'പ്രായമായ സുലൈമാന്റെ ശരീരഭാരം കൂട്ടേണ്ടെന്ന് പറഞ്ഞത് മമ്മൂക്ക'; മാലികിന്റെ വിശേഷങ്ങളിൽ ഫഹദ്
ആമസോൺ പ്രൈമിൽ ജൂലൈ പതിനഞ്ചിനാണ് മാലികിന്റെ റിലീസ്
പുതിയ സിനിമ മാലിക്കിലെ കഥാപാത്രത്തെ പരുവപ്പെടുത്താൻ മമ്മൂട്ടി നൽകിയ നിർദേശം വെളിപ്പെടുത്തി ഫഹദ് ഫാസിൽ. തന്റെ പ്രായമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ തടി കൂട്ടേണ്ടതില്ല എന്ന നിർദേശമാണ് മമ്മൂട്ടി മുമ്പിൽവച്ചത് എന്നും അതാണ് സിനിമയിലെ നിലവിലെ സുലൈമാന്റെ രൂപമെന്നും ഫഹദ് പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് നടന്‍റെ പ്രതികരണം. മാലികിൽ പല പ്രായത്തിലുള്ള കഥാപാത്രങ്ങളെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.
പ്രായമാകുമ്പോൾ സ്വാഭാവികമായും ശരീരഭാരം കൂടുമെന്നതിനാൽ ഭാരം കൂട്ടാൻ സംവിധായകനായ മഹേഷ് നാരായണൻ ഫഹദിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്ന് മമ്മൂട്ടി മഹേഷിനോട് പറയുകയായിരുന്നു. ആമസോൺ പ്രൈമിൽ ജൂലൈ പതിനഞ്ചിനാണ് മാലികിന്റെ റിലീസ്.
പ്രായമുള്ളയാളെ അവതരിപ്പിക്കുക എന്നത് വെല്ലുവിളിയായിരുന്നെന്ന് ഫഹദ് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞു. 'ഇതിന് മുമ്പ് ഒരിക്കലും പ്രായമുള്ള ആളായി അഭിനയിച്ചിട്ടില്ല. ചെയ്ത സിനിമകളെല്ലാം എന്റെ എയ്ജ് ഗ്രൂപ്പിലുള്ള സിനിമകളാണ്. ഇതൊട്ടും ഡ്രമാറ്റിക് ആക്കാതെ ചെയ്യുന്നത് എങ്ങനെയാണ്, അങ്ങനെയൊരു സാധ്യത നോക്കിയപ്പോഴാണ് സാധാരണ എല്ലാവരും ഭാരം കൂട്ടിയിട്ടാണ് പ്രായം കൊണ്ടുവരാൻ നോക്കുന്നത്. അച്ഛനെയും മുത്തച്ഛനെയും നോക്കുമ്പോൾ അവർ പ്രായം കൂടുമ്പോൾ ഭാരം കുറയുകയാണ് ചെയ്തിട്ടുള്ളത്. എന്റെ ശരീരപ്രകൃതിയും അങ്ങനെയാണ് എന്നു തോന്നുന്നു.' - ഫഹദ് പറഞ്ഞു.
നിരവധി തവണ മാറ്റിവച്ച ശേഷമാണ് സിനിമ ഒടിടിയിൽ റിലീസ് ചെയ്യുന്നത് എന്ന് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു. '2020 ഫെബ്രുവരിയിൽ റെഡിയായ പടമാണ്. മാർച്ചിൽ റിലീസ് ചെയ്യേണ്ടതായിരുന്നു. മൂന്നു തവണ റിലീസ് മാറ്റിവച്ചു. ഇനിയും നീട്ടിക്കൊണ്ടു പോകുന്നത് നിർമാതാവിനോട് ചെയ്യുന്ന ക്രൂരതയാണ്. അതാണ് സത്യം. ഓരോ കണ്ടന്റിനും ഓരോ സമയമുണ്ട്. അതിന്റെ നറേറ്റീവ് സ്ട്രക്ചർ ഒരു കാലത്തിൽ എഴുതപ്പെട്ടതാണല്ലോ. അതിനി പിടിച്ചുവയ്ക്കുന്നതിൽ അർത്ഥമില്ല. അതുകൊണ്ടാണ് സിനിമ ഒടിടിയിൽ റിലീസ് ചെയ്യുന്നത്' - അദ്ദേഹം വ്യക്തമാക്കി.
ഇതേക്കുറിച്ച് ഫഹദ് പറയുന്നതിങ്ങനെ; 'നല്ല ഭക്ഷണമുണ്ടാക്കിയാൽ അത് എത്രയും പെട്ടെന്ന് വിളമ്പാൻ നോക്കാറില്ലേ. അതുപോലെയാണ് ഒരു പുതിയ ആഖ്യാനത്തിന് ശ്രമിച്ചിട്ടുണ്ടെങ്കിൽ നമുക്കും അതൊരു അനുഭവമാണ്. പ്രേക്ഷകർ എങ്ങനെ അത് സ്വീകരിക്കും അറിയാനുള്ള ഉത്കണ്ഠയുണ്ട്. രണ്ടു വർഷത്തോളം നീണ്ടു പോയി'
25 കോടിയാണ് മാലിക്കിന്റെ ബജറ്റ്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിർമ്മാണം. നായിക നിമിഷ സജയൻ. ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ജലജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സാനു ജോൺ വർഗീസ് ആണ് ക്യാമറ. സുഷിൻ ശ്യാം സംഗീതം. സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനിംഗും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദ് ശ്രീശങ്കർ എന്നിവരാണ് സൗണ്ട് ഡിസൈൻ. അൻവർ അലി ഗാന രചന നിർവഹിക്കുന്നു.
Adjust Story Font
16