കുമ്മനടിച്ചത് ഞാനല്ല, മമ്മൂട്ടിയാണ്: എല്‍ദോസ് കുന്നപ്പിള്ളി
സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ
അങ്കമാലിയിലെ ഒരു ടെക്സ്റ്റൈല്‍സ് ഉദ്ഘാടനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നതിനിടെ എല്‍ദോസ് കുന്നപ്പിള്ളി കുമ്മനടിച്ചു എന്ന തരത്തിലായിരുന്നു പരിഹാസം. കുമ്മനടിച്ചത് താനല്ലെന്ന് എംഎല്‍എ കുറിപ്പില്‍ വിശദീകരിച്ചു.
കെട്ടിടത്തിന്‍റെ മൊത്തം ഉദ്ഘാടകൻ മമ്മൂട്ടിയായിരുന്നെങ്കിലും മുകളിലെ ഷോറും ഉദ്ഘാടനം ചെയ്യാന്‍ തന്നോടാണ് ആവശ്യപ്പെട്ടിരുന്നതെന്ന് എം.എല്‍.എ പറഞ്ഞു. മമ്മൂട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തതാണ്. എം.എൽ.എയാണ് ഉദ്‌ഘാടകനെന്നു കടയുടമ അറിയിച്ചപ്പോൾ അദ്ദേഹം കത്രിക തന്‍റെ നേരെ നീട്ടി. എന്നാല്‍ അദ്ദേഹത്തോട് ഉദ്ഘാടനം നിര്‍വഹിച്ചോളൂ എന്ന് താന്‍ പറഞ്ഞു. കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും എല്‍ദോസ് കുന്നപ്പിള്ളി വിശദീകരിച്ചു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
കുമ്മനടിച്ചത് ഞാനല്ല
ബഹു. നടൻ മമ്മൂട്ടി ആണ്. ഇന്ന് രാവിലെ (11.08.2022) അങ്കമാലി ഓപ്‌ഷൻസ് ടെക്‌സ്‌റ്റൈൽസ് ഉദ്‌ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്‌ഘാടനകൻ ബഹു. മമ്മൂട്ടി ആയിരുന്നു. ഉദ്‌ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്‌ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. ഞാൻ ഉദ്‌ഘാടനത്തിനു തയ്യാറായി നിന്നപ്പോൾ അവിടേക്ക് ബഹു. മമ്മൂട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്‌ഘാടകൻ എംഎൽഎ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എന്നാൽ ബഹു. മമ്മൂട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എംഎൽഎയാണ് ഉദ്‌ഘാടകനെന്നു ഉടമ അറിയിച്ചപ്പോൾ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാൽ ഞാൻ അദ്ദേഹത്തോട് ഉദ്‌ഘാടനം നിർവഹിച്ചോളൂ എന്ന് പറയുകയും ഞാൻ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം കത്രിക ഞാൻ വാങ്ങിനൽകുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാർത്ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാർത്തകൾ നൽകുന്നത് ശരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ളവർ ടെക്‌സ്‌റ്റൈൽസ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്. മാത്രമല്ല ആ ഫ്ലോറിന്റെ ഉദ്‌ഘാടകൻ ഞാനാണെന്ന് അറിയാതെയാണ് ബഹു. മമ്മൂട്ടി കത്രിക എടുത്തത്. കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാൻ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങൾ ഒന്ന് മനസിലാക്കിയാൽ കൊള്ളാമെന്നാണ് ഈ ലേഖകനോട് എനിക്ക് സൂചിപ്പിക്കാനുള്ളത്.
Adjust Story Font
16