''ഒരുപാട് നടന്മാരുടെ കാരവാനിന് മുമ്പില്‍ കഥ പറയാന്‍ കാത്തുനിന്നിട്ടുണ്ട് ഞാന്‍''
മലയാള സിനിമയിലെ ബംഗാളി നടനില്‍നിന്ന് ഹിറ്റ് സംവിധായകനിലേക്ക്. ദ ലാസ്റ്റ് ടു ഡെയ്സിന്‍റെ സംവിധായകന്‍ സന്തോഷ് ലക്ഷ്മണന്‍ സംസാരിക്കുന്നു.
പ്രേക്ഷകന്‍റെ നെഞ്ചിടിപ്പേറ്റിയാണ് ദ ലാസ്റ്റ് ദു ഡേയ്സ് അവസാനിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലാണ് കാണുന്നത് എന്ന് മറന്ന് പ്രേക്ഷകന്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചുപോകുന്നതും അതുകൊണ്ടുതന്നെയാണ്. വലിയ, വിശാലമായ കാന്‍വാസില്‍ പറയേണ്ട ഒരു കഥയെ, കഥയുടെ പേര് സൂചിപ്പിക്കുന്നതുപോലെ അവസാന രണ്ടുദിവസത്തെ കഥയാക്കി മനോഹരമായി വെട്ടിയൊതുക്കി നിര്‍ത്തിയിരിക്കുകയാണ് സംവിധായകന്‍.
നാട്ടിലെ രാഷ്ട്രീയപ്രവര്‍ത്തകരായ മൂന്ന് യുവാക്കളുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കുന്നതിന് മുമ്പ് സ്പെഷ്യല്‍ ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകാന്ത് ശര്‍മ ആ നാട്ടില്‍ അവസാനവട്ട നിരീക്ഷണത്തിനെത്തിയിരിക്കുകയാണ്. ആ 48 മണിക്കൂറിലെ ശ്രീകാന്ത് ശര്‍മയുടെ കണ്ടെത്തലുകളാണ് ചിത്രത്തിന്റെ ത്രില്ലര്‍മൂഡ് നിലനിര്‍ത്തുന്നത്.
ദീപക് പറമ്പോലിന്‍റെ നായക വേഷത്തോടൊപ്പം തന്നെ ചര്‍ച്ചയാകുകയാണ് സിനിമയുടെ സംവിധായകനായ സന്തോഷ് ലക്ഷ്മണനും. മലയാള സിനിമയിലെ സ്ഥിരം ബംഗാളിയെന്ന വിശേഷണത്തില്‍ മലയാളികള്‍ക്ക് പരിചിതനാണ് സന്തോഷ്. വടക്കന്‍ സെല്‍ഫി, ആക്ഷന്‍ ഹീറോ ബിജു, ആന്‍ മരിയ കലിപ്പിലാണ്, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?, വികൃതി, അഞ്ചാം പാതിര തുടങ്ങിയ മലയാള സിനിമകളിലെ ബംഗാളി മുഖമാണ് സന്തോഷ്. കഴിഞ്ഞില്ല കര്‍മയോദ്ധ, ഹാപ്പി ജേര്‍ണി, ഒരു വടക്കന്‍ സെല്‍ഫി, പിക്കറ്റ് 43, ആദി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?, 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്നീ സിനിമകളുടെ അസിസ്റ്റന്‍റ് ഡയറക്ടറുമായിരുന്നു അദ്ദേഹം. ലുട്ടാപ്പി, ഒറ്റമൂലി എന്നീ രണ്ട് കൊച്ചുചിത്രങ്ങളും നേരത്തെ സന്തോഷ് സംവിധാനം ചെയ്തിട്ടുണ്ട്.
ഇതാ ഇവിടെയുണ്ട്, മലയാള സിനിമയിലെ സ്ഥിരം ബംഗാളി
സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ആ രണ്ടു ദിവസത്തെ കഥയെ... സിനിമ പകര്‍ന്നു തരുന്ന നടുക്കത്തിലാണ് ഓരോ പ്രേക്ഷകനും.. ആദ്യ സിനിമയെന്ന ടെന്‍ഷനുണ്ടായിരുന്നോ?
