Quantcast

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം

നടൻ സൗബിൻ ഷാഹിറിനെയും ചോദ്യം ചെയ്യും

MediaOne Logo

Web Desk

  • Updated:

    11 Jun 2024 11:39 AM

Published:

11 Jun 2024 9:52 AM

ed investigation against manjummel boys manufacturers
X

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം.സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയയാൾക്ക് പണം തിരികെ നൽകിയില്ലെന്ന പരാതിയിലാണ് അന്വേഷണം. നിർമ്മാതാവ് ഷോൺ ആന്റണിയെ ഇ.ഡി ചോദ്യം ചെയ്തു. നടൻ സൗബിൻ ഷാഹിറിനെയും ചോദ്യം ചെയ്യും.

സാമ്പത്തിക തട്ടിപ്പ് കേസിൽ സിനിമ നിർമാതാക്കൾക്കെതിരെ ഹൈക്കോടതിയിൽ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയെന്നാണ് റിപ്പോര്‍ട്ടില്‍ കാണിച്ചത്. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 22 കോടി രൂപ സിനിമക്കായി ചെലവായെന്ന നിർമാതാക്കളുടെ വാദം കള്ളമാണ്. 18.65 കോടി രൂപ മാത്രമാണ് നിർമാണ ചെലവ്. സിനിമക്കായി നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല. ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം എന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ഹൈക്കോടതി മഞ്ഞുമ്മൽ ബോയ്സ് സിനിമാ നിർമാതാക്കൾക്കെതിരായ വഞ്ചനാക്കേസ് നടപടികള്‍ക്ക് സ്റ്റേ ചെയ്തിരുന്നു. ഒരു മാസത്തേക്ക് ഹൈക്കോടതിയാണ് സ്റ്റേ അനുവദിച്ചത്. പറവ ഫിലിംസിന്‍റെ പങ്കാളികളിലൊരാളായ ബാബു ഷെഹീർ നൽകിയ ഹരജിയിലായിരുന്നു കോടതി നടപടി.

നിര്‍മാതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷോണ്‍ ആന്‍റണി, സൗബിൻ ഷാഹിർ,ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് കേസ്. മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ചിത്രത്തിന്‍റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്‍റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്.

ചിത്രത്തിന്‍റെ നിർമാണത്തിന് ഏഴു കോടി രൂപ മുതൽമുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. നിർമ്മാതാക്കൾ യാതൊരു തുകയും ചെലവാക്കിയിട്ടില്ലെന്നും 22 കോടി രൂപ ചെലവ് വരുമെന്ന് പറഞ്ഞാണ് ഏഴു കോടി രൂപ വാങ്ങിയതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

TAGS :

Next Story