'ചിത്രം' ഉള്‍പ്പെടെയുള്ള ഹിറ്റ് സിനിമകളുടെ നിര്‍മാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു
ബിസിനസിൽ നിന്ന് വിരമിച്ച് 12 വർഷം മുൻപാണ് തൃശൂരിൽ താമസമാക്കിയത്
പി.കെ.ആര്‍ പിള്ള
തൃശൂർ: മലയാളികൾ തിയറ്ററുകളിൽ ആഘോഷമാക്കി മാറ്റിയ ഒട്ടേറെ സിനിമകൾ സമ്മാനിച്ച നിർമാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു. ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറിൽ മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെ ബോക്‌സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ച സിനിമകൾ നിർമ്മിച്ച പി.കെ.ആർ പിള്ള എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് .
മുംബൈയിലെ ബിസിനസിലൂടെ ശ്രദ്ധേയനായ പിള്ള എല്ലാ മേഖലകളിലും വിശാലമായ സൗഹൃദം സൂക്ഷിച്ചിരുന്നു . ഇന്ദിരാഗാന്ധിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന അദ്ദേഹം മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ചരിത്രവുമുണ്ട് . ബിസിനസിൽ നിന്ന് വിരമിച്ച് 12 വർഷം മുൻപാണ് തൃശൂരിൽ താമസമാക്കിയത്.ഷിർദി സായി ബാബയുടെ കടുത്ത ഭക്തനായിരുന്ന പിള്ള തന്‍റെ ജന്മനാടായ കൂത്താട്ടുകുളത്ത് വീടിനോട് ചേർന്ന് ഒരു ക്ഷേത്രവും അതേ പേരിൽ ഒരു ഓഡിറ്റോറിയവും നിർമ്മിച്ചിരുന്നു.
തത്തമ്മേ പൂച്ച പൂച്ച , വെപ്രാളം , ഓണത്തുമ്പിക്കൊരൂഞ്ഞാൽ , പുലി വരുന്നേ പുലി, ഒരു യുഗസന്ധ്യ , ശോഭ്‌രാജ് , അമൃതം ഗമയ, ചിത്രം , വന്ദനം , അർഹത , അഹം , കിഴക്കുണരും പക്ഷി, , റാപ്പിഡ് ആക്ഷൻ ഫോഴ്സ്, ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ, പ്രണയമണിത്തൂവൽ എന്നിവയാണ് പി.കെ. ആർ പിള്ള നിർമ്മിച്ച ചിത്രങ്ങൾ.
രമയാണ് ഭാര്യ.മക്കള്‍-രാജേഷ്, പ്രീതി, സാജു,സിദ്ധു. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിദ്ധുവിനെ 2018ല്‍ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Adjust Story Font
16