Quantcast

സുലൈമാനെ പോലെയല്ല, ഡേവിഡ് കുറച്ച് ഫാഷനബിളാണ്; മാലികിന്‍റെ കോസ്റ്റ്യൂം ഡിസൈനര്‍ ധന്യ ബാലകൃഷ്ണന്‍

ക്യാരക്ടര്‍ വച്ചുനോക്കിയാല്‍ ഫഹദിന്‍റേത് ഭയങ്കര സ്ട്രോങ് ആയിട്ടുള്ള കഥാപാത്രമാണ്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2021-07-20 16:00:02.0

Published:

20 July 2021 3:24 PM GMT

സുലൈമാനെ പോലെയല്ല, ഡേവിഡ് കുറച്ച് ഫാഷനബിളാണ്; മാലികിന്‍റെ കോസ്റ്റ്യൂം ഡിസൈനര്‍ ധന്യ ബാലകൃഷ്ണന്‍
X

സിനിമയെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രത്തിന് പൂര്‍ണ്ണത വരുന്നത് അവര്‍ക്കനുയോജ്യമായ കോസ്റ്റ്യൂമുകള്‍ കൂടി ചേരുമ്പോഴാണ്. കഥാപാത്രത്തിന് പൂര്‍ണ്ണത വരുത്തുന്ന വിധത്തിലുള്ള വസ്ത്രധാരണരീതി കണ്ടെത്തുക എന്നത് തീര്‍ച്ചയായും ഒരു വെല്ലുവിളിയാണ്. അവിടെയാണ് ഒരു കോസ്റ്റ്യൂം ഡിസൈനറുടെ റോള്‍ വലുതാകുന്നത്. ഫഹദ് ഫാസില്‍ നായകനായ മാലിക് ആമസോണ്‍ പ്രൈമിലൂടെ നിറഞ്ഞോടിക്കൊണ്ടിരിക്കുമ്പോള്‍ ചിത്രത്തിലെ കോസ്റ്റ്യൂമുകളും ചര്‍ച്ചയാകുന്നുണ്ട്. ടേക്ക് ഓഫിലെ സമീറയെയും കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയെയുമെല്ലാം അണിയിച്ചൊരുക്കിയ ധന്യ ബാലകൃഷ്ണനാണ് സുലൈമാനെയും റോസ്‍ലിനെയും ഡേവിഡിനെയുമെല്ലാം ഒരോ കാലഘട്ടത്തിനും അനുയോജ്യമായ വിധത്തില്‍ ഒരുക്കിയെടുത്തത്. മാലികിനെക്കുറിച്ചും വസ്ത്രാലങ്കാര രംഗത്തെ പരീക്ഷണങ്ങളെക്കുറിച്ചും ധന്യ മീഡിയവണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.



മാലികിലെ കോസ്റ്റ്യൂം ഡിസൈനിംഗ് ഒരു വെല്ലുവിളിയായിരുന്നോ?

ഒരു കാലഘട്ടത്തിലൂടെ മാത്രം കടന്നുപോകുന്ന കഥയല്ല മാലികിലേത്. അന്‍പതുകളും 70കളും 80കളും 2000വും ഇന്നത്തെ കാലവുമെല്ലാം ചിത്രത്തിലൂടെ കടന്നുപോകുന്നുണ്ട്. കായംകുളം കൊച്ചുണ്ണിയെ സംബന്ധിച്ചിടത്തോളം അതില്‍ നമുക്ക് ഒരു ക്രിയേറ്റിവിറ്റി ഫ്രീഡം ഉണ്ടായിരുന്നു. കാരണം നമ്മളാരും കാണാത്ത കാലഘട്ടമായിരുന്നു അത്. പക്ഷെ മാലികില്‍ അങ്ങനെയല്ല, ആ കാലം കണ്ടവര്‍ ഇപ്പോഴും നമ്മളുടെ ഇടയിലുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ കാണാത്ത ഒരു ഈറയാണ് അമ്പതുകളും എണ്‍പതുകളുമൊക്കെ. എന്‍റെ ഓര്‍മയിലുള്ളത് 90ന് ശേഷമുള്ള കാലഘട്ടമാണ്. അതുകൊണ്ട് തന്നെ മാലികിലെ കോസ്റ്റ്യൂം ഡിസൈനിംഗ് ഒരു ചലഞ്ചായിരുന്നു. ബീമാപ്പള്ളി ഭാഗത്തുള്ള ആളുകള്‍ ആ സമയത്ത് ഉപയോഗിച്ചിരിന്ന കോസ്റ്റ്യൂംസ് ഉപയോഗിക്കുക എന്നതായിരുന്നു വെല്ലുവിളി. പക്ഷേ ഇന്‍ററസ്റ്റിംഗ് ആയിരുന്നു.

