ങുന്നതും അവിടെ നിന്നായിരുന്നല്ലോ? ഷിബുവിനെ സംബന്ധിച്ചും നിര്‍ണായക രംഗമാണ്. കാരണം അയാളാണ് വില്ലനെന്ന് എല്ലാവരും തിരിച്ചറിയുന്ന സന്ദര്‍ഭമാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട സീനാണെന്ന് ബേസില്‍ ആ രംഗം ചെയ്യുമ്പോള്‍ പറഞ്ഞുതന്നിരുന്നു. പക്ഷെ അതിന് ഇത്രയും ആഴമുണ്ടാകുമെന്നും റീച്ചുണ്ടാകുമെന്നും ആ രംഗം ചെയ്യുമ്പോള്‍ തോന്നിയിരുന്നില്ല. റീ ടേക്കൊന്നുമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത്. ഗുരു സാറും ചെയ്തതും ഫസ്റ്റ് ടേക്കില്‍ തന്നെ ഓക്കെയായിരുന്നു. ഫീലായിട്ടാണ് രണ്ടുപേരും ആ സിനീല്‍ അഭിനയിച്ചത്. ഈ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ ആദ്യ ടേക്കില്‍ തന്നെ ശരിയാകണേ എന്ന് ഞാന്‍ മനസില്‍ ആഗ്രഹിച്ചിരുന്നു. രണ്ടാമത് എടുക്കുമ്പോള്‍ ചിലപ്പോള്‍ ഈ ഫീല്‍ കിട്ടണമെന്നില്ല. പക്ഷെ ആദ്യ ടേക്കില്‍ തന്നെ എല്ലാവര്‍ക്കും അതു പെര്‍ഫെക്ടായി തോന്നി. അതു കഴിഞ്ഞപ്പോള്‍ എല്ലാവരും നന്നായി എന്നു പറഞ്ഞു കയ്യടിച്ചു. ഫോക്കസ് ഔട്ടായിപ്പോകുന്ന ഒരു പ്രശ്നമുണ്ടായിരുന്നു. പക്ഷെ സമീര്‍ താഹിര്‍ അത്ര മനോഹരമായിട്ടാണ് ഷിബുവും ഉഷയും തമ്മിലുള്ള ഇമോഷണല്‍ സീന്‍ ചിത്രീകരിച്ചത്. ആ സീനില്‍ ഞാന്‍ ഗ്ലിസറിനൊന്നും ഉപയോഗിച്ചിരുന്നില്ല. അത് അങ്ങനെ സംഭവിച്ചതാണ്.

എങ്ങനെയാണ് മിന്നലിലെ ഉഷയായത്?

ബേസില്‍ ജോസഫ് പറഞ്ഞിട്ട് അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് എഡിറ്ററായ ശിവയാണ് എന്നെ ആദ്യം വിളിക്കുന്നത്. പിന്നെ കാക്കനാട് വച്ച് ഞങ്ങള്‍ തമ്മില്‍ കണ്ടു. സിനിമയെക്കുറിച്ചും എന്‍റെ വേഷത്തെക്കുറിച്ചും പറഞ്ഞു. ബേസില്‍ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞതുകൊണ്ട് കഥയുമായി എനിക്ക് റിലേറ്റ് ചെയ്യാന്‍ സാധിച്ചു. ആ സംസാരം കഴിഞ്ഞപ്പോള്‍ ആ വേഷം ചെയ്യാന്‍ ഞാന്‍ റെഡിയാണെന്ന് പറയുകയായിരുന്നു. കാരണം ബേസില്‍ അത്ര ഭംഗിയായിട്ടാണ് കഥ പറയുന്നത്.


ബേസില്‍ ജോസഫ് എന്ന സംവിധായന്‍, ടൊവിനോ എന്ന നായകന്‍. എങ്ങനെയുണ്ടായിരുന്നു മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ്?

ശരിക്കും നല്ലതായിരുന്നു ഷൂട്ടിംഗ്. എല്ലാവര്‍ക്കും കൊടുക്കേണ്ടതായ റെസ്പെക്ട് കൊടുത്ത, സ്പേസ് കൊടുത്ത സെറ്റായിരുന്നു മിന്നല്‍ മുരളിയുടേത്. നിര്‍മാതാവ് സോഫിയ പോളിനാണ് അതിന്‍റെ ക്രഡിറ്റ്. ആരെയും വേര്‍തിരിച്ചു കാണാത്ത ഒരു സെറ്റ്. ഇതൊരു ടൊവിനോ മൂവിയാണ്, ടൊവിനോ സൂപ്പര്‍സ്റ്റാറാണ് അങ്ങനെയൊരു ആറ്റിറ്റ്യൂട്ട് ടൊവിനോയുടെ ഭാഗത്തു നിന്നുപോലും ഉണ്ടായിട്ടില്ല. ഞാനും ടൊവിനോയും തമ്മില്‍ ഒരു കോമ്പിനേഷന്‍ സീനേ ചിത്രത്തിലുള്ളൂ. പക്ഷെ കാണുമ്പോള്‍ ചിരിക്കും നന്നായി സംസാരിക്കും. ടൊവിനോയുടെ കുടുംബവും കൂടെ ഉണ്ടായിരുന്നു. ബേസില്‍ ഒരു നടന്‍ കൂടി ആയിരുന്നിട്ടുപോലും വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു.

