'അടൂരിനെയോ ശങ്കർ മോഹനദ്ദേഹത്തെയോ പുറത്താക്കുമെന്ന് സ്വപ്നം കാണുകയേ വേണ്ട'; പരിഹാസവുമായി ജോയ് മാത്യൂ
ഡിസംബര്‍ അഞ്ചിനാണ് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി സമരം ആരംഭിച്ചത്
കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തില്‍ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. സമരം അവസാനിപ്പിക്കാൻ ആകെ ചെയ്യേണ്ടത് മലയാള സിനിമയുടെ അഭിമാനമായ അടൂർജി ഇതൊരു ആനക്കാര്യമല്ലെന്ന് മനസ്സിലാക്കി കൂളായി സ്ഥാനം ഒഴിയുകയെന്നതാണെന്ന് ജോയ് മാത്യു പറയുന്നു. തന്‍റെ ആത്മസുഹൃത്തിന്‍റെ മകനും ഫിലിം ഫെസ്റ്റിവൽ ജീവി മാത്രവുമായ ശങ്കർ മോഹനെയും കൂട്ടിക്കൊണ്ട് പോയി നല്ല പടം പിടിച്ചു വീണ്ടും പ്രശസ്തനാകുവെന്നും അദ്ദേഹം അടൂരിനോടായി ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.
പാർശ്വവൽക്കരിക്കപ്പെട്ടവരോടും ദലിതരോടും ആദിവാസികളോടുമൊപ്പമാണ് തങ്ങളെന്ന കപട നാട്യവുമായി വിദ്യാർത്ഥികളെ പറ്റിച്ചുകൊണ്ടിരിക്കുന്ന ഇടത് സർക്കാർ അടൂരിനെയോ അദ്ദേഹത്തിന്‍റെ അടരായ ശങ്കർ മോഹനദ്ദേഹത്തെയോ പുറത്താക്കുമെന്ന സ്വപ്നം കാണുകയേ വേണ്ടായെന്ന് വിദ്യാര്‍ഥികളോടായി ജോയ് മാത്യു പറഞ്ഞു. എന്തുതന്നെയായാലും വിദ്യാർഥികളോടൊപ്പമാണ് താനെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
ഡിസംബര്‍ അഞ്ചിനാണ് ഡയറക്ടർ ശങ്കർമോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ പഠിപ്പുമുടക്കി സമരം ആരംഭിച്ചത്. ജാതിവിവേചനവും മനുഷ്യത്വവിരുദ്ധ പ്രവൃത്തികളും നടത്തുന്ന ഡയറക്ടറെ ചെയർമാർ അടൂർ ഗോപാലകൃഷ്ണൻ സംരക്ഷിക്കുകയാണെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
ജോയ് മാത്യുവിന്‍റെ കുറിപ്പ്:
കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ ആകെ ചെയ്യേണ്ടത് മലയാള സിനിമയുടെ അഭിമാനമായ അടൂർജി ഇതൊരു ആനക്കാര്യമല്ലെന്ന് മനസ്സിലാക്കി കൂളായി സ്ഥാനം ഒഴിഞ്ഞേക്കുക. കൂടെ തന്‍റെ ആത്മസുഹൃത്തിന്‍റെ മകനും ഫിലിം ഫെസ്റ്റിവൽ ജീവി മാത്രവുമായ ശങ്കർ മോഹനെയും കൂട്ടിക്കൊണ്ട് പോവുക-നല്ല പടം പിടിച്ചു വീണ്ടും പ്രശസ്തനാകുക.
വിദ്യാർത്ഥികളോട് പറയാനുള്ളത് :
പാർശ്വവൽക്കരിക്കപ്പെട്ടവരോടും ദളിതരോടും ആദിവാസികളോടുമൊപ്പമാണ് തങ്ങളെന്ന കപട നാട്യവുമായി വിദ്യാർത്ഥികളെ പറ്റിച്ചുകൊണ്ടിരിക്കുന്ന ഇടത്പച്ച സർക്കാർ അടൂരിനെയോ അദ്ദേഹത്തിന്‍റെ അടരായ ശങ്കർ മോഹന ദേഹത്തെയോ പുറത്താക്കുമെന്ന സ്വപ്നം കാണുകയേ വേണ്ട. എന്തുതന്നെയായാലും ഞാൻ വിദ്യാർഥികളോടൊപ്പമാണ് #solidarity
വാലിന്‍റെ തുമ്പ് : പണ്ട് "മുഖാമുഖം"എന്ന അടൂരിന്‍റെ മികച്ച ഒരു സിനിമയെ കമ്മ്യൂണിസ്റ്റ് വിരുദ്ധം എന്ന് പറഞ്ഞു നഖശിഖാന്തം എതിർത്തവരാണ് ഈ ഇടത് പച്ചം എന്നോർക്കുമ്പോൾ ചിരിയല്ല കരച്ചിലാണ് വരുന്നത്
Adjust Story Font
16