'ഷാരൂഖ് ഖാനുമായി എന്നെ താരതമ്യപ്പെടുത്തുന്നത് അദ്ദേഹത്തിന് അപമാനമാകും': ദുൽഖർ സൽമാൻ
'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' നിരവധി തവണ സഹോദരിക്കൊപ്പമിരുന്ന് കണ്ടിട്ടുണ്ടെന്നും ദുൽഖർ സൽമാൻ
കുട്ടിക്കാലം മുതലേ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ ആരാധകനാണ് താനെന്ന് നടൻ ദുൽഖർ സൽമാൻ. ഷാരൂഖ് ഖാനെ താനുമായി താരതമ്യപ്പെടുത്തുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ദുൽഖർ വ്യക്തമാക്കി. 'സീതാരാമ'ത്തിലെ തന്റെ പ്രകടനത്തെ 'വീർ സര'യിലെ ഷാരൂഖ് ഖാനുമായി ആരാധകർ താരതമ്യം ചെയ്യുമ്പോൾ എന്തു തോന്നുന്നുവെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''ഷാരൂഖ് ഖാൻ എല്ലായ്‌പ്പോഴും വലിയ പ്രചോദനമാണ്. അദ്ദേഹത്തിന്റേത് അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വമാണ്. അദ്ദേഹം ആളുകളുമായി ഇടപഴകുന്ന രീതി ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. എന്നെ ഷാരൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തിന് അപമാനമാകും. ഇവിടെ ഒരു ഷാരൂഖ് ഖാൻ മാത്രമേയുള്ളൂ''- ദുൽഖർ സൽമാൻ പറഞ്ഞു.
ഷാരൂഖ് ഖാൻ സ്ത്രീകളുമായി പെരുമാറുന്ന രീതി പഠിക്കേണ്ടതു തന്നെയാണ്. അദ്ദേഹത്തിന്റെ സിനിമകൾ ഒത്തിരി ഇഷ്ടമാണ്. 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' നിരവധി തവണ സഹോദരിക്കൊപ്പമിരുന്ന് കണ്ടിട്ടുണ്ടെന്നും ദുൽഖർ സൽമാൻ കൂട്ടിച്ചേർത്തു. പ്രതികരണത്തിനു പിന്നാലെ നിരവധിയാളുകളാണ് ദുൽഖറിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ഒരു മുതിർന്ന താരത്തോട് ഇത്രയും ബഹുമാനം കാണിക്കുന്ന യുവതാരത്തെ ഇക്കാലത്ത് കണ്ടുമുട്ടുന്നത് അപൂർവമാണെന്നും, ദുൽഖർ സൽമാൻ അത്രയും വിനയാന്വിതനായ നടനാണെന്നും ബോളിവുഡ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ദുൽഖറിന്റെ തെലുങ്ക് ചിത്രം സീതാരാമം കഴിഞ്ഞയാഴ്ചയാണ് ഹിന്ദിയിൽ റിലീസ് ചെയ്തത്. 'ഞാൻ ഇതുവരെ കണ്ടിട്ടുള്ള ഒരേയൊരു നടൻ ദുൽഖറാണ്. അദ്ദേഹം എല്ലാവർക്കും പ്രചോദനമാണ്''. 'സീതാരാമം' ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ച് മുംബൈയിൽ നടന്ന പരിപാടിയിൽ നടി മൃണാൾ താക്കൂർ പറഞ്ഞു.
Adjust Story Font
16