Quantcast

ആക്ഷനും വയലന്‍‌സും ഇല്ലാതെ ഒരു ഹൊറര്‍ ത്രില്ലർ; സംവിധാന മികവിൽ കോൾഡ് കേസ്

രണ്ട് വ്യത്യസ്ത ജോണറുകളിലൂടെ കഥ പറയുക, എന്ന തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമാ അനുഭവമാണ് കോള്‍ഡ് കേസിലൂടെ തനു ബാലക് പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കിയിരിക്കുന്നത്...

MediaOne Logo

ഖാസിദ കലാം

  • Updated:

    2021-07-09 01:03:56.0

Published:

8 July 2021 1:40 PM GMT

ആക്ഷനും വയലന്‍‌സും ഇല്ലാതെ ഒരു ഹൊറര്‍ ത്രില്ലർ; സംവിധാന മികവിൽ കോൾഡ് കേസ്
X

തനു ബാലക് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം‍, കോള്‍ഡ് കേസ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി ജൂണ്‍ 30നായിരുന്നു ചിത്രത്തിന്‍റെ ഗ്ലോബല്‍ പ്രീമിയര്‍. രണ്ട് വ്യത്യസ്ത ജോണറുകളിലൂടെ കഥ പറയുക, എന്ന തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമാ അനുഭവമാണ് കോള്‍ഡ് കേസിലൂടെ തനു ബാലക് പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ഈ അടുത്ത കാലത്ത് ഇറങ്ങിയതില്‍ കൂടുതല്‍ ആളുകള്‍ക്ക് കണ്ട, ഇഷ്ടപ്പെട്ട, ചര്‍ച്ച ചെയ്ത മൂവി ആണ് കോള്‍ഡ് കേസ്. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ ലക്ഷ്യം വെച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും കുടുംബ പ്രേക്ഷകരില്‍ നിന്ന് പ്രത്യേകിച്ച് സ്ത്രീകളുടെ ഭാഗത്ത് നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നതെന്നും സംവിധായകന്‍ തനു ബാലക് പറയുന്നു. തിയേറ്ററില്‍ പോയി സിനിമ കാണാന്‍ ഇഷ്ടപ്പെടുന്ന, ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്ന സാധാരണ പ്രേക്ഷകര്‍ക്കായാണ് കോള്‍ഡ് കേസ് ഒരുക്കിയത്. അവരാണ് സിനിമ ഏറ്റെടുത്തിട്ടുള്ളതും. ക്രൈം തില്ലറായിട്ടും കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുമെന്നുറപ്പുള്ളതുകൊണ്ടാണ് സിനിമയില്‍ വയലന്‍സ് സീനുകള്‍ കുറച്ചത്. കൊലപാതകവും ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്ന സീനും സിനിമയില്‍ ഉള്‍പ്പെടുത്താതെ സൂചനകളിലൂടെ പറഞ്ഞു പോയത് അതുകൊണ്ടാണെന്നും സംവിധായകന്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പൃഥ്വിരാജിന്‍റെ പൊലീസ് വേഷം എന്നായിരുന്നു ഷൂട്ടിംഗ് സമയത്ത് ചിത്രത്തിന്‍റെ പ്രത്യേകത എങ്കില്‍, റിലീസോടു കൂടി പൃഥ്വിരാജിന്‍റെ നായക വേഷത്തില്‍ ഒ.ടി.ടിയില്‍ റിലീസാകുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും കൂടി കോള്‍ഡ് കേസിന് ലഭിച്ചു. ഒ.ടി.ടി റിലീസ് സിനിമയ്ക്ക് വളരെയേറെ ഗുണം ചെയ്തെന്നും തനു ബാലക് പറയുന്നു. 240 ഓളം രാജ്യങ്ങളിലുള്ള ആളുകളിലേക്ക് ഒറ്റ ദിവസം കൊണ്ടാണ് സിനിമയെത്തിയത്. അതൊരു വലിയ കാര്യം തന്നെയാണ്. നിലവിലെ സാഹചര്യത്തില്‍, കോവിഡ് ഭീതിയും സമൂഹിക അകലവും നിലനിര്‍ത്തി തിയേറ്റര്‍ തുറന്നിരുന്നെങ്കില്‍ എത്ര ദിവസമെടുത്താലും ഇത്രയും ആളുകളിലേക്ക് സിനിമ എത്തില്ലായിരുന്നുവെന്നും തനു ബാലക് പറയുന്നു