സിനിമ ആളുകള്‍ ഏറ്റെടുത്തു, ചര്‍ച്ച ചെയ്യുന്നു, അഭിപ്രായം അറിയിക്കുന്നു എന്നത് ശരിക്കും സന്തോഷിപ്പിക്കുന്നുണ്ട്. കൊറോണയും ലോക്ക്ഡൌണും ഉണ്ടാക്കിയ പ്രതിസന്ധി, കൂടെ ലക്ഷദ്വീപ് ചര്‍ച്ചകള്‍ അതിനിടയിലേക്കാണ് സിനിമ വരുന്നത്.. അതിന്‍റെ ഒരു ടെന്‍ഷനുണ്ടായിരുന്നു. പിന്നെ സിനിമയില്‍ ഒളിപ്പിച്ചുവെച്ച സസ്പെന്‍സ് ആദ്യമേ പുറത്തുവിടാനും പറ്റില്ലായിരുന്നു. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വലിയ താരനിരയൊന്നുമില്ലാത്ത ചിത്രം. പക്ഷേ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ഈ കൊച്ചുചിത്രത്തെ കുറിച്ച് കുറച്ചൊക്കെ ആളുകള്‍ അറിഞ്ഞു തുടങ്ങി. സിനിമ പുറത്തിറങ്ങിയപ്പോള്‍ അതുകൊണ്ടുതന്നെ കൂടുതല്‍ ആളുകളിലേക്ക് എത്തുകയും ചെയ്തു.
നായക വേഷം ദീപക് പറമ്പോലിലേക്ക് എത്തുന്നത് എങ്ങനെയാണ്?
അതിന് ഒറ്റവരി ഉത്തരമേയുള്ളൂ.. ദീപക് അടിപൊളിയാണ്.. ഏത് ടൈപ്പ് കോസ്റ്റ്യൂമും പുള്ളിക്ക് ഓക്കെയാണ്. സിനിമ വിജയിക്കാന്‍ വേണ്ടി ഒരു താരത്തെ കൊണ്ടുവരിക എന്നതല്ല, ആ കഥാപാത്രത്തെ ആര് ചെയ്താല്‍ പുതുമയുണ്ടാകും എന്നതായിരുന്നു ഈ കഥ എഴുതുമ്പോള്‍ എന്‍റെ മനസ്സിലുണ്ടായിരുന്ന കാര്യം. കണ്ടുമടുത്ത പൊലീസുകാര്‍ വേണ്ട. പുതിയ ഒരാള്‍ മതി എന്നുറപ്പിച്ചു. റിസ്ക് ആണ് എന്നറിയാമായിരുന്നു. റിസ്‍കെടുക്കാം എന്ന് ഉറപ്പിച്ചു.
കൂടുതലും ദീപകിനെ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളത് നാടന്‍ കഥാപാത്രങ്ങളിലാണ്.. ഒരുപാട് കൂട്ടുകാര്‍ക്കൊപ്പമുള്ള ഒരു കഥാപാത്രം... പിന്നെ ഒരു സംവിധായകന് തൃപ്തിയാവുന്ന ഔട്ട് കിട്ടുംവരെ അഭിനേതാക്കളോട് പെര്‍ഫോം ചെയ്യാന്‍ ആവശ്യപ്പെടണമെങ്കില്‍ ആ സ്വാതന്ത്ര്യം എടുക്കാന്‍ കഴിയണം. പരസ്പരം തിരുത്താന്‍ കഴിയണം. കഥാപാത്രത്തെ മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കണം.. ആ അര്‍ത്ഥത്തില്‍ ഞാന്‍ ദീപക്കിനടുത്ത് നല്ല കംഫര്‍ട്ടായിരുന്നു.
ദീപക് നല്ല സ്ക്രിപ്റ്റ് സെന്‍സുള്ള ആളാണ്. കൊള്ളാമെങ്കില്‍ കൊള്ളാം, കൊള്ളില്ലെങ്കില്‍ കൊള്ളില്ല എന്ന് തന്നെ പറയുന്ന ആളാണ്. ലോക്ക്ഡൌണ്‍ സമയത്ത് ഫോണിലൂടെയാണ് ദീപകിനോട് കഥ പറയുന്നത്. കഥ ഇഷ്ടപ്പെട്ടു, ചെയ്യാമെന്ന് ദീപക് സമ്മതിക്കുന്നു. സെക്കന്‍റ് കാരക്ടര്‍ നന്ദന്‍ എന്നും ഉറപ്പിച്ചു. അതുവരെ നന്ദന്‍റെ വേഷങ്ങളെല്ലാം മുടിയൊക്കെ നീട്ടി വളര്‍ത്തി ലുക്കിലുള്ളതായിരുന്നു. മുടിയൊക്കെ ഒന്ന് ചെത്തിമിനുക്കിയെടുത്തപ്പോള്‍ നന്ദനും പൊലീസുകാരനായി. അതിഥി രവി, അതിഥി റോളാണെങ്കിലും കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് അവരുടെ വരവാണ്.
