ഡെപ് വസ്ത്രം വലിച്ചുകീറി, അടിവയറ്റിൽ തൊഴിച്ചു; വിചാരണക്കിടെ പൊട്ടിക്കരഞ്ഞ് നടി അംബർ ഹേഡ്
വാഷിങ്ടൺ പോസ്റ്റിൽ 2018ൽ ഹേഡ് എഴുതിയ ലേഖനമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്
വിർജിനിയ: മുൻ ഭർത്താവ് ജോണി ഡെപ്പിനെതിരെയുള്ള കേസിൽ കോടതിയിൽ പൊട്ടിക്കരഞ്ഞ് ഹോളിവുഡ് നടി അംബർ ഹേഡ്. തന്നെ ഡെപ്പ് മദ്യക്കുപ്പി കൊണ്ട് ആക്രമിച്ചെന്നും അടിവയറ്റിൽ ചവിട്ടിയെന്നും ഹേഡ് വെളിപ്പെടുത്തി. വിർജിനിയയിലെ ഫയർഫാക്‌സിൽ നടക്കുന്ന വിചാരണക്കിടെ പൊട്ടിക്കരഞ്ഞാണ് നടിയുടെ ആരോപണം.
'പൈറേറ്റ്‌സ് ഓഫ് കരീബിയൻ' അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ 2015ൽ ആസ്‌ത്രേലിയയിൽ വച്ചായിരുന്നു അതിക്രമമെന്ന് അവർ പറയുന്നു.
'വിവാഹ ശേഷം ഒരുമിച്ചുള്ള വൈകുന്നേരം ഡെപ് താമസിച്ചിരുന്ന വീട്ടിൽ അത്താഴമൊരുക്കിയിരുന്നു. കുടിച്ചിരുന്ന ഡെപ് എന്നെ റഫ്രിജറേറ്റിന് അടുത്തേക്ക് തള്ളിയിട്ടു. കഴുത്തിൽ കുത്തിപ്പിടിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ട് വീടിന്റെ മുകളിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് രാത്രി വേഷത്തിൽ താഴേക്കെത്തി. ഡെപ്പ് അപ്പോഴും ഉണർന്നിരിക്കുകയായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഡെപ്പിനെ പ്രേരിപ്പിച്ചു. എന്നാൽ അയാൾ പ്രതിയോഗിയെപ്പോലെയാണ് പെരുമാറിയത്. എനിക്കു നേരെ ബോട്ടിലുകൾ എറിഞ്ഞു. നിശാവസ്ത്രം വലിച്ചു കീറി നഗ്നയാക്കി. ടെന്നിസ് ടേബിളിലേക്ക് വലിച്ചെറിഞ്ഞ് ബോട്ടിലു കൊണ്ട് ലൈംഗികാതിക്രമം നടത്തി.'- ഹേഡിന്റെ വാക്കുകൾ റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു.
അതിക്രമത്തിനിടെ 'ഞാൻ നിന്നെ കൊല്ലു'മെന്ന് തുടർച്ചയായി ഡെപ് പറഞ്ഞതായി നടി പറഞ്ഞു. 'ഞാനാകെ ഭയന്നു. അദ്ദേഹത്തെ വിവാഹം ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു മാസങ്ങൾക്ക് ശേഷം ലോസാഞ്ചൽസിലെ വീട്ടിൽ വച്ച് ഡെപ്പ് എന്റെ മൂക്ക് തകർത്തു. മുടി വലിച്ചു പറിച്ചു.' - അവർ കൂട്ടിച്ചേർത്തു. 2015ലാണ് ഡെപ്പും ഹേർഡും വിവാഹിതരായത്. സഹനടന്മാരായ ബില്ലി ബോബ് തോർന്റോൺ, എഡ്ഡി റെഡ്‌മെയ്‌നെ എന്നിവരുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് ഡെപ് ആരോപിച്ചതായും ഹേഡ് പറയുന്നു.