പിന്നെ ക്യാമറാമാന്‍ സമീര്‍ താഹിര്‍. അദ്ദേഹം വളരെ സ്ട്രിക്റ്റ് ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അങ്ങനെയൊന്നുമായിരുന്നില്ല. ഹെല്‍പ്ഫുള്‍ ആയിരുന്നു. എവിടെ നോക്കണം, എവിടെ നില്‍ക്കണം, എങ്ങനെ ചെയ്താല്‍ നന്നാകും എന്നൊക്കെ അദ്ദേഹം പറഞ്ഞു തന്നു. അദ്ദേഹത്തിനൊപ്പം ഒരു വര്‍ക്ക് ചെയ്യുക എന്നത് എന്‍റെ വലിയ ആഗ്രഹമായിരുന്നു. അത് മിന്നല്‍ മുരളിയിലൂടെ സാധിച്ചു. ടൊവിനോയുടെ ചിത്രം, ബേസിലിന്‍റെ സംവിധാനം, സമീറിക്കയുടെ ക്യാമറ..ശരിക്കും എല്ലാ ചേരുവകളും കൃത്യമായി ചേര്‍ന്നൊരു ചിത്രമായിരുന്നു മിന്നല്‍ മുരളി.

മികച്ച സ്വഭാവനടിമാരുടെ പട്ടികയിലേക്കുള്ള വലിയ വാഗ്ദാനമാണ് ഷെല്ലിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രം റിലീസായതിനു ശേഷമുള്ള പ്രതികരണം എങ്ങനെയായിരുന്നു?

ചിത്രം കണ്ടതിന് ശേഷം എന്നെ ആദ്യം വിളിച്ചത് അഭിനന്ദിച്ചത് എന്‍റെ ചുറ്റുമുള്ളവരായിരുന്നു. കോളേജിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സുഹൃത്തുക്കള്‍ എന്നിവരായിരുന്നു. പിന്നെ സിനിമയില്‍ നിന്നും വിളിച്ചത് ജയസൂര്യയായിരുന്നു. നന്നായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തമിഴ് സംവിധായകന്‍ മാരി ശെല്‍വരാജ് വിളിച്ചിരുന്നു. എന്‍റെ സുഹൃത്താണ് അദ്ദേഹം. കര്‍ണന്‍ സിനിമയൊക്കെ സംവിധാനം ചെയ്തത് അദ്ദേഹമാണ്. അദ്ദേഹം വിളിച്ചപ്പോള്‍ എനിക്ക് വളരെയധികം സന്തോഷം തോന്നി. അജു വര്‍ഗീസും വിളിച്ചിരുന്നു. പിന്നെ ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. എന്‍റെ കൂടെ സീരിയലില്‍ വര്‍ക്ക് ചെയ്തിരുന്ന അശ്വതി, പ്രസില്ല എന്നിവരൊക്കെ സോഷ്യല്‍മീഡിയയിലൂടെ അഭിനന്ദിച്ചിരുന്നു. പിന്നെ ഞാനൊരു സാധാരണക്കാരിയാണ്. തിരുവനന്തപുരം തൈക്കാട് താമസിക്കുന്നത്. ചിത്രം റിലീസായപ്പോള്‍ അയല്‍ക്കാരും സഹപ്രവര്‍ത്തകരുമൊക്കെ നല്ല അഭിപ്രായം പറഞ്ഞിരുന്നു.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്കൊരു അംഗീകാരം കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. എനിക്ക് അടുത്ത സിനിമ കിട്ടിയോ എന്നല്ല, ഞാന്‍ ചെയ്ത കഥാപാത്രം ആസ്വാദകരുടെ മനസില്‍ നില്‍ക്കുന്നുണ്ടോ എന്നാണ്. പക്ഷെ അതിനൊരു ഗംഭീരമായ പ്രതികരണം കിട്ടിയത് മിന്നല്‍ മുരളിക്ക് ശേഷമാണ്. വില്ലന്‍റെ നായികയ്ക്ക് ഇത്രയധികം സ്വീകാര്യത കിട്ടുന്നത് ഒരു പക്ഷേ ആദ്യമായിരിക്കും.


