Quantcast

'ജയ് ഭീം' വിവാദം: സൂര്യ, ജ്യോതിക, ജ്ഞാനവേൽ എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

2021 നവംബറിലാണ് വണ്ണിയാർ സമുദായം പരാതിയുമായി സൈദാപേട്ട് കോടതിയെ സമീപിച്ചത്

MediaOne Logo

ijas

  • Updated:

    2022-05-05 10:40:57.0

Published:

5 May 2022 10:36 AM GMT

ജയ് ഭീം വിവാദം: സൂര്യ, ജ്യോതിക, ജ്ഞാനവേൽ എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
X

ജയ് ഭീം സിനിമയില്‍ വണ്ണിയാര്‍ വിഭാഗത്തെ മോശമായി ചിത്രീകരിച്ചുവെന്ന പരാതിയില്‍ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. സിനിമയിലെ നായകനും നിര്‍മാതാവുമായ സൂര്യ, ജ്യോതിക, സംവിധായകന്‍ ജ്ഞാനവേൽ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടത്. പട്ടാളി മക്കള്‍ കക്ഷി പാര്‍ട്ടിയുടെ ഉപസംഘടനയായ രുദ്ര വണ്ണിയാര്‍ സേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജയ് ഭീം നിരോധിക്കണമെന്നും ചിത്രത്തിൽ നിന്ന് ആക്ഷേപകരമായ രംഗങ്ങൾ നീക്കം ചെയ്യണമെന്നും സിനിമയുടെ റിലീസ് സമയത്ത് വണ്ണിയാർ സമുദായം ആവശ്യപ്പെട്ടിരുന്നു. അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ജയ് ഭീം ടീം നിരുപാധികം മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു. 2021 നവംബറിലാണ് വണ്ണിയാർ സമുദായം പരാതിയുമായി സൈദാപേട്ട് കോടതിയെ സമീപിച്ചത്.

ജയ് ഭീമിലെ ഒരു രംഗവും പേരുമാണ് വിവാദത്തിലേക്ക് വഴിവെച്ചത്. ചിത്രത്തിലെ ക്രൂരനായ പൊലീസുകാരന്‍ യഥാര്‍ഥത്തില്‍ വണ്ണിയാര്‍ സമുദായാംഗമല്ല. എന്നിട്ടും അത്തരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായെന്നാണ് വണ്ണിയാര്‍ സമുദായത്തിലുള്ളവരുടെ ആരോപണം. അതെ സമയം സിനിമയിലൂടെ ഒരു സമുദായത്തെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സംവിധായകൻ ടി.ജെ ജ്ഞാനവേൽ പ്രതികരിച്ചിരുന്നു.

പ്രേക്ഷകപ്രീതിയും നിരുപക ശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ 'ജയ് ഭീം'അടിസ്ഥാന വര്‍ഗത്തിന്‍റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് ജയ് ഭീം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. 1993 ല്‍ ഇരുള വിഭാ​ഗത്തിൽപ്പെട്ട യുവാവിന്‍റെ കസ്റ്റഡി മരണവും അത് തെളിയിക്കാൻ അഡ്വ.ചന്ദ്രു നടത്തിയ നിയമപോരാട്ടവുമായിരുന്നു സിനിമയ്ക്കാധാരം. സൂര്യയുടെ ബാനറായ ടു ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് ചിത്രം നിര്‍മ്മിച്ചത്.

Court Orders FIR Against Makers of Jai Bhim

TAGS :

Next Story