''നെഗറ്റീവ് റിവ്യൂകളാണ് സിനിമയെ വിജയിപ്പിച്ചത്''
കോള്‍ഡ് കേസ് സിനിമയെ കുറിച്ചും സിനിമയ്ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെകുറിച്ചും സംവിധായകന്‍ തനു ബാലക്
പരസ്യ നിര്‍മാണ രംഗത്ത് നിന്ന് സിനിമാ സംവിധാനത്തിലേക്ക് എത്തിയവരും, സിനിമറ്റോഗ്രാഫിയില്‍ നിന്ന് സംവിധായക കുപ്പായമണിഞ്ഞവരും നമുക്കിടയിലുണ്ട്.. പ്രിയദര്‍ശനും വി കെ പ്രകാശും, ആഷിഖ് അബുവും. ടി കെ രാജീവ് കുമാറും മാര്‍ട്ടിന്‍ പ്രക്കാട്ടുമെല്ലാം ഒരേ സമയം ആഡ് ഫിലിം മേക്കേഴ്സും ഫിലിം മേക്കേഴ്സുമാണ്. അതുപോലെ തന്നെയാണ് ഛായാഗ്രാഹകന്‍ ഫിലിം മേക്കേഴ്സ് ആകുന്നതും. ഷാജി എന്‍ കരുണ്‍, സന്തോഷ് ശിവന്‍, വേണു, അമല്‍ നീരദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, രാജീവ് രവി, ജിബു ജേക്കബ്, സുജിത് വാസുദേവ്, ഷംദത്ത് സൈനുദ്ദീന്‍ തുടങ്ങി സംവിധായകരായി മാറിയ കാമറാമാന്‍മാര്‍ നിരവധിയാണ്. അതിലേക്ക് അവസാനം ചേര്‍ത്തുവെച്ച പേര് ആയിരിക്കുകയാണ് തനു ബാലക്. ആഡ് ഫിലിം മേക്കിംഗ് രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ചാണ് അദ്ദേഹം ഇപ്പോള്‍ സംവിധായക വേഷത്തിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ജോണറുകളിലൂടെ കഥ പറയുക, എന്ന തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമാ അനുഭവമാണ് കോള്‍ഡ് കേസിലൂടെ തനു ബാലക് പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കിയിരിക്കുന്നത്.
പരസ്യചിത്ര സംവിധായകന്‍ എന്നതിനപ്പുറം ഒരു സിനിമാ സംവിധായകനാകുക എന്ന സ്വപ്നത്തിന്‍റെ പിറകെയായിരുന്നോ, അതോ തീര്‍ത്തും യാദൃശ്ചികമായി സംഭവിക്കുകയായിരുന്നോ കോള്‍ഡ് കേസ്?
എനിക്ക് സിനിമറ്റോഗ്രാഫിയും ഡയറക്ഷനും ഇഷ്ടമാണ്... പ്രൊഫഷണലി ഞാനൊരു ആഡ് ഫിലിം മേക്കറാണ്. കൂടുതലും പരസ്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നല്ലൊരു സ്ക്രിപ്റ്റും സാഹചര്യങ്ങളും ഒത്തുവന്നപ്പോള്‍ സിനിമയെന്ന സ്വപ്നത്തിലേക്കും എത്തി.. ആഗ്രഹങ്ങളില്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ... എല്ലാവര്‍ക്കും ഓരോ ആഗ്രഹങ്ങളുണ്ട്.. അത് നിറവേറ്റുന്നതിനാണല്ലോ മനുഷ്യന്മാര്‍ ജീവിക്കുന്നത് തന്നെ...
പ്രേക്ഷകരെ സംബന്ധിച്ച് ഒരു പുതുമുഖ സംവിധായകനാണ് തനു ബാലക്..സിനിമയിറങ്ങി ഒരാഴ്ചയായപ്പോള്‍ എന്താണ് പ്രേക്ഷക പ്രതികരണം?
പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് പ്രതികരണം തന്നെയാണ് കിട്ടുന്നത്. ഒരുപാട് പേര്‍ കണ്ടു... ഒടിടി ഫ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത പടമാണ്.. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രത്തിന്‍റെ റിലീസ്. 240 ഓളം രാജ്യങ്ങളിലുള്ള ആളുകളിലേക്ക് സിനിമയെത്തി.. അതൊരു വലിയ കാര്യം തന്നെയാണ്... കാരണം നിലവിലെ സാഹചര്യത്തില്‍ തിയേറ്റര്‍ തുറന്നിരുന്നെങ്കില്‍ പോലും ഇത്രയും ആളുകളിലേക്ക് എത്തില്ലായിരുന്നു.
വിമര്‍ശനങ്ങളും ഉയരുന്നുണ്ടല്ലോ.. എന്താവും അതിന് കാരണം?
സോഷ്യല്‍ മീഡിയ വഴിയും മറ്റും ഒരുപാട് വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. ചില റിവ്യൂകളൊക്കെ നമ്മളെന്തോ വന്‍ അപരാധം ചെയ്ത പോലെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് എനിക്ക് ലഭിക്കുന്ന പോസിറ്റീവായ പ്രതികരണങ്ങള്‍. സാധാരണ ജനങ്ങളുടെ പ്രതികരണത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. കോമണ്‍ ഓഡിയന്‍സിന് സിനിമ ഇഷ്ടപ്പെട്ടു.
ഈ നെഗറ്റീവ് റിവ്യൂകള്‍ ശരിക്കും സിനിമയ്ക്ക് ഗുണം ചെയ്യുകയാണ് ഉണ്ടായത്.. പോസിറ്റീവ് പറഞ്ഞാല്‍ ആരും അത് ശ്രദ്ധിക്കില്ല, വായിക്കില്ല.. എന്തിന് സിനിമ കാണാന്‍ പോലും തയ്യാറായെന്ന് വരില്ല. റിവ്യൂകള്‍ കണ്ട്, പലരും സിനിമ ഇരുന്ന് കണ്ടത് വിമര്‍ശിക്കാന്‍ വേണ്ടിയാണ് എന്നാണ് പിന്നീട് വിളിച്ചപ്പോള്‍ തുറന്ന് പറഞ്ഞത്. സത്യം പറഞ്ഞാല്‍ നെഗറ്റീവ് റിവ്യൂകളാണ് സിനിമയെ വിജയിപ്പിച്ചത്.. എന്തുകൊണ്ടാണ് ഇത്തരം നെഗറ്റീവ് റിവ്യൂ എന്നാണ് പ്രേക്ഷകര്‍ എന്നോട് ചോദിക്കുന്നത്. വിമര്‍ശനം വേണം.. പക്ഷേ, ഏത് വിമര്‍ശനത്തിനും അതിന്‍റെ ഒരു പോസിറ്റീവ് സൈഡ് ഉണ്ടാകും.. അതും കൂടി പറയുന്നത് ആണ് മാന്യത.. അതിന് പകരം വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുക എന്നതായിരുന്നു സംഭവിച്ചത്. ഒരു സിനിമ നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ തിയേറ്ററില്‍ നിന്നാണേല്‍ ഇറങ്ങിപ്പോരാം, ഡിജിറ്റല്‍ ലോകത്ത് ജസ്റ്റ് ഒരു വിന്‍ഡോ ക്ലോസ് ചെയ്താല്‍ മാത്രം മതി. പക്ഷേ ഇവിടെ സിനിമ മുഴുവന്‍ കണ്ടിട്ട് തന്നെയാണ് ഈ വിമര്‍ശനം എന്നതാണ് ഏറ്റവും രസം.