അന്താരാഷ്ട്രതലത്തില്‍ വരെ ശ്രദ്ധ നേടാന്‍ പോകുന്ന ഒരു ചിത്രത്തിന്‍റെ ഭാഗമാണ് താനെന്ന് അഭിനയിക്കുമ്പോള്‍ തോന്നിയിരുന്നോ?

ഇതൊരു ടൊവിനോ ചിത്രം എന്ന രീതിയിലാണ് നമ്മള്‍ അഭിനയിക്കാന്‍ പോകുന്നത്. മാര്‍ച്ചോടു കൂടി സിനിമയുടെ മുക്കാല്‍ ഭാഗം ഷൂട്ടിംഗ് കഴിഞ്ഞിരുന്നു. പിന്നെ ലോക്ഡൌണായി. ആ ലോക്ഡൌണ്‍ നീണ്ടുപോവുകയും ചെയ്തു. പിന്നെ സെറ്റിടലായി, സെറ്റ് തകര്‍ക്കലായി പിന്നെയും പിന്നെയും തടസങ്ങള്‍ വന്നുകൊണ്ടിരുന്നു. സിനിമ നീണ്ടുപോയ്ക്കൊണ്ടിരുന്നു. അതിനിടയില്‍ ചിത്രത്തില്‍ അഭിനയിച്ച വസുവിന്‍റെ ലുക്കൊക്കെ മാറി. പിള്ളേരൊക്കെ വേഗം വളരില്ലേ. ശരിക്കും ടൊവിനോയൊക്കെ അഭിനന്ദിക്കണം. ആ ഗെറ്റപ്പ് കീപ്പ് ചെയ്തതിന്. ക്ലൈമാക്സ് എടുക്കുന്നത് ഏകദേശം രണ്ടു വര്‍ഷം കഴിഞ്ഞിട്ടാണ്. ശരിക്കും ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുള്ള ഒരു ചിത്രമാണ് മിന്നല്‍ മുരളി. അതിന് അതിന്‍റെതായ അംഗീകാരം ഇപ്പോള്‍ കിട്ടുന്നുണ്ട്. അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ ഉണ്ടാവാം. പക്ഷെ ഒരു സിനിമ ചര്‍ച്ചയാകുമ്പോള്‍ തീര്‍ച്ചയായും അത് ആ ചിത്രത്തിന്‍റെ വിജയമാണ്.

ദേശീയ പുരസ്കാരം വരെ നേടിയ ചിത്രമായിരുന്നു തങ്കമീന്‍കള്‍. ചിത്രത്തിലെ വേഷത്തിന് ശേഷം തമിഴില്‍ കൂടുതല്‍ അവസരങ്ങള്‍ തേടിവന്നിരുന്നോ? അതോ സെലക്ടീവായതാണോ?

ആ സിനിമ കഴിഞ്ഞിട്ട് ഞാന്‍ ദുബൈക്ക് പോയി. ഞാനറിഞ്ഞത് എന്നെ വെട്രിമാരന്‍, മിഷ്കിന്‍ തുടങ്ങിയ സംവിധായകര്‍ വിളിച്ചിരുന്നുവെന്നാണ്. പക്ഷെ ആ സമയത്ത് എന്‍റെ സിം കളഞ്ഞുപോയിരുന്നു. എന്നാല്‍ ഈ കുട്ടി തന്നെ വേണമെന്ന് പറഞ്ഞ് എന്നെ സിനിമയില്‍ നിന്നും ആരും തേടി കണ്ടുപിടിച്ചിട്ടുമില്ല. പ്രത്യക്ഷത്തില്‍ നോക്കിയാല്‍ അത്രയും നല്ലൊരു ചിത്രത്തില്‍ അഭിനയിച്ചിട്ടും മികച്ച വേഷങ്ങള്‍ എന്നെ തേടിവന്നിട്ടില്ല എന്നുവേണം പറയാന്‍.

പിന്നെ നല്ലൊരു റോള്‍ ലഭിച്ചത് ഈടയിലാണ്. ഒരു ബ്രേക്ക് എടുത്ത് ഞാന്‍ തിരിച്ചുവന്നത് ഈടയിലൂടെയാണ്. ഈടക്ക് തൊട്ടുമുന്‍പ് സഖാവ് ചെയ്തിരുന്നു. ഈട എന്‍റെ സുഹൃത്തുക്കളുടെ സിനിമയാണ്. അങ്ങനെയാണ് എനിക്ക് ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത്. സഖാവ് ലീല എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. ആ ചിത്രം കഴിഞ്ഞിട്ടും അവസരങ്ങളൊന്നും വന്നില്ല. ഒന്നു രണ്ടെണ്ണം വന്നു, പക്ഷെ അതൊന്നും എനിക്ക് മികച്ചതായി തോന്നിയില്ല.



