ഒഡീഷ ട്രെയിൻ അപകടത്തിൽപ്പെട്ടവർക്ക് രക്തം ദാനം ചെയ്യാൻ ആരാധകരോട് അഭ്യർത്ഥിച്ച് ചിരഞ്ജീവി
ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിന് കാരണം സിഗ്നൽ നൽകിയതിലെ പിഴവാണെന്നാണ് റെയിൽവേ സംഘത്തിന്റെ പ്രാഥമിക നിഗമനം
ഹൈദരാബാദ്: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ജീവനുവേണ്ടി പോരാടുന്നവർക്ക് രക്തം ദാനം ചെയ്യാൻ രാജ്യമെമ്പാടുമുള്ള ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പർതാരമായ ചിരഞ്ജീവി. 280 പേർ മരിക്കുകയും 900 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിൽ അഭിനേതാക്കൾ സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. യാത്രക്കാരിൽ പലരും പ്രദേശത്തെ വിവിധ ആശുപത്രികളിൽ ഗുരുതരാവസ്ഥയിലാണ്.
ഒഡീഷയിലെ ദാരുണമായ കോറോമാണ്ടൽ എക്‌സ്‌പ്രസ് അപകടത്തിലെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ പലർക്കും രക്തം ആവശഅയമാണെന്ന് മനസിലാക്കുന്നു. രക്തം ദാനം ചെയ്യാൻ കഴിയുന്ന തന്‍റെ എല്ലാ ആരാധകരും രക്തം ധാനം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നാണ് ചിരഞ്ജീവി തന്‍റെ സോഷ്യൽ മീഡിയ അക്കൌണ്ടിൽ കുറിച്ചത്.
ദാരുണമായ ട്രെയിൻ അപകടത്തിൽപ്പെട്ട കുടുംബങ്ങൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുന്നെന്നും വിനാശകരമായ നാശം വിതച്ച സംഭവത്തിൽ ഓരോരുത്തർക്കും ഒപ്പം ഉണ്ടെന്നുമാണ് ജൂനിയർ എൻടിആർ കുറിച്ചത്.
ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിന് കാരണം സിഗ്നൽ നൽകിയതിലെ പിഴവാണെന്നാണ് റെയിൽവേ സംഘത്തിന്റെ പ്രാഥമിക നിഗമനം. അപകടസ്ഥലം പരിശോധിച്ച റെയിൽവേ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയിൻ ലൈൻ സിഗ്നൽ നൽകിയ കോറോമണ്ടൽ എക്‌സ്പ്രസ് പ്രവേശിച്ചത് ലൂപ് ലൈനിലാണ്. ഈ ലൈനിൽ തന്നെയായിരുന്നു ഗുഡ്‌സ് ട്രെയിനും നിർത്തിയിട്ടിരുന്നത്. കോറോമണ്ടൽ എക്‌സ്പ്രസ് പാളം തെറ്റിയത് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച ശേഷമാണെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
130 കിലോമീറ്ററോളം വേഗത്തിലാണ് കോറോമണ്ടൽ എക്‌സ്പ്രസ് വന്നത്. ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചപ്പോൾ കോറോമണ്ടലിന്റെ അവസാനത്തെ രണ്ട് ബോഗികൾ തലകീഴായി മറിഞ്ഞു. ശേഷം, ഈ ബോഗികൾ മെയിൻ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ ലൈനിലൂടെയാണ് പിന്നീട് ഹൗറ എക്‌സ്പ്രസ് കടന്നുവന്നത്.
കൃത്യമായ ട്രാക്കിലൂടെ തന്നെയാണ് ഹൗറ എക്‌സ്പ്രസ് വന്നതെങ്കിലും മെയിൻ ട്രാക്കിൽ വീണുകിടന്ന കോറോമണ്ടലിന്റെ ബോഗികളിൽ കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ അപകടസ്ഥലം സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ടു റെയിൽവേ സ്റ്റേഷനിലെ തൽസമയ ഡേറ്റ ലോഗർ ദൃശ്യം പ്രധാനമന്ത്രി കണ്ടതായാണ് വിവരം. റെയിൽവേ സ്റ്റേഷനിലേക്ക് ഓരോ സമയത്തും ട്രെയിനുകൾ വരികയും പോവുകയും ചെയ്യുമ്പോൾ, ഇത് സംബന്ധിച്ച ക്രമീകരണങ്ങൾ വ്യക്തമാക്കുന്ന വിശദമായ സംവിധാനമാണ് ഡേറ്റ ലോഗർ.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും ഉന്നത ഉദ്യോഗസ്ഥർക്കും ഒപ്പമാണ് പ്രധാനമന്ത്രി അപകടസ്ഥലം സന്ദർശിക്കാൻ എത്തിയത്. അതേസമയം, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. 280 പേര്‍ പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. 900 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്
Adjust Story Font
16