ലിയോയിലെ പുകവലി രംഗം; നടന്‍ വിജയിനെതിരെ പരാതി
പുകവലി സീനില്‍ അഭിനയിച്ചതിനാണ് വിജയിനും ലിയോ നിര്‍മാതാക്കള്‍ക്കുമെതിരെ പരാതി
ലിയോയിലെ ഗാനരംഗത്തില്‍ നിന്ന്
ചെന്നൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്‍യുടെ ലിയോ. ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിലെ 'നാ റെഡി' എന്ന പാട്ട് ദളപതിയുടെ പിറന്നാള്‍ ദിവസം റിലീസ് ചെയ്തിരുന്നു. പാട്ട് നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തു. ഇപ്പോള്‍ പാട്ടിലെ ഒരു രംഗത്തിനെതിരെ പരാതി ഉയര്‍ന്നിരിക്കുകയാണ്.
പുകവലി സീനില്‍ അഭിനയിച്ചതിനാണ് വിജയിനും ലിയോ നിര്‍മാതാക്കള്‍ക്കുമെതിരെ പരാതി. ചെന്നൈയിൽ നിന്നുള്ള ആർടിഐ സെൽവം എന്ന ആക്ടിവിസ്റ്റാണ് പരാതി നല്‍കിയിരിക്കുന്നത്. നാ റെഡി' എന്ന ഗാനം മയക്കുമരുന്ന് ഉപയോഗത്തെയും റൗഡിയിസത്തെയും മഹത്വവത്കരിച്ചുവെന്നാണ് പരാതി. നായകനും നിര്‍മാതാക്കള്‍ക്കുമെതിരെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ആക്ട് പ്രകാരം നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. വിവാദത്തിൽ താരവും അണിയറപ്രവർത്തകരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിജയുടെ സിനിമകൾ കുട്ടികളും യുവാക്കളും കാണുന്നതിനാൽ പുകവലി അംഗീകരിക്കരുതെന്ന് പട്ടാളി മക്കൾ പാർട്ടി (പിഎംകെ) പ്രസിഡന്‍റും എം.പിയുമായ അൻബുമണി രാമദോസ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടനോട് ആവശ്യപ്പെട്ടിരുന്നു.
വിജയുടെ അറുപത്തി ഏഴാമത്തെ ചിത്രമാണ് ലിയോ. ദളപതിയ്‌ക്കൊപ്പം തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ എന്നിവരടങ്ങുന്ന സംഘമാണ് ലിയോയിലുള്ളത്. അനിരുദ്ധിന്‍റെ സംഗീതം സംവിധാനത്തിൽ ഒരു സുവർഷോട്ട് എന്റർടെയ്‌നർ പ്രേക്ഷകരെ കാത്തിരിക്കുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Adjust Story Font
16