ദുരന്തമുഖത്തെ കുഞ്ഞുങ്ങളെ നെഞ്ചോടു ചേര്‍ത്തവരെ; ദത്തെടുക്കാന്‍ തയ്യാറായ സുമനസുകള്‍ക്കായി ഒരു വീഡിയോ
ദത്തെടുക്കല്‍ നടപടി ക്രമങ്ങളെക്കുറിച്ചും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്
കോഴിക്കോട്: ഒറ്റ രാത്രി കൊണ്ടാണ് അവര്‍ക്കെല്ലാം നഷ്ടമായത്...പ്രിയപ്പെട്ടവരെയും ഒരായുസിന്‍റെ അധ്വാനം കൊണ്ട് കെട്ടിപ്പടുത്ത കിടപ്പാടവുമെല്ലാം കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലില്‍ ഇല്ലാതായി. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടവര്‍...സഹോദരങ്ങളെ നഷ്ടപ്പെട്ടവര്‍... തീരാവേദനയും ഉള്ളിലൊതുക്കി കഴിയുകയാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍. ഇതില്‍ അനാഥരായ കുഞ്ഞുമക്കളുമുണ്ട്. ഉരുള്‍പൊട്ടലില്‍ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
വയനാട്ടിലെ ദുരിതബാധിതരുടെ കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ മുന്നോട്ടു വന്ന സുമനസുകള്‍ക്കായി നടനും സോഷ്യല്‍മീഡിയ താരവുമായ ദാസേട്ടന്‍ കോഴിക്കോട് ചെയ്ത വീഡിയോ ശ്രദ്ധ നേടുകയാണ്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ ഒരു കുട്ടിയെ ദത്തെടുക്കുന്നതും സന്തോഷകരമായി ജീവിക്കുന്നതുമാണ് വീഡിയോയിലുള്ളത്. കൂടാതെ ദത്തെടുക്കല്‍ നടപടി ക്രമങ്ങളെക്കുറിച്ചും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.
കുട്ടികളെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ച് നിരവധി സുമനസ്സുകൾ എത്തിയതിനു പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇതിന് മറുപടി നല്‍കിയിരുന്നു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
''എന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെവന്ന ഒരു കമന്റെ ശ്രദ്ധയിൽപ്പെട്ടു. വയനാട്ടിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കുന്നതിനിടെ ഇത് ശ്രദ്ധയിലേക്ക് വന്നിരുന്നില്ല. പ്രിയപ്പെട്ട സുധി, അങ്ങയുടെ നല്ല മനസ്സിന് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. വേദന പൂർണമായും മനസ്സിലാക്കുന്നു. അങ്ങയുടെ വാക്കുകൾ കണ്ണ് നനയിക്കുന്നതാണ്. അങ്ങേക്കും വൈഫിനും സ്നേഹാദരവുകൾ.
മാതാപിതാക്കൾ നഷ്ടപ്പെട്ട സംരക്ഷണം ആവശ്യമായ കുഞ്ഞുങ്ങളെ കേന്ദ്ര ബാലനീതി നിയമം 2015 പ്രകാരമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഫോസ്റ്റർ കെയറും ദത്തെടുക്കലുമെല്ലാം നിയമപരമായ നടപടികളിലൂടെയാണ് നടക്കുന്നത്. CARA (Central Adoption Resource Authority) യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുന്നത്.
6 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളെ ഫോസ്റ്റർ കെയറിനും നൽകുന്നുണ്ട്. അതും കുട്ടിയുടെ ഉത്തമ താല്പര്യം മുൻനിർത്തിയാണ് ചെയ്യേണ്ടത്. CARAയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ സംരക്ഷണയിൽ നിലവിലുള്ള ഏതൊരു കുഞ്ഞിന്റെയും ദത്തെടുക്കൽ നടപടിക്രമങ്ങളിൽ സുധിയ്ക്കും പങ്കുചേരാൻ കഴിയും. സുധിയെ പോലെ പലരും ഇതേ ആവശ്യവുമായി വനിത ശിശുവികസന വകുപ്പിനെ സമീപിക്കുന്ന സാഹചര്യത്തിൽ അവർക്കായി കൂടിയാണ് ഇതിവിടെ എഴുതുന്നത്''
Adjust Story Font
16