നിമിഷയെ നോക്കിയാല്‍ മനസിലാകും. നിമിഷക്ക് ചേരുന്ന നിറമല്ല ഉപയോഗിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ അവിടെയുള്ള ആളുകള്‍ എന്താണോ ഉപയോഗിച്ചിരുന്നത് ആ നിറങ്ങള്‍ തന്നെയാണ് കഥാപാത്രങ്ങള്‍ക്കും ഉപയോഗിച്ചത്. റോസ്‍ലിന്‍റെയും സുലൈമാന്‍റെയും കുട്ടി മരിക്കുന്ന സ്വീകന്‍സില്‍ നിമിഷ ഉടുക്കുന്ന സാരി അന്നത്തെ ഫാഷനാണ്. അല്ലാതെ കുട്ടി മരിച്ച സ്വീകന്‍സ് ആണെന്ന് കരുതി ഒരു മങ്ങിയ നിറം ഉപയോഗിച്ചിട്ടില്ല. ചില സിനിമകളില്‍ മരണ രംഗങ്ങളിലൊക്കെ ഡള്‍ കളര്‍ ഉപയോഗിക്കാറുണ്ട്. മനഃപൂര്‍വം അങ്ങനെ തന്നെ ചെയ്യുന്നതാണ്. എന്നാല്‍ മാലികിനെ സംബന്ധിച്ചിടത്തോളം റിയലിസ്റ്റിക് ആയിട്ടുള്ള ഒരു രീതിയാണ് സ്വീകരിച്ചത്.

നിമിഷയുടെ കമ്മലൊക്കെ പ്രത്യേകം പറഞ്ഞ് നിര്‍മ്മിച്ചതാണ്. അന്നത്തെ കാലത്ത് നീളമുള്ള മാലക്കൊപ്പം വലിയൊരു ലോക്കറ്റ് ഉപയോഗിക്കുകയായിരുന്നു ഫാഷന്‍. അതുകൊണ്ട് തന്നെ ആ രീതിയില്‍ തന്നെയാണ് മാലകളും ലോക്കറ്റുമൊക്കെ അങ്ങനെയാണ് ഡിസൈന്‍ ചെയ്തത്. പഴയ ഫോട്ടോകള്‍ റഫര്‍ ചെയ്തും സ്റ്റുഡിയോകളിലുമൊക്കെ പോയി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോസ് ഒക്കെ നോക്കിയാണ് അന്നത്തെ വസ്ത്രധാരണരീതിയെക്കുറിച്ച് മനസിലാക്കിയത്. പിന്നെ സംവിധായകന്‍ അവിടെപ്പോയപ്പോള്‍ ശേഖരിച്ച ഫോട്ടോകളും സഹായിച്ചു.



ഫഹദിന്‍റെ കോസ്റ്റ്യും

ക്യാരക്ടര്‍ വച്ചുനോക്കിയാല്‍ ഫഹദിന്‍റേത് ഭയങ്കര സ്ട്രോങ് ആയിട്ടുള്ള കഥാപാത്രമാണ്. സുലൈമാനെ സംബന്ധിച്ചിടത്തോളം കയ്യില്‍ കിട്ടുന്നത് എന്താണോ അത് ധരിക്കുന്ന വ്യക്തി. അതുകൊണ്ട് തന്നെ വലിയ പരീക്ഷണങ്ങളൊന്നും നടത്തിയില്ല. എന്നാല്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച ഡേവിഡ് അങ്ങനെയായിരുന്നില്ല. വളരെ വൈബ്രന്‍റ് ആയിട്ടുള്ള വ്യക്തിയാണ്. ഫാഷനൊക്കെ ഇഷ്ടപ്പെടുന്നയാള്‍. അതുകൊണ്ട് തന്നെ എന്‍റെ പരീക്ഷണം മുഴുവന്‍ ഡേവിഡിലായിരുന്നു. ഓരോ കാലഘട്ടത്തെ ഫാഷനുകള്‍ ഡേവിഡില്‍ പരീക്ഷിച്ചിട്ടുണ്ട്.