ക്ലൈമാക്സ് പ്രവചനാതീതമല്ല.. ആരാണ് വില്ലനെന്ന് പോലും പ്രേക്ഷകരുടെ മുന്‍ധാരണയ്ക്ക് അപ്പുറമാണ്. ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ലോജിക് വെച്ചും സിസ്റ്റമാറ്റിക് ആയിട്ടും തന്നെയാണ് കേസ് അന്വേഷിക്കുന്നത്. പ്രേതത്തിനും അതേ ലോജിക് വേണം എന്ന് പറയുന്നത് വിരോധാഭാസമല്ലേ.. പ്രേതത്തിന് എന്തു വേണമെങ്കിലും ചെയ്യാം... പ്രേതത്തെ കാണിക്കാതെയാണ് സിനിമ. സിനിമയുടെ മൊത്തത്തിലുള്ള ട്രീറ്റ്മെന്‍റ് തന്നെ അങ്ങനെയായിരുന്നു. വയലന്‍സ് കുറച്ചാണ് ഓരോ സീനും ഷൂട്ട് ചെയ്തത്. കൊലപാതക സീന്‍ ആയാലും, ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്ന സീന്‍ ആയാലും ആ തീരുമാനത്തിന്‍റെ പുറത്ത് ഒഴിവാക്കിയതാണ്.
എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ ലക്ഷ്യം വെച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരില്‍ നിന്ന് പ്രത്യേകിച്ച് സ്ത്രീകളുടെ ഭാഗത്ത് നിന്ന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ഈ അടുത്ത കാലത്ത് ഇറങ്ങിയതില്‍ കൂടുതല്‍ ആളുകള്‍ക്ക് കണ്ട, ഇഷ്ടപ്പെട്ട, ചര്‍ച്ച ചെയ്ത മൂവി തന്നെ ആണ് ഇത്. മലയാള സിനിമയുടെ പ്രേക്ഷകര്‍ക്കായാണ് കോള്‍ഡ് കേസ് ഒരുക്കിയത്. അവരാണ് സിനിമ ഏറ്റെടുത്തിട്ടുള്ളതും.
സിനിമയിലെ ലൊക്കേഷന്‍റെ ഭംഗിയെ കുറിച്ചൊക്കെ അഭിനന്ദനങ്ങള്‍ വരുന്നുണ്ടല്ലോ?
ഇത് അങ്ങനെ ഒരു ബ്യൂട്ടിഫ്യൂള്‍ പടം എന്നൊന്നും പ്ലാന്‍ ചെയ്ത് ചെയ്തതല്ല. ആദ്യ ഒരാഴ്ച മാത്രമാണ് ജോമോന്‍ ചിത്രത്തിന്‍റെ ഭാഗമായത്. പെട്ടെന്ന് ഒരു വലിയ ഹിന്ദി പടത്തിന്‍റെ വര്‍ക്കു വന്ന് ജോമോന്‍ പോയി. പിന്നെ ഗിരീഷ് ഗംഗാധര്‍ ആണ് കാമറ ചെയ്തത്.
അമ്പൂരി നല്ല ലൊക്കേഷനാണ്. ആ ഭാഗത്തെ ലൊക്കേഷനില്‍ നിന്ന് മാത്രമാണ് ലാന്‍റ്സ്കേപ്പ് ദൃശ്യങ്ങള്‍ കാണിച്ചിരിക്കുന്നത്. ഡാര്‍ക്ക് മൂഡിലുള്ള, ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ രീതിയിലാണ് സിനിമയ്ക്കായി ഫ്രെയിമുകള്‍ ചെയ്തിരിക്കുന്നത്.ഇരുട്ടും മഴയും ഇടിമിന്നലും ഒക്കെയാണ് കൂടുതലുള്ളത്. സെറ്റ് പോലും പോളിഷ്ഡ് സെറ്റല്ല, റഫ് ആണ്, സ്ക്രാച്ച്ഡ് ആണ്.. ഡാര്‍ക്ക് ആന്‍റ് ലൈറ്റ് ഷെയ്ഡ് ആണ്. ഫ്രെയിമും ലൈറ്റ് അപ്പും എല്ലാം ചെയ്തിരിക്കുന്നത് അങ്ങനെയാണ്. വെളിച്ചത്തിനായി മെഴുകുതിരി മാത്രമുപയോഗിച്ച് ചെയ്ത ചില സീനുകളൊക്കെ ഉണ്ട് ഇതില്‍.