രണ്ട് ജോണറുകളില്‍ കഥ പറയുന്ന രീതി മലയാള സിനിമ ഇതുവരെ പരീക്ഷിക്കാത്ത കഥ പറച്ചില്‍ രീതിയാണ്. ഒരുഭാഗത്ത് സൂപ്പര്‍ നാച്വറല്‍ പവര്‍ ‍ആണ് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നതെങ്കില്‍, മറ്റൊരു ഭാഗത്ത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ലോജിക്കുകള്‍ വെച്ച്, സിസ്റ്റമാറ്റിക് ആയിട്ടാണ് കേസ് അന്വേഷിക്കുന്നത്. പ്രേതത്തെ കാണിക്കാതെ വെറും സാന്നിധ്യം മാത്രമായി അവതരിപ്പിച്ചിരിക്കുന്ന രീതിയും ചിത്രത്തിന്‍റെ മേക്കിംഗിലെ പ്രത്യേകതയാണ്. ഈ അതീന്ദ്രീയാനുഭവങ്ങളും ഇന്‍വെസ്റ്റിഗേഷനും എപ്പോള്‍ എങ്ങനെ കൂട്ടിമുട്ടും എന്ന സസ്പെന്‍സ് സിനിമയിലുടനീളം നിലനിര്‍ത്താനും സംവിധായകനായി. പ്രവചനാതീതമാണ് ചിത്രത്തിന്‍റെ കൈമാക്സ് എന്നതും ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചു.

എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത സിനിമറ്റോഗ്രാഫി തന്നെയാണ്. തുടക്കത്തില്‍ ജോമോന്‍ ടി ജോണും പിന്നീട് ഗിരീഷ് ഗംഗാധരനുമാണ് ചിത്രത്തിന് കാമറ ചെയ്തിരിക്കുന്നത്. ഡാര്‍ക്ക് മൂഡിലുള്ള, ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ രീതിയിലാണ് സിനിമയ്ക്കായി ഫ്രെയിമുകള്‍ ചെയ്തിരിക്കുന്നതെന്നും തനും ബാലക് പറയുന്നു. ഇരുട്ടും മഴയും ഇടിമിന്നലും ഒക്കെയാണ് കൂടുതലുള്ളത്. സെറ്റ് പോലും പോളിഷ്ഡ് സെറ്റല്ല, റഫ് ആണ്, സ്ക്രാച്ച്ഡ് ആണ്.. ഡാര്‍ക്ക് ആന്‍ഡ് ലൈറ്റ് ഷെയ്ഡ് ആണ്. ഫ്രെയിമും ലൈറ്റ് അപ്പും എല്ലാം ചെയ്തിരിക്കുന്നത് അങ്ങനെയാണ്. വെളിച്ചത്തിനായി മെഴുകുതിരി മാത്രമുപയോഗിച്ചാണ് ചില സീനുകളൊക്കെ ചെയ്തിട്ടുള്ളത്.

കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എ.സി.പി സത്യജിത്ത് ആയി പൃഥ്വിരാജും അമാനുഷിക ശക്തി വഴികാട്ടുന്ന മാധ്യമ പ്രവര്‍ത്തക മേധ പത്മജയായി അരുവി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിതി ബാലനും അഭിനയിച്ചിരിക്കുന്നു. നായാട്ടിന് ശേഷം അനില്‍ നെടുമങ്ങാടിന്‍റെ പൊലീസ് വേഷവും അലന്‍സിയറിന്‍റെ അമ്മാവന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. ലക്ഷ്മി പ്രിയയും ആത്മീയയും സുചിത്ര പിള്ളയും മാല പാര്‍വ്വതിയും എല്ലാം തങ്ങളുടെ വേഷത്തെ മികച്ചതാക്കി.

TAGS :

Next Story