'നടനെന്ന നിലയിൽ മമ്മൂട്ടിയോടും മോഹൻലാലിനോടും ചോദിക്കാനുള്ളത്...'; ദുൽഖറിന്‍റെ തുറന്നു പറച്ചിൽ
പാൻ ഇന്ത്യൻ റിലീസായ ദുൽഖറിന്‍റെ 'ഹേയ് സിനാമിക' മാർച്ച് മൂന്നിനാണ് തിയേറ്ററുകളിലെത്തുന്നത്
അഭിനേതാവെന്ന നിലയില്‍ മമ്മൂട്ടിയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നതെന്തെന്ന് തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. പുതിയ ചിത്രമായ 'ഹേയ് സിനാമിക'യുടെ പ്രൊമോഷന്‍റെ ഭാഗമായി ഇന്ത്യാ ഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പരാമര്‍ശം.
'സിനിമയിലെത്തി 50 വര്‍ഷമായി, എങ്ങനെയാണ് വീണ്ടും വീണ്ടും പുതുമ നിലനിര്‍ത്തുന്നത്' എന്നതാണ് ദുല്‍ഖറിന്‍റെ ചോദ്യം. മമ്മൂട്ടി ചിത്രം ഭീഷ്മയും ഹേയ് സിനാമികയും ഒരേ ദിവസമാണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. പക്ഷേ രണ്ടും രണ്ട് മാര്‍ക്കറ്റാണെന്നും ദുല്‍ഖര്‍ പറയുന്നു. "ഇപ്പോഴും അദ്ദേഹം പുതിയ കഥാപാത്രങ്ങള്‍ ചെയ്യുന്നു. ലുക്ക് മാറ്റുന്നു. ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ" ദുല്‍ഖര്‍ പറയുന്നു.
അനായാസമായി റോളുകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവിന് പുറകിലെ രഹസ്യമെന്താണെന്നാണ് മോഹന്‍ലാലിനോട് ചോദിക്കാനാഗ്രഹിക്കുന്നതെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നുണ്ട്. മോഹന്‍ലാല്‍ ശ്വാസമെടുക്കുന്ന ലാഘവത്തോടെയാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും ആ കഴിവ് അദ്ദേഹത്തിന് മാത്രമുള്ളതാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
പാന്‍ ഇന്ത്യന്‍ റിലീസായാണ് ദുല്‍ഖറിന്റെ ഹേയ് സിനാമിക എത്തുന്നത്. കൊറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധായികയാവുന്ന ചിത്രത്തില്‍ അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍. തമിഴ്, മലയാളം, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലായി മാര്‍ച്ച് മൂന്നിനാണ് ചിത്രത്തിന്‍റെ റിലീസ്. 'കണ്ണും കണ്ണും കൊളളയടിത്താല്‍' എന്ന സിനിമയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ് സിനിമ കൂടിയാണ് ഹേയ് സിനാമിക.
Adjust Story Font
16