ജലജക്കൊപ്പമുള്ള അനുഭവം

സൂപ്പര്‍ ലേഡിയാണ് അവര്‍. സീനിയര്‍ ആര്‍ട്ടിസ്റ്റ് ആണെന്ന ഭാവമൊന്നും ഇല്ലാത്ത ആള്‍. എല്ലാവരോടും നന്നായിട്ടാണ് പെരുമാറിയത്. ചില പഴയ ആര്‍ട്ടിസ്റ്റുകളില്‍ നിന്നും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ് അവര്‍. ക്യാരക്ടര്‍ ആകാന്‍ റെഡിയായിട്ടുള്ള ഒരു നടി.



കായംകുളം കൊച്ചുണ്ണിയിലെ കോസ്റ്റ്യൂം ഡിസൈനിംഗ് കയ്യടി നേടിയിരുന്നല്ലോ?

കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായിരുന്നു എനിക്ക് ഏറ്റവും കൂടുതല്‍ പരീക്ഷണം നടത്താന്‍ പറ്റിയ വ്യക്തി. കൊച്ചുണ്ണിയെ സംബന്ധിച്ചിടത്തോളം ദരിദ്രമായ ഒരു ചുറ്റുപാടില്‍ വളര്‍ന്നയാളാണ്. അതുകൊണ്ട് തന്നെ അധികം പരീക്ഷണങ്ങള്‍ നടത്തേണ്ടി വന്നില്ല. പിന്നെ പക്കിയും കൊച്ചുണ്ണിയും കണ്ടുമുട്ടിയതായിട്ട് ചരിത്രത്തില്‍ എവിടെയും പറയുന്നില്ല. അത് ക്രീയേറ്റ് ചെയ്തിട്ടുള്ള വെര്‍ഷനാണ്. ധന്യയുടെ ക്രീയേറ്റിവിറ്റി അനുസരിച്ച് എന്തും ചെയ്യാമെന്നാണ് സംവിധായകന്‍ എന്നോട് പറഞ്ഞത്. വിദേശികളുമായി ബന്ധമുള്ള ആളാണ് പക്കി. പക്കിക്ക് സമ്മാനങ്ങള്‍ ലഭിക്കാറുണ്ട്. പക്കിയുടേതായ സൌകര്യങ്ങള്‍ ഉണ്ട്. പക്കിയുടെതായ ഒരു സ്റ്റൈല്‍ ക്രീയേറ്റ് ചെയ്തതാണ് സിനിമയില്‍ കണ്ടത്. ഇന്‍ഡോ-വെസ്റ്റേണ്‍ രീതിയാണ് പക്കിക്ക് വേണ്ടി ഉപയോഗിച്ചത് . ഗ്ലാഡിയേറ്ററില്‍ നിന്നും അടിച്ചുമാറ്റിയതല്ലേ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷെ അത് അന്നത്തെ ഫാഷനാണ്. അതെങ്ങനെ മറ്റൊരു സിനിമയില്‍ നിന്നുള്ള കോപ്പിയടിയാകും.


കായംകുളം കൊച്ചുണ്ണിയുടെ കാലഘട്ടമെന്ന് പറഞ്ഞാല്‍ ഇന്നത്തെ പോലെയല്ല ഒരുപാട് നിറങ്ങളില്ല അന്ന്. അന്നത്തെ കളേഴ്സിന് ഒരു പരിമിതിയുണ്ട്. പൂക്കളില്‍ നിന്നും മഞ്ഞളില്‍ നിന്നുമൊക്കെയാണ് നിറങ്ങള്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി ബേസിക് കോട്ടണ്‍ വാങ്ങി ഡൈ ചെയ്തെടുക്കുകയായിരുന്നു. അന്നത്തെ പ്രിന്‍റ് കിട്ടാന്‍ ബെഡ് ഷീറ്റും നൈറ്റിയുടെ തുണിയൊക്കെ യൂസ് ചെയ്തിട്ടുണ്ട്. ക്രീയേറ്റിവായി ശരിക്കും പണിയെടുത്തിട്ടുള്ള ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി.

