കഞ്ചാവുണ്ടോയെന്ന് ആര്യൻ; ശരിയാക്കാമെന്ന് അനന്യ- വാട്‌സ് ആപ്പ് ചാറ്റുകൾ പുറത്ത്
കേസിൽ തുടർച്ചയായ രണ്ടാം ദിവസവും അനന്യയെ എൻസിബി ചോദ്യം ചെയ്തു
മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും നടി അനന്യ പാണ്ഡെയും തമ്മിൽ മയക്കുമരുന്നിനെ കുറിച്ച് വാട്‌സ് ആപ്പ് ചാറ്റ് നടത്തിയതായി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി). കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യൻ ചോദിക്കുമ്പോൾ, ശരിയാക്കാം എന്ന് അനന്യ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ നടി നിരോധിത ലഹരിവസ്തുക്കൾ ആര്യന് എത്തിച്ചു നൽകിയതിന് തെളിവുകൾ ലഭിച്ചിട്ടില്ല.
കേസിൽ തുടർച്ചയായ രണ്ടാം ദിവസവും അനന്യയെ എൻസിബി ചോദ്യം ചെയ്തു. എത്ര തവണ ലഹരി വാങ്ങിച്ചു? ചാറ്റ് അനുസരിച്ച് ലഹരി എത്തിച്ചു നൽകുന്നത് ആര്? ലഹരി നേരിട്ടുവാങ്ങുകയാണോ ചെയ്യുക? ഓരോ തവണയും വാങ്ങിയ ലഹരിയുടെ അളവെത്ര? ആര്യനുമൊന്നിച്ച് എത്ര കാലമായി ലഹരി ഉപയോഗിക്കുന്നു? കൂടെ ലഹരി ഉപയോഗിക്കുന്ന മറ്റുള്ളവർ ആരൊക്കെ? എങ്ങനെയാണ് ലഹരി എത്തിക്കുന്നയാൾക്ക് പണം നൽകുന്നത്? ഇലക്ട്രോണിക് പേയ്‌മെന്റ്, വാലറ്റ്, കാശ് ഏതാണ് ഉപയോഗിക്കുന്നത്? ഏതു സ്ഥലത്തു വച്ചാണ് ലഹരി തരുന്ന ആളെ കാണുന്നത്? നിരോധിത പദാർത്ഥങ്ങൾ എത്തിക്കാൻ സഹായിക്കുന്ന സുഹൃത്തുക്കളുടെ പേരു പറയാമോ? തുടങ്ങിയ ചോദ്യങ്ങളാണ് അനന്യയോട് എൻസിബി ചോദിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയാണ് നടിയെ ചോദ്യം ചെയ്തത്. ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ചാറ്റുകൾ ഒരു വർഷം മുമ്പുള്ളതാണ് എന്നുമാണ് നടി മറുപടി നൽകിയത്. അച്ഛൻ ചങ്കി പാണ്ഡെയ്‌ക്കൊപ്പമാണ് നടി ചോദ്യം ചെയ്യലിനായി ബാന്ദ്രയിലെ എൻസിബി ഓഫീസിലെത്തിയത്.
ഒക്ടോബർ മൂന്നിന് മുംബൈ തീരത്ത് കോർഡേലിയ ക്രൂയിസിന്റെ എംപ്രസ് കപ്പലിൽ എൻസിബിയുടെ റെയ്ഡിലാണ് ആര്യൻ ഖാൻ അറസ്റ്റിലായത്. പ്രതികളിൽനിന്ന് 13 ഗ്രാം കൊക്കെയ്ൻ, 5 ഗ്രാം എംഡി, 21 ഗ്രാം ചരസ്, 22 ഗുളികകൾ എംഡിഎംഎ (എക്സ്റ്റസി) എന്നിവയും 1.33 ലക്ഷം രൂപയും പിടിച്ചെടുത്തതായി എൻസിബി സംഘം കോടതിയെ അറിയിച്ചിരുന്നു.
Adjust Story Font
16