Quantcast

നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്നു, 2021ലും ഇത്തരം ചിത്രങ്ങളോ? പ്രിയദര്‍ശന്‍ ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനം

സംഗീതജ്ഞനായ ടി.എം കൃഷ്ണ, സംവിധായിക ലീന മണിമേഘല തുടങ്ങിയവരാണ് ചിത്രത്തെ വിമര്‍ശിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-08-10 17:04:49.0

Published:

10 Aug 2021 5:02 PM GMT

നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്നു, 2021ലും ഇത്തരം ചിത്രങ്ങളോ? പ്രിയദര്‍ശന്‍ ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനം
X

തമിഴ് ആന്തോളജി ചിത്രമായ നവരസയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം. സമ്മര്‍ ഓഫ് 92 എന്ന ചിത്രത്തിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്. നവരസങ്ങളിലെ ഹാസ്യം എന്ന രസത്തെ അടിസ്ഥാനമാക്കിയാണ് സമ്മര്‍ 92 ഒരുക്കിയത്. സംഗീതജ്ഞനായ ടി.എം കൃഷ്ണ, സംവിധായിക ലീന മണിമേഘല തുടങ്ങിയവരാണ് ചിത്രത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്.

സിനിമയിലെ ഒരു ഡയലോഗ് ചൂണ്ടിക്കാട്ടിയാണ് ലീന മണിമേഘലയുടെ ട്വീറ്റ്.'കാണാന്‍ പന്നിയെ പോലെയാണെങ്കിലും ആളൊരു പട്ടിയാണ്, നമ്മുടെ വേലുസാമി'. സിനിമയിലെ ഒരു കഥാപാത്രത്തെ കുറിച്ച് പറയുന്ന ഈ ഡയലോഗിനെതിരെയാണ് ലീന മണിമേഘലയുടെ വിമര്‍ശനം. നെറ്റ്ഫ്‌ളിക്‌സും പ്രിയദര്‍ശനും മണിരത്‌നവും വൃത്തികേടാണ് ചെയ്തതെന്നും ലീന മണിമേഖല പറഞ്ഞു. കറുത്ത വര്‍ഗക്കാരുടെയും വര്‍ണ വിവേചനം നേരിടുന്നവരുടെയും ചിത്രങ്ങള്‍ അമേരിക്കയില്‍ നിര്‍മിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയിലെത്തുമ്പോള്‍ ജാതീയത പ്രോത്സാഹിപ്പിക്കുകയാണെന്ന് ലീന മണിമേഘല വിമര്‍ശിച്ചു. ബ്ലാക്ക്‌ലൈവ്‌സ് മാറ്റര്‍ രാഷ്ട്രീയമൊക്കെ വെറും കണ്‍കെട്ടാണെന്ന് ഇന്ത്യയിലെ നെറ്റ്ഫ്‌ളിക്‌സിന്റെ 'ബ്രാഹ്മിണ്‍ കളികള്‍' കാണുമ്പോള്‍ മനസിലാകുന്നുണ്ടെന്നും ലീന മണിമേഘല പറഞ്ഞു.

'നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്നതായിരുന്നു. ജാതീയതയും ബോഡി ഷെയ്മിങ്ങും നിറഞ്ഞ ചിത്രത്തില്‍ ചിരിക്കാനായി ഒന്നുമുണ്ടായിരുന്നില്ല. 2021ലും നമ്മള്‍ ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കരുത്' എന്നാണ് ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തത്.

യോഗി ബാബു, നെടുമുടി വേണു, രമ്യ നമ്പീശന്‍, മണിക്കുട്ടന്‍ തുടങ്ങിയവരാണ് സമ്മര്‍ 92വില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നവരസയില്‍ ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകരാണ് അവതരിപ്പിച്ചത്.

TAGS :

Next Story