'ജീവിക്കാൻ വേണ്ടിയാണ് കഷ്ടപ്പെടുന്നത്, ഈ ആക്രമണം അയാളുടെ കരിയർ തകർക്കും'; കൈലാഷിന് പിന്തുണയുമായി സംവിധായകര്‍
കോടീശ്വരനായ കൈലാഷിനെ ഞാൻ കണ്ടിട്ടില്ല. വളരെ സാധാരണക്കാരനായ ഒരു നടൻ
നടന്‍ കൈലാഷിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ രംഗത്ത്. വിനോദ് സംവിധാനം ചെയ്യുന്ന മിഷന്‍ സി എന്ന ചിത്രത്തിലെ കൈലാഷിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെയാണ് താരത്തെ കളിയാക്കി ട്രോളുകള്‍ പ്രചരിച്ചത്. ക്യാപ്റ്റന്‍ അഭിനവായിട്ടാണ് ചിത്രത്തില്‍ കൈലാഷ് അഭിനയിക്കുന്നത്. തോക്കു ചൂണ്ടി നില്‍ക്കുന്ന കൈലാഷിന്‍റെ പോസ്റ്ററാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. നടന്‍റെ പഴയകാല കഥാപാത്രങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള ട്രോളുകളാണ് പിന്നീട് വ്യാപകമായി പ്രചരിച്ചത്. ജീവിക്കാന്‍ വേണ്ടിയാണ് കൈലാഷ് കഷ്ടപ്പെടുന്നതെന്നും സാധാരണക്കാരനായ നടനാണെന്നും വിനോദ് ഫേസ്ബുക്കില്‍ കുറിച്ചു.
സംവിധായകന്‍ അരുണ്‍ ഗോപിയും കൈലാഷിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. പലർക്കും ഇതൊക്കെ നേരമ്പോക്കുകൾ ആകും അടച്ചിട്ട മുറിയിലുരുന്നു മറ്റൊരാളെ മുറിപ്പെടുത്താൻ പാകത്തിൽ വാക്കുകൾ വെറുതെ സോഷ്യൽ മീഡിയയിലെഴുതി വിട്ടാൽ ഒരു ദിവസം ആ ചീഞ്ഞ മനോരോഗ മനസ്സിന് ആശ്വാസം കിട്ടുമായിരിക്കും... അതിനപ്പുറമാണ് സിനിമ എന്നത് പലർക്കും... മനസിലാക്കേണ്ട ഉപദ്രവിക്കാതിരിക്കാനുള്ള മാന്യത കാട്ടണം...!! അപേക്ഷയാണെന്നും അരുണിന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
വിനോദ് ഗുരുവായൂരിന്‍റെ കുറിപ്പ്
കഴിഞ്ഞ ദിവസം മിഷൻ സി എന്ന ചിത്രത്തിലെ പോസ്റ്റർ റിലീസ് ചെയ്തിട്ടുണ്ടായി. കൈലാഷിന്റെ ഫോട്ടോ ആണ് അതിൽ ഉണ്ടായിരുന്നത്. വിഷമത്തോടെ തന്നെ പറയട്ടെ വളരെ മോശമായി ഒരു നടനെ ചിത്രീകരിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ആ നടനെതിരെ ഇത്രയും ആക്രമണം എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല. കാരണം ഒരു സാധാരണ കുടുംബത്തിൽ നിന്നും വളർന്ന് അധ്വാനിച്ച് ചാൻസ് ചോദിച്ച് സംവിധായകരുടെയും പുറകെ നടന്ന് ഈ നിലയിൽ എത്തിയ താരമാണ് കൈലാഷ്.
ചിലപ്പോൾ എല്ലാ സിനിമകളും വലിയ സംവിധായകർക്കൊപ്പം അഭിനയിക്കാൻ സാധിച്ചന്ന് വരില്ല. സംവിധായകൻ നിർദ്ദേശിക്കുന്നത് അനുസരിച്ചായിരിക്കും പലപ്പോഴും അഭിനയിക്കേണ്ടി വരിക. കഥാപാത്രങ്ങൾക്കനുസരിച്ച് അഭിനയിക്കേണ്ടിയും വരാം. പക്ഷേ ഇന്നും സംവിധായകർ അദ്ദേഹത്തെ വിളിക്കുകയും സിനിമകൾ കൊടുക്കുകയും ചെയ്യുന്നത് എന്തെങ്കിലും ഒരു കഴിവില്ലാതെ ആയിരിക്കില്ല. കഴിവില്ല എന്ന് പറഞ്ഞ് ഒരാളെ മാറ്റി നിർത്തിയാൽ അയാളെ ഒരു സംവിധായകൻ വിളിക്കില്ല. ഇത് സംഘടിത ആക്രമണമാണ്. അയാളുടെ കരിയർ തന്നെ തകർക്കുന്ന സ്ഥിതിയിലുള്ള സൈബർ ആക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
മിഷൻ സി എന്ന സിനിമയിൽ അദ്ദേഹം നന്നായി തന്നെ പെർഫോം ചെയ്തിട്ടുണ്ട്. സിനിമ പുറത്തിറങ്ങുമ്പോൾ നിങ്ങൾക്ക് അത് മനസിലാകും. ഇപ്പോൾ സിനിമയിലെ പോലും മോശമായി ചിത്രീകരിക്കുകയാണ്. എന്നോ ഒരു റോള് ചെയ്തതിന്‍റെ പേരിലാണ് അദ്ദേഹത്തെ ഇങ്ങനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. എന്റെ സിനിമയിൽ ശരത് അപ്പാനിയാണ് നായകൻ. സിനിമയിൽ പ്രധാനറോളാണ് തന്റേതെന്ന മനസിലാക്കി സാമ്പത്തികം പോലും നോക്കാതെ വന്ന് അഭിനയിച്ച ആളാണ് കൈലാഷ്. ട്രോളുകൾ നമുക്ക് ആവശ്യമാണ്. പക്ഷേ പരിധി വിടുമ്പോൾ അത് സങ്കടകരമാകും.
'ജീവിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്. കോടീശ്വരനായ കൈലാഷിനെ ഞാൻ കണ്ടിട്ടില്ല. വളരെ സാധാരണക്കാരനായ ഒരു നടൻ. അതെനിക്ക് വ്യക്തിപരമായി അറിയാം. ഇതൊരു അടിച്ചമർത്തൽ പോലെ തോന്നി. അത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ സ്വയം മാറിനിൽക്കാൻ നിങ്ങൾ തയാറാകണം. സിനിമ മോശമാകുമോ നല്ലതാകുമോ എന്ന് ചിത്രം പുറത്തിറങ്ങി കഴിഞ്ഞ് തീരുമാനിക്കുക. അതിനു മുമ്പ് തന്നെ വിധി എഴുതരുത്.
Adjust Story Font
16