രുദ്രനും ശാലിനിയും ഇപ്പോഴും വാട്ട്സാപ്പ് സ്റ്റാറ്റസുകളായും വീഡിയോകളായും പ്രത്യക്ഷപ്പെടാറുണ്ട്. ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു സീരിയലിലെ കഥാപാത്രം ഓര്‍മിക്കപ്പെടുമ്പോള്‍ എന്തു തോന്നുന്നു?

എന്‍റെ യഥാര്‍ഥ പേര് ഷെല്ലിയെന്നാണെന്ന് ഇപ്പോഴാണെന്ന് തോന്നുന്നു കുറച്ചുപേര്‍ക്കെങ്കിലും മനസിലായത്. ഞാന്‍ പുറത്തുപോകുമ്പോള്‍ ശാലിനി എന്നാണ് ആളുകള്‍ വിളിക്കാറുള്ളത്. സിനിമകളില്‍ മിന്നല്‍ മുരളി ബ്രേക്കായതുപോലെ സീരിയലിലെ ഒരു ബ്രേക്കായിരുന്നു കുങ്കുമപ്പൂവ്. കഥാപരമായും ആശയപരമായും അഭിനേതാക്കളുടെ കാര്യമെടുത്താലും വേറൊരു രീതിയിലുള്ള വരവേല്‍പാണ് കുങ്കുമപ്പൂവിന് ലഭിച്ചത്. അതാണ് ശാലിനി എന്ന കഥാപാത്രം ഇത്ര ഓര്‍മിക്കപ്പെടാന്‍ കാരണം. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ആളുകള്‍ എന്നെ റോഡില്‍ കണ്ടാല്‍ തിരിച്ചറിയുന്നുണ്ടെങ്കില്‍ ശാലിനി എന്നായിരിക്കും വിളിക്കുക. ആ പേരില്‍ നിന്നും ഇപ്പോഴൊരു പ്രമോഷന്‍ കിട്ടിയത് ഉഷ വന്നപ്പോഴാണ്.

നര്‍ത്തകിയാണെന്ന് കേട്ടിട്ടുണ്ട്. പക്ഷെ അധികം വേദികളിലൊന്നും ഷെല്ലിയെ കണ്ടിട്ടില്ല. നൃത്തപരിശീലനം ഇപ്പോഴുമുണ്ടോ?

നൃത്തപരിശീലനം ഇപ്പോള്‍ ഞാന്‍ വീണ്ടും തുടങ്ങിയിട്ടുണ്ട്. പക്ഷെ അത് ഇടയ്ക്കിടെ ബ്രേക്കായിപ്പോകുന്നുമുണ്ട്. ഒരു ക്ലാസിക്കല്‍ ഡാന്‍സറാണ് ഞാന്‍. ചെന്നൈയിലെ കുച്ചിപ്പുടി ആര്‍ട് അക്കാദമിയില്‍ കുറച്ചു നാള്‍ കുച്ചിപ്പുടി മെയിനായിട്ട് പഠിച്ചിരുന്നു. ഒരു വലിയ ബ്രേക്കിന് ശേഷം മേതില്‍ ദേവികയുടെ അടുത്തു നിന്നും നൃത്തം പഠിച്ചു. പിന്നെ ചേച്ചി തിരുവനന്തപുരത്തു നിന്നും പോയി. ഞാന്‍ കൊച്ചിയിലേക്കും. അതും നൃത്തപരിശീലനത്തിന് ഇടവേളയായി. ഇനി ഡിസ്റ്റന്‍സായിട്ട് ചെയ്യണം. ഡാന്‍സിനൊപ്പം വീണയും വായിക്കാറുണ്ട്. പക്ഷെ ആ ഷെല്ലിയെ ആര്‍ക്കും പരിചയമില്ലാട്ടോ. ഇപ്പോള്‍ ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൂണ്‍ഫൈവ് എന്ന ഐടി കമ്പനിയുടെ തിരുവനന്തപുരം ഓഫീസില്‍ കണ്ടന്‍റ് റൈറ്ററായി ജോലി ചെയ്യുകയാണ്. ഇതുവരെ പുതിയ സിനിമകളൊന്നും വന്നിട്ടില്ല. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കട്ടെയെന്നാണ് ആഗ്രഹം.

TAGS :

Next Story