സുധാകരന്‍റെ വരവോടെ കോണ്‍ഗ്രസ് ആർഎസ്എസിനെപ്പോലെ, 'കടുവ'യ്ക്ക് സംരക്ഷണം നല്‍കുമെന്ന് ഡിവൈഎഫ്ഐ
ചിത്രീകരണ അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഡിവൈഎഫ്ഐ
പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം തടഞ്ഞ യൂത്ത് കോൺഗ്രസ് നടപടി അപലപനീയമാണെന്ന് ഡിവൈഎഫ്ഐ. സിനിമാ ചിത്രീകരണങ്ങൾക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ വഴിതടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ച് നടത്തിയ മാർച്ച്, നടൻ ജോജു ജോർജിനെതിരെയുള്ള പ്രതിഷേധവും കൂടിയാക്കി മാറ്റിയെന്നും ഡിവൈഎഫ്ഐ വിമര്‍ശിച്ചു.
ചിത്രീകരണ അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഡിവൈഎഫ്ഐയുടെ നിലപാട്. കെ സുധാകരന്‍റെ വരവോടുകൂടി, ആർഎസ്എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമായി കോൺഗ്രസ് മാറി. സിനിമാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു. ഭയരഹിതമായ ചിത്രീകരണം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ചലച്ചിത്ര പ്രവർത്തകർക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചിറക്കടവ് മണ്ഡലം കമ്മിറ്റിയാണ് മാർച്ച് നടത്തിയത്. റോഡിന് നടുവില്‍ ഷൂട്ടിങ് നടത്തി എന്നായിരുന്നു ആരോപണം. ചിറക്കടവ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. എന്നാൽ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള മറ്റൊരു സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇവരെ തടഞ്ഞു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ ഉന്തുംതള്ളുമായി.
പ്രതിഷേധ പ്രകടനത്തിനിടെ നടൻ ജോജു ജോർജിനെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നു. ഇന്ധന വിലയ്ക്ക് എതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജ് രംഗത്ത് എത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച് എന്നാണ് വിവരം.
Adjust Story Font
16