റൊമാന്റിക് ചിത്രങ്ങൾ നിർത്തരുതെന്ന് മൃണാൽ; നല്ല തിരക്കഥ വന്നാൽ പരിഗണിക്കാമെന്ന് ദുൽഖർ
"ദുൽഖർ ദയവായി ഇങ്ങനെ പറയരുത്. ഞങ്ങളുടെ ഹൃദയം തകർന്നു പോകും"
റൊമാന്റിക് ചിത്രങ്ങളിൽ ഇനി അഭിനയിക്കില്ലെന്ന നടൻ ദുൽഖർ സൽമാന്റെ തീരുമാനത്തോട് വിയോജിച്ച് 'സീതാരാമം' നായിക മൃണാൽ താക്കൂർ. ഇങ്ങനെയൊരു തീരുമാനത്തിൽ നിരാശയുണ്ടെന്ന് പറഞ്ഞ താക്കൂറിനോട് നല്ല തിരക്കഥ വന്നാൽ റൊമാന്‍റിക് ചിത്രങ്ങൾ പരിഗണിക്കാമെന്ന് ദുൽഖർ മറുപടി നൽകി. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
'റൊമാന്റിക് സിനിമകളിൽ അഭിനയിക്കില്ലെന്ന ദുൽഖറിന്റെ തീരുമാനത്തിൽ ഞാൻ നിരാശയാണ്. ഞാൻ റൊമാൻസിൽ വിശ്വസിക്കുന്നു. ഷാരൂഖ് ഖാനെ നോക്കൂ. എത്ര മഹത്തരമായ റൊമാന്റിക് റോളുകൾ അദ്ദേഹം ചെയ്തിരിക്കുന്നു. ദുൽഖർ ദയവായി ഇങ്ങനെ പറയരുത്. ഞങ്ങളുടെ ഹൃദയം തകർന്നു പോകും.' - എന്നായിരുന്നു മൃണാളിന്റെ വാക്കുകൾ.
ഈ ചോദ്യം ഇപ്പോൾ എല്ലാവരും ഇന്റർവ്യൂവിൽ ഉന്നയിക്കുന്നതാണെന്ന് ദുൽഖർ പറഞ്ഞു. റൊമാന്റിക് ചിത്രങ്ങളിൽനിന്ന് ഒരു ഇടവേളയെടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'പ്രണയ ചിത്രങ്ങളിൽ നിന്ന് ഞാനൊരു ബ്രേക്കെടുക്കുകയാണ്. എന്നാൽ നല്ല തിരക്കഥകൾ വന്നാൽ ചെയ്യും. സീതാരാമം ചിത്രത്തിന് വേണ്ടി രണ്ടു വർഷത്തോളം തയ്യാറെടുത്തു. ഇത്തരം സിനിമകൾ കരിയറിൽ അപൂർവ്വമായേ ലഭിക്കാറുള്ളൂ. ചിത്രത്തെ കുറിച്ച് വീണ്ടും ചർച്ച ചെയ്യുന്നതിൽ സന്തോഷം.' - അദ്ദേഹം കൂട്ടിച്ചേർത്തു.
സീതാരാമത്തിന്റെ ട്രയിലർ ലോഞ്ചിങ്ങിലാണ് ഇത് തന്റെ അവസാന റൊമാന്റിക് ചിത്രമാണെന്ന് ദുൽഖർ പറഞ്ഞിരുന്നത്.
'ഇനി പ്രണയ ചിത്രങ്ങൾ ചെയ്യില്ലെന്നുള്ള തീരുമാനത്തിൽ നിൽക്കുന്ന സമയത്താണ് സീതാരാമത്തിന്റെ കഥ തേടിയെത്തുന്നത്. പ്രണയനായകൻ എന്ന വിളി കേട്ട് മടുത്തതോടെയാണ് ഇനി റൊമാന്റിക് ചിത്രങ്ങൾ ചെയ്യുന്നില്ല എന്ന് തീരുമാനിക്കുന്നത്. എന്നാൽ ഈ സിനിമയുടെ കഥ അതിമനോഹരമായതിനാൽ നിരസിക്കാൻ തോന്നിയില്ല. ഇത് എന്റെ അവസാന പ്രണയ ചിത്രമായിരിക്കും' - എന്നാണ് ദുൽഖർ പറഞ്ഞിരുന്നത്.
1965 85 കാലഘട്ടത്തിലെ കാശ്മീരിന്റെ പശ്ചാത്തലത്തിൽ പറയുന്ന പ്രണയകഥയാണ് 'സീതാരാമം'. ഇന്ത്യൻ ആർമിയിൽ ലഫ്റ്റനെന്റ് ആയിരുന്ന റാം തന്റെ പ്രണയിനിയായ സീതയ്ക്ക് എഴുതിയ കത്ത് ഇരുപത് വർഷങ്ങൾക്ക് ശേഷം അഫ്രീൻ എന്ന പാകിസ്താനി യുവതി വഴി സീതയിലേക്ക് എത്തുന്നാണ് ഇതിവൃത്തം. ആഗസ്ത് അഞ്ചിന് റിലീസ് ചെയ്ത ചിത്രം അമ്പത് കോടി ക്ലബിൽ ഇടം നേടിയിട്ടുണ്ട്.
ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമാണ് ദുൽഖറിന്റേത്. മൃണാൾ താക്കൂർ, രശ്മിക മന്ദന എന്നിവർക്കൊപ്പം സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണല കിഷോർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കാശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് സിനിമ ചിത്രീകരിച്ചത്.
Adjust Story Font
16