ടേക്ക് ഓഫിലെ ഇറാഖി പട്ടാളക്കാരുടെ യൂണിഫോം ?

ആ യൂണിഫോമിന്‍റെ പ്രിന്‍റുകള്‍ വേറേയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇറാഖ് കണ്ടിട്ടില്ല. സിനിമക്ക് വേണ്ടി ആ രാജ്യത്തെക്കുറിച്ച് പഠിച്ചുവരുന്നതേയുള്ളൂ. അതിന് വേണ്ടി ഇറാഖിന്‍റെ വെബ്സൈറ്റുകള്‍ നോക്കി നോക്കി അവസാനം ഞങ്ങള്‍ നോട്ടപ്പുള്ളികളായി. ആദ്യം സംവിധായകനായിരുന്നു പിന്നെ ഞാനും. കാരണം നമ്മളീ നോക്കുന്നതൊക്കെ ഈ ഐ.എസിനെക്കുറിച്ചാണല്ലോ. പിന്നെ മെയിലൊക്കെ അയച്ച് പെര്‍മിഷന്‍ വാങ്ങുകയായിരുന്നു. പിന്നെ വീഡിയോകളൊക്കെ കണ്ടാണ് പട്ടാളക്കാരുടെ യൂണിഫോമിനെക്കുറിച്ച് ഏകദേശ ധാരണയുണ്ടാക്കിയത്.


കോസ്റ്റ്യൂം ഡിസൈന്‍ രംഗത്തേക്കുള്ള കടന്നുവരവ്?

എറണാകുളം സെന്‍റ്.തെരാസസിലാണ് ഞാന്‍ പഠിച്ചത്. പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ പ്രവീണ്‍ വര്‍മ്മ എന്‍റെ അധ്യാപകനായിരുന്നു. അന്‍വര്‍,ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി തുടങ്ങിയ ചിത്രങ്ങളുടെ കോസ്റ്റ്യൂം ഡിസൈനിംഗ് അദ്ദേഹമായിരുന്നു. സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഞാന്‍ അസിസ്റ്റ് ചെയ്തിരുന്നു. പഠനശേഷം തെരാസസില്‍ തന്നെ ഗസ്റ്റ് ലക്ചററായി ജോയിന്‍ ചെയ്തു. ആ സമയത്ത് പരസ്യങ്ങള്‍ ചെയ്തിരുന്നു. കോളേജിലും പോകാം നമ്മുടെ വര്‍ക്കും നടക്കും എന്ന ചിന്തയിലാണ് പരസ്യങ്ങള്‍ ചെയ്യാമെന്ന് തീരുമാനിച്ചത്. പിന്നീടാണ് ബൈസെക്കിള്‍ തീവ്സ് എന്ന് ചിത്രത്തിന് വേണ്ടി കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യുന്നത്. ഇതുവരെ 21 ചിത്രങ്ങള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, ടേക്ക് ഓഫ്, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, മാലിക് എന്നിവയാണ് ഏറ്റവും സംതൃപ്തി നല്‍കിയ ചിത്രങ്ങള്‍. ലാല്‍ സാറിന് വേണ്ടി കോസ്റ്റ്യും ചെയ്യുക എന്നത് വലിയൊരു സ്വപ്നമായിരുന്നു. കായംകുളം കൊച്ചുണ്ണിയിലൂടെ ആ സ്വപ്നം സഫലമായി.

പുതിയ സിനിമകള്‍?

വിനയന്‍ സംവിധാനം ചെയ്യുന്ന 19ാം നൂറ്റാണ്ടാണ് പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. രാജാവും രാജകൊട്ടാരവുമൊക്കെയായി ചരിത്ര പശ്ചാത്തലത്തിലുള്ളതാണ് ഈ ചിത്രം. പിടികിട്ടാപ്പുള്ളി, ചോര്‍, മലയന്‍ കുഞ്ഞ്, മൂണ്‍ വാക്ക് എന്നിവയാണ് മറ്റ് പ്രോജക്ടുകള്‍.

TAGS :

Next Story