"കുട്ടികൾക്കൊപ്പമാണ്... എല്ലാം ശരിയായ രീതിയിൽ നടക്കട്ടെ"; കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിൽ പിന്തുണയുമായി ഫഹദ്
തങ്കം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഫഹദ് തന്റെ നിലപാട് വ്യക്തമാക്കിയത്.
കൊച്ചി: കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടൻ ഫഹദ് ഫാസിൽ. താൻ കുട്ടികളുടെ കൂടിയാണെന്നും ചർച്ചകൾ തുടങ്ങിയപ്പോൾ തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാകാൻ തുടങ്ങിയെന്നും ഫഹദ് പറഞ്ഞു. ചെയർമാൻ രാജിവെച്ചതും നടൻ ചൂണ്ടിക്കാട്ടി. എല്ലാം ഉടനെ തീർപ്പാക്കി കുട്ടികൾക്ക് അവരുടെ പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ് കൂട്ടിച്ചേർത്തു. തങ്കം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഫഹദ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് തങ്കം. അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവരും നിരവധി മറാത്തി തമിഴ് താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാല്‍തു ജാന്‍വര്‍ എന്നിവയാണ് ഈ ബാനറില്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങള്‍.
നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിർവ്വഹിക്കുന്നത് ശ്യാം പുഷ്കരനാണ്. ഛായാഗ്രഹണം ഗൗതം ശങ്കർ, എഡിറ്റിങ് കിരൺദാസ്. ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്. കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ചിരിക്കുന്നത്.
അതേസമയം, കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം അവസാനിപ്പിക്കില്ലെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിദ്യാർഥികൾ. 15 ആവശ്യങ്ങളാണ് തങ്ങൾ മുന്നോട്ട് വെച്ചത്. അതിൽ ഒന്നാമത്തെ ആവശ്യമായിരുന്നു ശങ്കർ മോഹനെ പുറത്താക്കുക എന്നത്. അദ്ദേഹം സ്വയം രാജിവെച്ചുപോയി. ബാക്കിയുള്ള ആവശ്യങ്ങൾ സംബന്ധിച്ച് നാളെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തുമെന്നും വിദ്യാർഥികൾ പറഞ്ഞു
അക്കാദമിക് രംഗത്തും ഇൻസ്റ്റിറ്റ്യൂട്ടിൽ മാറ്റങ്ങൾ വേണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. പ്രശ്‌നങ്ങൾ പഠിക്കാനായി സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവിടണം. ഇത്തരം സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരാൻ റിപ്പോർട്ട് പുറത്തുവരേണ്ടത് അനിവാര്യമാണെന്നും വിദ്യാർഥികൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണം നേരിട്ട കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചത്. ശങ്കർ മോഹനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 50 ദിവസത്തോളമായി വിദ്യാർഥികൾ സമരത്തിലായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ശങ്കർ മോഹനെ സംരക്ഷിക്കുകയാണെന്നും ആരോപണമുയർന്നിരുന്നു.
എന്നാൽ, കാലാവധി പൂർത്തിയായതിനാലാണ് രാജിവെച്ചതെന്നാണ് ശങ്കർമോഹൻ നൽകുന്ന വിശദീകരണം. ചെയർമാനും മുഖ്യമന്ത്രിക്കുമാണ് രാജിക്കത്ത് കൈമാറിയത്. മൂന്ന് വർഷത്തേക്കാണ് ശങ്കർ മോഹനെ നിയമിച്ചിരുന്നത്. പിന്നീട് ഒരു വർഷം കാലാവധി ദീർഘിപ്പിച്ചു. ഈ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് രാജിയെന്ന് ശങ്കർ മോഹൻ പറഞ്ഞു.
Adjust Story Font
16