ക്യാമറയ്ക്ക് മുന്നിലും പിന്നിലും ധനുഷ്; ഡി50 ഷൂട്ടിംഗ് ആരംഭിച്ചു
'പാ പാണ്ടി'ക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡി50. ഇസിആറിലെ സ്റ്റുഡിയോയിലാണ് ചിത്രീകരണം ആരംഭിച്ചത്.
ചെന്നെെ: കരിയറിലെ അൻപതാം ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച് തെന്നിന്ത്യൻ സൂപ്പർതാരം ധനുഷ്. ക്യാപ്റ്റൻ മില്ലറിന് ശേഷമെത്തുന്ന ധനുഷ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതായി നിർമാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചു. ഇതുവരെ പേര് നല്‍കാത്ത ചിത്രത്തിന് താല്‍ക്കാലികമായി ഡി50 എന്നാണ് വിളിക്കുന്നത്. ധനുഷിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്.
പാറകൾക്ക് മുകളിൽ ഒരു കൈയിൽ കത്തിയുമായി നിൽക്കുന്ന കഥാപാത്രത്തെ പോസ്റ്ററിൽ കാണാം. മുന്നിലെ വെളുത്ത പശ്ചാത്തലത്തിൽ രക്തം തെറിക്കുന്നതും കാണാം. കഴിഞ്ഞ ദിവസം ധനുഷ് മൊട്ടയടിച്ച് പുതിയ ലുക്കിൽ വന്നത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചായായിരുന്നു. ചിത്രത്തിൽ ഈ ലുക്കിലായിരിക്കും താരം എത്തുക.
പാ പാണ്ടിക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡി50. ഇസിആറിലെ സ്റ്റുഡിയോയിലാണ് ചിത്രീകരണം ആരംഭിച്ചത്. ദുഷാര വിജയനാണ് ചിത്രത്തിലെ നായിക. എസ്.ജെ സൂര്യ, കാളിദാസ് ജയറാം, അപർണ ബാലമുരളി അടക്കം വലിയൊരു താരനിര ഡി50 ല്‍ ഉണ്ടാകും.
ധനുഷിന്റെ വന്‍ ഹിറ്റായ ചിത്രം പുതുപേട്ടയുടെ രണ്ടാംഭാഗം ആയിരിക്കും ഡി50 എന്നും അഭ്യൂഹമുണ്ട്. വടക്കന്‍ ചെന്നൈയിലെ ഗ്യാംങ് വാര്‍ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട പുതുപേട്ട 2006ലാണ് പ്രദർശനത്തിന് എത്തിയത്. നടന്റെ സഹോദരന്‍ ശെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്.
അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രമാണ് ധനുഷിന്‍റെ പുറത്തിറങ്ങാനുള്ളത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. ചിത്രത്തില്‍ ധനുഷ് ഇരട്ടറോളില്‍ ആയിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. സത്യജ്യോതി ഫിലിംസ് ആണ് നിര്‍മ്മാണം.
Adjust Story Font
16