Quantcast

ലവ് ജിഹാദ് നുണക്കഥ വീണ്ടും, കേരള സ്റ്റോറിക്കെതിരെ കർശന നടപടിയെടുക്കണം: ഡി.വൈ.എഫ്.ഐ

'മുസ്‍ലിം = തീവ്രവാദം എന്ന പ്രചാരണം സമുദായത്തെ ഒന്നാകെ ആക്ഷേപിച്ചു കൊണ്ട് വിദ്വേഷം വളർത്തുവാനും വർഗീയത പടർത്താനുമാണ്'

MediaOne Logo

Web Desk

  • Published:

    28 April 2023 8:15 AM GMT

dyfi against the kerala story movie
X

തിരുവനന്തപുരം: ദ കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. അഭ്യന്തര മന്ത്രാലയം തന്നെ തള്ളിക്കളഞ്ഞ ലൗ ജിഹാദ് ഉൾപ്പെടെയുള്ള നുണക്കഥകൾ വീണ്ടും ഉന്നയിക്കുകയാണ്. കേരളത്തെ ശത്രുരാജ്യത്തോടുള്ള മാനസികാവസ്ഥയിലാണ് സംഘപരിവാർ സമീപിക്കുന്നതന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ വിമര്‍ശിച്ചു.

കേരളത്തെ മതതീവ്രവാദത്തിന്‍റെ കേന്ദ്രമെന്ന് സ്ഥാപിക്കുക വഴി ബി.ജെ.പിക്ക് അനുകൂലമായി കേരളത്തിനെതിരെ ദേശീയ തലത്തിൽ പൊതുബോധം നിർമിക്കാനുള്ള ശ്രമങ്ങൾ സംഘപരിവാർ തുടങ്ങിയിട്ട് നാളുകളേറെയായി. മുസ്‍ലിം = തീവ്രവാദം എന്ന പ്രചാരണം സമുദായത്തെ ഒന്നാകെ ആക്ഷേപിച്ചു കൊണ്ട് വിദ്വേഷം വളർത്തുവാനും വർഗീയത പടർത്താനുമാണ്. ഇതിന് സിനിമ എന്ന ജനപ്രിയ മാധ്യമം ഉപയോഗപ്പെടുത്തുകയാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതികരിച്ചു.

ഡി.വൈ.എഫ്.ഐയുടെ പ്രസ്താവന

സുദിപ്തോ സെൻ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയിലർ മതവികാരം വ്രണപ്പെടുത്തുന്നതും വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണ്.

മതസൗഹാർദത്തിന്റെയും മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിച്ച് ഇതാണ് കേരളം എന്ന് അവതരിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേരളത്തെ മത തീവ്രവാദത്തിന്റെ കേന്ദ്രമെന്ന് സ്ഥാപിക്കുക വഴി ബി.ജെ.പിക്ക് അനുകൂലമായി കേരളത്തിനെതിരെ ദേശീയ തലത്തിൽ പൊതുബോധം നിർമ്മിക്കാനുള്ള ശ്രമങ്ങൾ സംഘ്പരിവാർ തുടങ്ങിയിട്ട് നാളുകളേറെയായി. കേരളം കൂടി ഉൾപ്പെടുന്നതാണ് ഇന്ത്യൻ യൂണിയൻ, ആ കേരളത്തെ ശത്രുരാജ്യത്തോടുള്ള മാനസികാവസ്ഥയിലാണ് സംഘപരിവാർ സമീപിക്കുന്നത്.

രാജ്യത്തിന്റെ നിയമ നിർമാണ സഭയിൽ യൂണിയൻ അഭ്യന്തര മന്ത്രാലയം തന്നെ തള്ളിക്കളഞ്ഞ ലൗ ജിഹാദ് ഉൾപ്പെടെയുള്ള നുണക്കഥകൾ വീണ്ടും ഉന്നയിക്കുകയാണ്.

മുസ്‍ലിം = തീവ്രവാദം എന്ന പ്രചരണം സമുദായത്തെ ഒന്നാകെ ആക്ഷേപിച്ചു കൊണ്ട് വിദ്വേഷം വളർത്തുവാനും വർഗീയത പടർത്താനുമാണ്. ഇതിന് സിനിമ എന്ന ജനപ്രിയ മാധ്യമം ഉപയോഗപ്പെടുത്തുകയാണ്.

മതവിദ്വേഷം ഉണ്ടാക്കി വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള കൃത്യമായ സംഘ്പരിവാർ ഗൂഢാലോചനയാണ് രാജ്യത്ത് നടക്കുന്നത്. ഈ സിനിമയ്ക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

TAGS :

Next Story