ആ പെണ്‍കുട്ടികളടക്കം എല്ലാവരും തങ്ങളുടെ റോള്‍ ഭംഗിയാക്കി. കഥാപാത്രങ്ങളും അഭിനേതാക്കളും സംവിധായകന്‍റെ കയ്യില്‍ ഭദ്രമായിരുന്നു. എങ്ങനെയാണ് ഇത് സാധിച്ചത്?
ഓഡിഷന്‍ നടത്തിയാണ് ആ പെണ്‍കുട്ടികളെ തെരഞ്ഞെടുത്തത്. കോവിഡിന്‍റെ യാത്രാ ബുദ്ധിമുട്ടുകള്‍ ഉള്ള സമയത്തായിരുന്നു ഓഡിഷന്‍. അതുകൊണ്ട് തന്നെ ഒരുപാട് പേര്‍ക്കൊന്നും പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഗൂഗിള്‍ മീറ്റ് വഴിയാണ് ഓഡിഷന്‍റെ വലിയൊരു ഭാഗം നടന്നത്. ദേവു എന്ന കഥാപാത്രമാണ് അതില്‍ പ്രധാനപ്പെട്ടത്, പിന്നെ കീര്‍ത്തിയെന്ന കഥാപാത്രവും.
എന്താണ് സിനിമയുടെ കഥ എന്ന് എനിക്ക് കൂട്ടികളെയും അവരുടെ മാതാപിതാക്കളെയും ബോധ്യപ്പെടുത്തണമായിരുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് തന്നെ കഥയെ കുറിച്ച് അവരോട് സംസാരിച്ചു. അവരെല്ലാം കഥയിലെ സോഷ്യല്‍ കമ്മിറ്റ്മെന്‍റിനെ പോസിറ്റീവായിട്ടാണ് എടുത്തത്. കുറച്ച് സീനുകളിലേ ഉള്ളൂവെങ്കില്‍ പോലും ആ ഒമ്പത് പെണ്‍കുട്ടികളും നിരാശപ്പെടുത്തിയിട്ടില്ല.
ദീപക് പറമ്മേല്‍, നന്ദന്‍ ഉണ്ണി, ധര്‍മജന്‍ ബോള്‍ഗാട്ടി, മേജര്‍ രവി അല്ലാതെയുള്ള മുഖങ്ങളും പുതിയത് തന്നെ.. എല്ലാവരും സ്ട്രഗിളിംഗ് പെര്‍ഫോമേഴ്സ് ആണ്. പലരും ശരിയായ ഒരു സ്പേസ് കിട്ടാതെ പോയവര്‍. അവരെയെല്ലാം എനിക്ക് എന്‍റെ വഞ്ചിയില്‍ കയറ്റി കൊണ്ട് പോകാന്‍ കഴിയുന്നവരാണ്. അവരോടെല്ലാം ഞാന്‍ കയറുന്നോ എന്ന് ചോദിച്ചു. അവര് കയറി. മുന്നോട്ട് തുഴയാനുള്ള ധൈര്യമുണ്ടായിരുന്നു. പിന്നെ മുന്നോട്ട് ഒരു പോക്കായിരുന്നു.
സമരം, മരണം, തിരോധാനം അങ്ങനെയങ്ങനെ ഒരുപാട് പ്രമേയങ്ങളാണ് സിനിമ കൈകാര്യം ചെയ്യുന്നത്... എന്തുകൊണ്ടാണ് എന്നിട്ടും കഥ പറയാന്‍ ഇങ്ങനെയൊരു രീതി സ്വീകരിച്ചത്?
ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ബഡ്ജറ്റിനുള്ളില്‍ നിന്നും ചെയ്യണമെന്നുള്ളതുതന്നെ. മറ്റൊന്ന് വലിയ കഥ ഒരു വലിയ കാന്‍വാസില്‍ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കഴിയുമായിരുന്നില്ല. ദിവസം പതിനായിരത്തിലധികമായിരുന്നു ആ സമയത്ത് കോവിഡ് കേസുകള്‍. അതിനിടയിലാണ് ഷൂട്ടിംഗിന് ഗവണ്‍മെന്‍റ് അനുമതി നല്‍കുന്നത്. ആളുകളെ കുറച്ച് വേണം ഷൂട്ടിംഗ് എന്ന് നിബന്ധനയുണ്ട്. അതുകൊണ്ടാണ് പല സീനുകളും വെറും കഥ പറച്ചിലിലേക്ക് മാറ്റിയത്. വള്ളം മറിയുന്ന സീനും കുട്ടികള്‍ ആക്രമിക്കപ്പെടുന്ന സീനും എല്ലാം നരേഷനിലേക്ക് മാത്രമൊതുങ്ങുന്നത് അങ്ങനെയാണ്.
പിന്നെ കോവിഡ് സമയത്ത് എന്ത് ചെയ്തു, ഞാനൊരു സിനിമ ചെയ്തു -എന്ന് വെറുതെ പറയുക അല്ല എനിക്ക് വേണ്ടത്. സിനിമ മാക്സിമം മെച്ചപ്പെടുത്താനുള്ള എല്ലാ ഹാര്‍ഡ് വര്‍ക്കും ചെയ്തു. ചെറുതായാലും വലുതായും ഞാന്‍ ചെയ്യുന്ന സിനിമ പബ്ലിക് കാണും. ഞാനെന്ന സംവിധായകനെ അവര്‍ വിലയിരുത്തും. കൊള്ളില്ലെങ്കില്‍ അത് മുഖത്ത് നോക്കി പറയുകയും ചെയ്യും. സംവിധായകനാകാന്‍ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. ഇതോടുകൂടി അത് നിന്നുപോകരുത്. എനിക്ക് വിജയിച്ചേ മതിയാകുമായിരുന്നുള്ളൂ. ഇതിലും നന്നായി ഈ സിനിമ ചെയ്യാമായിരുന്നു. അത് കാണുന്നവര്‍ക്കുമറിയാം എനിക്കുമറിയാം.
ഒരുപാട് നടന്മാരുടെ കാരവാനിന് മുമ്പില്‍ കഥ പറയാന്‍ കാത്തുനിന്നിട്ടുണ്ട് ഞാന്‍. എന്നെക്കണ്ടിട്ട്, എന്ത് ധൈര്യത്തില്‍ സിനിമ ചെയ്യാനിറങ്ങുമെന്ന ആശങ്കയാണ് ഞാനവരുടെ മുഖത്ത് കണ്ടത്. ഇനിയും ഒരുപാട് കഥകളുണ്ട് കയ്യില്‍.. നല്ല സംവിധായകനെന്ന് പ്രേക്ഷകര്‍ അംഗീകരിച്ച വിശ്വാസത്തില്‍ ആ കഥ പറച്ചിലുകള്‍ തുടരണം. ഇനിയൊരു പക്കാ എന്‍റര്‍ടെയ്ന്‍മെന്‍റായിരിക്കും അടുത്തത്.
എവിടെയാണ് ലൊക്കേഷന്‍?
പള്ളുരുത്തിക്ക് അകത്തേക്ക് നമ്പ്യാപുരം എന്ന് പറയുന്ന ഒരു സ്ഥലമുണ്ട്. അവിടുന്ന് നാലുകിലോമീറ്റര്‍ മാറി കുതിരക്കൂര്‍ക്കരി എന്നൊരു സ്ഥലമുണ്ട്. വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു സ്ഥലം. എവിടെ എങ്ങനെ വെച്ചാലും മനോഹര ഫ്രെയിം കിട്ടുന്ന സ്ഥലം. കോവിഡിന്‍റെ പ്രോട്ടോക്കോള്‍ പാലിച്ച് ഷൂട്ട് ചെയ്യാന്‍ അത്രയധികം ആ നാട്ടുകാരും സഹായിച്ചു.
എപ്പോഴും ഒരു സോഷ്യല്‍ കമ്മിറ്റ്മെന്‍റ് കാത്തുസൂക്ഷിക്കുന്ന ആളാണ്. അതിന് സിനിമയെന്ന മാധ്യമത്തെ വൃത്തിയായി ഉപയോഗിക്കുക എന്നാണോ?