ശ്രീനാഥ് വി നാഥ് കോംമ്പോ എത്രത്തോളം സിനിമയുടെ വിജയത്തിന് സഹായിച്ചു...?
പൃഥ്വിരാജ് സിനിമയുടെ ഭാഗമാകുന്നത് തന്നെ ആ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടിട്ടാണ്.. അത്തരമൊരു നല്ല കഥയില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഈ സിനിമ തന്നെ ഉണ്ടാകുമായിരുന്നില്ല. നായകന്‍ പൃഥ്വിരാജ് ആയതുകൊണ്ടാണ് ചിത്രത്തിന് ഇത്ര സ്വീകാര്യത ലഭിക്കുന്നത്, ചര്‍ച്ച ചെയ്യപ്പെടുന്നത്, ഇത്ര വലിയ റിലീസ് ഉണ്ടായത്.. അങ്ങനെ ഈ ചിത്രത്തിന് ആകെ മൊത്തം കിട്ടിയ ഹൈപ്പിന് പ്രധാന കാരണം പൃഥ്വിരാജ് എന്ന നടനാണ്.. ആ നടനിലേക്ക് എത്താന്‍ എന്നെ സഹായിച്ചത് തീര്‍ച്ചയായും ശ്രീനാഥിന്‍റെ സ്ക്രിപ്റ്റാണ്.
രണ്ട് ജോണറിലാണ് കഥ മുന്നോട്ടു പോകുന്നത്? വിശ്വാസവും യുക്തിയും-ഹൊററും കുറ്റാന്വേഷണവും.. എത്രമാത്രം റിസ്ക് ആയിരുന്നു, ഇത്തരത്തില്‍ കഥ മുന്നോട്ട് കൊണ്ടുപോകുന്നത്...?
രണ്ട് ജോണറുകളില്‍ കഥ പറയുന്ന രീതി മലയാള സിനിമ ഇതുവരെ പരീക്ഷിക്കാത്ത കഥ പറച്ചില്‍ രീതിയാണ്.. രണ്ടും സക്സസ് ആണ്.. ഒന്നില്‍ സൂപ്പര്‍ നാച്വറല്‍ പവര്‍, മറ്റൊരു ഭാഗത്ത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ . അവരവരുടെ വഴിയിലൂടെ രണ്ട് അന്വേഷണവും മുന്നോട്ട് പോകുകയാണ്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്നൊന്നും നമ്മള്‍ പറയുന്നില്ല. സിനിമ കാണുന്ന ഒരു പ്രേക്ഷകന് എന്തില്‍ വേണമെങ്കിലും വിശ്വസിക്കാം.. അതുതന്നെയാണ് സിനിമയുടെ അവസാനം നായകന്‍ പറയുന്ന ഡയലോഗും. സിനിമയുടെ ആദ്യ ചിന്ത തുടങ്ങിയതും അവിടെ നിന്നാണ്..
കഥാഗതിയെ വഴിതെറ്റിക്കുന്ന നിരവധി ട്വിസ്റ്റുകളുണ്ട്.. ഇതെല്ലാം മനഃപൂര്‍വം തന്നെയായിരുന്നോ?
ഉറപ്പായും.. സ്ക്രിപ്റ്റ് പക്കാ ആയിരുന്നു. ഏത് ഇന്‍വെസ്റ്റിഗേഷന്‍ സിനിമകളിലും ഇത്തരം ട്വിസ്റ്റുകളുണ്ടാകും. എന്നാലേ സിനിമ മുന്നോട്ടുപോകുകയുള്ളൂ. ഹൊറര്‍ സിനിമകള്‍ ആണെങ്കിലും അങ്ങനെ തന്നെ.. ആവശ്യമില്ലാത്ത പ്രോപ്പര്‍ട്ടികള്‍ക്കൊക്കെ നമ്മള്‍ ബില്‍ഡ് അപ്പ് കൊടുക്കും. ഒരു പ്രോപ്പര്‍ട്ടി വെറുതെ കാണിക്കുന്നതും, ഒരു കഥാപാത്രത്തെ വെറുതെ കാണിക്കുന്നതും എല്ലാം ഇത്തരം സിനിമയുടെ സ്വഭാവമാണ്. സിനിമയില്‍ പ്രേക്ഷകരെ പിടിച്ചുനിര്‍ത്തുകയാണ് അതിന്‍റെ ലക്ഷ്യം.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള ഷൂട്ടിംഗ് അനുഭവം എങ്ങനെയായിരുന്നു.. കാണികളുടെ ശല്യം ഏതെങ്കിലും തരത്തിലുണ്ടായിരുന്നോ?