ആരോപണങ്ങൾ ഡെപ് നിഷേധിച്ചു. ഹേഡിനെ മർദിച്ചിട്ടില്ലെന്നും മുൻ ഭാര്യ തന്നെ അധിക്ഷേപിക്കുകയാണ് എന്നും ഡെപ് കോടതിയിൽ വാദിച്ചു. താൻ ഗാർഹിക പീഡനത്തിന്റെ ഇരയാണ് എന്നു വാദിച്ച് ഹേഡിനെതിരെ അമ്പത് ദശലക്ഷം യുഎസ് ഡോളറിന്റെ അപകീർത്തിക്കേസാണ് ഡെപ് ഫയൽ ചെയ്തിട്ടുള്ളത്. ഹേഡ് കള്ളം പറയുന്നു എന്നാണ് ഡെപ്പിന്റെ പ്രധാനവാദം. തന്നോടുള്ള വൈരാഗ്യം മൂലം ഹേഡ് കിടക്കയിൽ മലവിസർജ്ജനം നടത്തിയെന്നും നടൻ ആരോപിക്കുന്നു.
ആസ്‌ത്രേലിയയിൽ നടന്നെന്ന് പറയുന്ന സംഭവങ്ങളെ കുറിച്ച് വ്യത്യസ്തമായ വിവരണമാണ് ഡെപ് നൽകിയത്. തനിക്കു നേരെ വസ്തുക്കൾ വലിച്ചെറിഞ്ഞത് ഹേഡാണ്. അവർ വോഡ്ക ബോട്ടിൽ കൊണ്ട് അടിച്ചു. നടുവിരലിന് കേടുസംഭവിച്ചു. മുറിവിന് ചികിത്സ തേടിയതിന്റെ തെളിവുകളും ഡെപ്പിന്റെ അറ്റോണി കോടതിയിൽ കാണിച്ചു.
വാഷിങ്ടൺ പോസ്റ്റിൽ 2018ൽ ഹേഡ് എഴുതിയ ലേഖനമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തനിക്കു നേരെയുള്ള അതിക്രമങ്ങൾ വിവരിച്ചായിരുന്നു നടിയുടെ ലേഖനം. ഡെപ്പിന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും സൂചനകൾ കൃത്യമായിരുന്നു. ഇതോടെ ഡിസ്‌നി അടക്കമുള്ള വമ്പൻ നിർമാതാക്കൾ സിനിമകളിൽനിന്ന് നടനെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ് ഡെപ് കേസ് ഫയൽ ചെയ്തത്. ലേഖനം ഡെപ്പിനെതിരെയല്ല എന്ന് ഹേർഡിന്റെ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചിട്ടില്ല. മെയ് 27 വരെയാണ് കേസിലെ വാദം.
ഹോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ ഡെപ്പും ഹേർഡും തമ്മിൽ 2015 ഫെബ്രുവരിയിലാണ് വിവാഹിതരായത്. രണ്ടു വർഷം മാത്രം നീണ്ട ദാമ്പ്യത്തിനൊടുവിൽ 2017ൽ ഇരുവരും വേർപിരിയുകയായിരുന്നു. 2009ൽ ദ റം ഡയറി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. 2012ൽ ഡേറ്റിങ് ആരംഭിച്ചു. മൂന്നു വര്‍ഷത്തിനു ശേഷം വിവാഹവും.
രണ്ടു വർഷങ്ങൾക്ക് മുമ്പ് തന്നെ വൈഫ് ബീറ്റർ (ഭാര്യയെ മർദിക്കുന്നവൻ) എന്ന് വിളിച്ച ബ്രിട്ടീഷ് ടാബ്ലോയ്ഡ് ദ സണിനെതിരെ ഡെപ് കേസ് നൽകിയിരുന്നു. വാഷിങ്ടൺ പോസ്റ്റ് പ്രിന്റ് ചെയ്യുന്ന ഫയർഫാക്‌സ് കൗണ്ടിയിലാണ് ഇപ്പോഴത്തെ കേസ്. പത്രം കേസിൽ കക്ഷിയല്ല.
Adjust Story Font
16