സോഷ്യല്‍ കമ്മിറ്റ്മെന്‍റുള്ള സിനിമയേ ചെയ്യൂ എന്നല്ല. നമ്മള്‍ എന്തായാലും ഒരു സിനിമ ചെയ്യുകയാണ്. ആ സിനിമയില്‍ എവിടെയെങ്കിലും ഒരു സോഷ്യല്‍ കമ്മിറ്റ്മെന്‍റ് വരികയാണെങ്കില്‍ അത് നല്ലതല്ലേ... അത് കുറേ ആള്‍ക്കാര്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റും. മൊബൈല്‍ ഉപയോഗത്തിന്‍റെ പ്രശ്നങ്ങളാണ് ഒറ്റമൂലി എന്ന ഷോര്‍ട്ട് ഫിലിമില്‍ പറഞ്ഞത്. ലുട്ടാപ്പിയില്‍ സ്ത്രീകളുടെ സുരക്ഷയായിരുന്നു പ്രമേയം.- അതൊക്കെ ചെയ്തുവരുമ്പോള്‍ ആയി വരുന്നതാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമം എവിടെ നടന്നെന്ന് കേട്ടാലും നമുക്ക് ഒരു വിഷമമാണ്. എല്ലാവരും മനുഷ്യരല്ലേ. മനുഷ്യരില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തോട് ഇങ്ങനെ ക്രൂരമാകാന്‍ പാടുണ്ടോ... പല സംഭവങ്ങളിലും സര്‍ക്കാരിനോ നിയമത്തിനോ ഒന്നും ചെയ്യാന്‍ കഴിയാറില്ല. വേദനിച്ച ആള്‍ക്ക് വേദനിച്ചത് തന്നെയാണ്. നഷ്ടം ബന്ധുക്കള്‍ക്കാണ്. അത് നമ്മള്‍ക്കാണ് സംഭവിച്ചത് എന്ന് ചിന്തിച്ചുനോക്കു. എത്രമാത്രം വേദനയുണ്ടാക്കും അത്.
അടുത്ത പല പെണ്‍സുഹൃത്തുക്കളോടും കഥയുടെ ആശയം പങ്കുവെച്ചപ്പോള്‍ എല്ലാവരും വേദനയോടെ ഓഹ് എന്ന് പറഞ്ഞ് മുഖം ചുളിക്കുകയായിരുന്നു. അതുകൊണ്ടാണ് കഥയുടെ ആ പ്ലോട്ടുമായി തന്നെ മുന്നോട്ടുപോയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ സിനിമകളില്‍ ഒരുപാട് ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. മനുഷ്യന്‍റെ ക്രൂരതയ്ക്ക് എന്നിട്ടും അവസാനമായിട്ടില്ല. അതുകൊണ്ടാണ് ഇത്തരമൊരു കഥയുമായി മുന്നോട്ടുപോയത്. സിനിമ കണ്ടവരെല്ലാം ചര്‍ച്ച ചെയ്യുന്നത് കഥയിലെ ആ പോയിന്‍റാണ്.
ചിത്രത്തില്‍ ഒരു സീനില്‍ വന്നുപോകുന്ന സംവിധായകനെ ആരെങ്കിലും കണ്ടുപിടിച്ചോ?
ഇല്ല എന്നതാണ് വാസ്തവം. ബംഗാളിക്ക് സിനിമയില്‍ റോളില്ലാഞ്ഞിട്ടാണോ സ്വന്തം സിനിമയില്‍ അഭിനയിക്കാഞ്ഞത് എന്നാണ് പലരും ചോദിച്ചത്. അവരോട് ഞാന്‍ പറഞ്ഞത്, നിങ്ങള്‍ക്ക് തെറ്റി, ഞാനുണ്ട് സിനിമയില്‍. കണ്ട് പിടിക്കെന്നാണ്. അതങ്ങനെ ശ്രദ്ധിക്കാന്‍ വേണ്ടി കയറി നിന്നതൊന്നുമല്ല. പല വ്യത്യസ്ത ലുക്കുള്ളവര്‍ വേണമായിരുന്നു. അതിലൊന്ന് ഞാനായിക്കോട്ടെ എന്ന് കരുതി.
Adjust Story Font
16