കോവിഡിന്‍റെ ഒന്നാംഘട്ട ഭീതിയൊഴിഞ്ഞ, എന്നാല്‍ നിയന്ത്രണങ്ങള്‍ ഉള്ള സമയത്ത് തന്നെയായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്. എല്ലാ ക്രൂ മെമ്പേഴ്സും എല്ലാ സേഫ്റ്റി മുന്‍കരുതലുകളും എടുത്തു. ആദ്യം ഇന്‍റീരിയര്‍ പോര്‍ഷനുകളാണ് ഷൂട്ട് ചെയ്തത്. ഔട്ട്ഡോര്‍ സീനുകളും ക്രൌഡ് സീനുകളും അവസാനത്തേക്കാണ് മാറ്റിവെച്ചത്. ഷൂട്ട് തീരുംവരെ ലൊക്കേഷനിലാര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷൂട്ട് നടക്കാത്ത സമയങ്ങളില്‍ എല്ലാവരും മാസ്ക് ധരിച്ച് തന്നെയാണ് നിന്നത്. സീന്‍ എടുക്കുന്ന സമയത്ത് മാറ്റിയിരുന്നു എന്ന് മാത്രം.
വാരണസിയില്‍ ആദ്യ കോവിഡ് മരണം എന്ന് സിനിമയില്‍ കാണിക്കുന്നുണ്ട്.. അവിടുന്ന് അധികം കാലം കഴിയുന്നതിന് മുമ്പുള്ള സമയത്താണ് കഥ നടക്കുന്നതും.. പക്ഷേ മാസ്ക് ഒരു കഥാപാത്രമായതേയില്ല?
അത് പലരും ചോദിക്കുന്നുണ്ട്.. എന്തുകൊണ്ട് വാരണാസി സീനുകളില്‍ മാത്രം മാസ്ക്.. അതിന് ശേഷമാണ് സിനിമയില്‍ ബാക്കി കഥ നടക്കുന്നത്. എന്നിട്ട് എവിടെയും സിനിമയില്‍ മാസ്കില്ലല്ലോ എന്നൊക്കെ...
കഴിഞ്ഞ നവംബര്‍, ഡിസംബര്‍ സമയത്തായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ്. അന്ന് ഷൂട്ടിംഗ് നടക്കുമ്പോള്‍ ഞങ്ങളാരും വിചാരിക്കുന്നില്ല, സിനിമ ഇറങ്ങുമ്പോഴും നമ്മളെല്ലാവരും മാസ്ക് ഇട്ട് നടക്കേണ്ടിവരികയായിരിക്കുമെന്ന്. അതുകൊണ്ടുതന്നെ സിനിമയുടെ തുടക്കത്തില്‍ മാസ്കുകളില്ലാത്ത ഒരു ലോകം വരട്ടെ എന്ന് ഞങ്ങള്‍ എഴുതി കാണിക്കുന്നുമുണ്ട്. നമ്മുടെ നിര്‍ഭാഗ്യം കൊണ്ട് ഇന്നും കോവിഡ് തുടരുന്നു... എല്ലാവരും മാസ്ക് ധരിക്കുന്നു...
പിന്നെ ഇതൊരു സിനിമയാണ്... സിനിമയെന്ന് വെച്ചാലേ സാങ്കല്‍പ്പിക കഥയാണ്... സാങ്കല്‍പിക കഥാപാത്രമാണ്.. ഒരു സിനിമയിലൊരിക്കലും കഥാപാത്രങ്ങളെ തുടര്‍ച്ചയായി മാസ്കിട്ട് അവതരിപ്പിക്കാനാകില്ല.. പിന്നെ എന്തിനാണ് കേസ് അന്വേഷണ ഉദ്യോഗസ്ഥനായി പൃഥ്വിരാജ് എന്ന നടന്‍റെ ആവശ്യം പോലും.
അനില്‍ നെടുമങ്ങാടിന്‍റെ വിയോഗം.. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമായിരുന്നോ അദ്ദേഹത്തിന്‍റെ നഷ്ടം.
കോള്‍ഡ് കേസിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അനിലേട്ടന് അപകടമുണ്ടാകുന്നതും മരണം സംഭവിക്കുന്നതും... പക്ഷേ ഡബ്ബിംഗ് പൂര്‍ത്തിയായിരുന്നില്ല. അനിലേട്ടന്‍റെ ശബ്ദത്തിനായി ഒരു അഞ്ചാറുപേരെ ഞങ്ങള്‍ പരീക്ഷിച്ചു. അതില്‍ നിന്നാണ് മഹേഷ് കുഞ്ഞുമോനിലെത്തുന്നത്.. മഹേഷ് അത് വൃത്തിയായി ചെയ്തു. സിനിമ പൂര്‍ത്തിയായപ്പോള്‍ തന്നെ ഈ വിവരം ഞങ്ങള്‍ പലരോടും ഷെയര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇതുപോലെ അനിലേട്ടന്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയ മറ്റ് സിനിമകളിലേക്കും ഡബ്ബ് ചെയ്യാനുള്ള അവസരങ്ങളും മഹേഷിനെ തേടിയെത്തിയിട്ടുണ്ട്.
കോള്‍ഡ് കേസിന് ഒരു രണ്ടാംഭാഗം ഉദ്ദേശിക്കുന്നുണ്ടോ?
മറ്റൊരു സിനിമയുടെ തുടക്കം പോലെയാണ് സിനിമ അവസാനിച്ചിരിക്കുന്നത് എന്നതുകൊണ്ടാണെന്നു തോന്നുന്നു, പലരും കോള്‍ഡ് കേസിന് രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നുണ്ട്. പല കഥകളും ഇനി സിനിമയില്‍ പറയാനുണ്ട്... പല ബാക്ക്ഗ്രൌണ്ടുകളുണ്ട്.. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ഈ സിനിമയ്ക്ക് പറ്റിയ അനുയോജ്യമായ ക്ലൈമാക്സ് ആണ്.. ഒരു അടുത്ത സൂപ്പര്‍ നാച്വറല്‍ സംഭവത്തിന്‍റെ തുടക്കം പോലെയാണ് സിനിമ അവസാനിക്കുന്നത്. അതൊരിക്കലും സിനിമയുടെ രണ്ടാംഭാഗം വരും എന്ന പ്ലാനില്‍ ഒന്നും അല്ല.. ചിലപ്പോള്‍ രണ്ടാംഭാഗം നടക്കുമായിരിക്കും.. ചിലപ്പോള്‍ നടക്കാതെ പോയേക്കാം.. അതിനെ കുറിച്ചൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ല. രണ്ടാംഭാഗത്തിന് സ്കോപ്പുള്ള ഒരു വിഷയം തന്നെയാണ് അത്.
അങ്ങനെയെങ്കില്‍ എന്താണ് ഇനി അടുത്തത്...?
നിലവില്‍ അങ്ങനെയൊരു പ്ലാനിംഗും ഇല്ല... എന്തായാലും കുറച്ച് കഴിയട്ടെ.. ഒരു സിനിമ എന്നു പറഞ്ഞാല്‍ അതില്‍ കുറേ കാര്യങ്ങളുണ്ട്.. ഒരു ഒന്നര വര്‍ഷത്തെയെങ്കിലും സമയം ഓരോ സിനിമയ്ക്ക് മുമ്പും എടുക്കേണ്ടതുണ്ട്.. എടുത്ത് ചാടി ഒന്നും ചെയ്യാനില്ല.
Adjust Story Font
16