'ധ്യാനിന്റെ ഇന്റർവ്യു കാണാറുണ്ടോ, ആ ഹൈപ്പ് മുഴുവൻ ധ്യാൻ കൊണ്ടുപോയോ'?; ഫഹദിന്റെ മറുപടി ഇങ്ങനെ
എന്റെ ജോലി സിനിമകൾ ചെയ്യുക എന്നതാണ്. സിനിമ നല്ലതാണെങ്കിൽ അത് അതിന്റെ ജോലി എടുക്കും, അത് തിയറ്റിൽ പ്രൂവ് ചെയ്യുമെന്നും ഫഹദ്
ആവേശം എന്ന ചിത്രം അനൗൺസ് ചെയ്തത് മുതൽ ലുക്കിൽ അടക്കം ഉണ്ടാക്കിയിരുന്ന ഹൈപ്പ് ധ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂസ് വന്നപ്പോൾ മുങ്ങിപ്പോയെങ്കിൽ തനിക്ക് എന്താണ് ചെയ്യാൻ കഴിയുകയെന്ന് നടൻ ഫഹദ് ഫാസിൽ. ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങളൊക്കെ താൻ കാണാറുണ്ടെന്നും ഫഹദ് പറഞ്ഞു. ചൊവ്വാഴ്ച കൊച്ചിയിൽ നടന്ന പ്രീ റിലീസ് പ്രസ് മീറ്റിലായിരുന്നു ചോദ്യങ്ങൾക്കുളള ഫഹദിന്റെ മറുപടികൾ.
ആവേശം അനൗൺസ് ചെയ്തത് മുതൽ ഒരു ഹൈപ്പ് ക്രിയേറ്റ് ചെയ്തിരുന്നു. കൂടാതെ ഫഹദിന്റെ ലുക്കും ഹൈപ്പ് ക്രിയേറ്റ് ചെയ്തിരുന്നു. അതുകഴിഞ്ഞിട്ട് ഒരു ദിവസം കൊണ്ട് ധ്യാൻ വന്ന് രാവിലെ മുതൽ വൈകുന്നേരം വരെ ഇന്റർവ്യു കൊടുത്തിട്ട് ആ സീൻ മൊത്തം ധ്യാൻ കൊണ്ടുപോയി. ചുരുക്കത്തിൽ ആ ഹൈപ്പ് മുഴുവൻ ധ്യാൻ കൊണ്ടുപോയി. അതിനെ എങ്ങനെയാണ് നോക്കി കാണുന്നത് എന്നായിരുന്നു വാർത്താസമ്മേളനത്തിന് എത്തിയ ഒരാളിൽ നിന്ന് ഉയർന്ന ചോദ്യം.
'നല്ല കാര്യം, അല്ലാതെ എനിക്ക് എന്താ ചെയ്യാൻ പറ്റുക, എനിക്കെന്റെ സിനിമയെ പറ്റിയല്ലേ സംസാരിക്കാൻ പറ്റുകയുളളൂവല്ലോ, അത് അടുത്ത ദിവസം റിലീസ് ആകും, എല്ലാവരും കണ്ടിട്ട് അഭിപ്രായം പറയണം' എന്നായിരുന്നു ഫഹദ് അതിന് നൽകിയ മറുപടി. ആ ചോദ്യം ചോദിച്ചയാൾ വീണ്ടും ധ്യാനിന്റെ ഇന്റർവ്യു ഒക്കെ കാണാറുണ്ടോ എന്ന ചോദ്യത്തിന് കാണാറുണ്ടെന്നും ഫഹദ് മറുപടി നൽകി. അതേസമയം ഫഹദിനോടുളള ആ ചോദ്യത്തിനെതിരെ സോഷ്യൽമീഡിയയിൽ അടക്കം കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്.
ആവേശത്തിനായി അഭിമുഖങ്ങളോ വലിയ പ്രമോഷനോ നൽകിയിട്ടില്ലല്ലോ എന്നുളള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിലവിൽ പുഷ്പയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണെന്നും മിനിഞ്ഞാന്നാണ് പടം ലോക്കായതെന്നും ഫഹദ് പറഞ്ഞു. എല്ലാവരും ബിസിയായിരുന്നു. ടെക്‌നീഷ്യന്മാർ അടക്കം മറ്റ് പടങ്ങളിൽ ബിസിയായിരുന്നു. എല്ലാവരും ആവേശത്തിലേക്ക് എത്തിയപ്പോൾ അത് തീരാൻ അതിന്റേതായിട്ടുളള ഡിലെ ഉണ്ടായി. ചുരുങ്ങിയ സമയത്ത് പിന്നെ പടം ഭംഗിയായി തീർത്ത് തിയറ്ററിൽ കൊണ്ടുവരിക എന്നതിലായിരുന്നു ഫോക്കസ്. പിന്നെ നമ്മൾ പുതിയതായി ഒരു കാര്യം ചെയ്യുമ്പോൾ, സ്ഥിരം ചെയ്യണ പരിപാടി ആണേൽ തനിക്ക് ഇങ്ങനെ വന്ന് പറയണമെന്നില്ലെന്നും ഞാൻ പ്രകാശനെന്ന ചിത്രത്തിനൊന്നും താൻ പ്രമോഷന് വന്നിട്ടില്ലെന്നും ഫഹദ് പറഞ്ഞു.
'ഇതിൽ ജിത്തുവും ഞാനും പുതിയ സാധനമാണ് ട്രൈ ചെയ്യുന്നത്. എന്നെ ഇങ്ങനെ ആരും കണ്ടിട്ടില്ല ഇതിന് മുൻപ്. പടത്തിന് ഒരു ഇൻട്രോ കൊടുക്കേണ്ടത് ആവശ്യമായിട്ടുണ്ട്. ശരിക്കും ഇതിലൊന്നുമല്ല ഞാൻ വിശ്വസിക്കുന്നത്. എന്റെ ജോലി സിനിമകൾ ചെയ്യുക എന്നതാണ്. സിനിമ നല്ലതാണെങ്കിൽ അത് അതിന്റെ ജോലി എടുക്കും, അത് തിയറ്റിൽ പ്രൂവ് ചെയ്യും'. ഫഹദ് പറഞ്ഞു.
സിനിമ നല്ലതാണെങ്കിൽ പ്രൊമോഷൻ കുറവാണെങ്കിലും ജനങ്ങൾ ഏറ്റെടുക്കുമെന്നും, സിനിമാപ്രവർത്തകരല്ല, മറിച്ച് സിനിമയാണ് പ്രേക്ഷകരോട് സംവേദിക്കണ്ടതെന്നും ഫഹദ് പറഞ്ഞു. കോമഡി, ആക്ഷൻ, ത്രില്ലർ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ വ്യത്യസ്തമായ ചിത്രമായതിനാൽ പ്രേക്ഷകർ ആവേശത്തെ സ്വീകരിക്കുമെന്നുള്ള ആത്മവിശ്വാസവും ഫഹദ് പ്രകടിപ്പിച്ചു. രജനികാന്തിന്റെ വേട്ടയ്യനിലും, വടിവേലുവിന്റെ ഇതുവരെ പേരിട്ടിട്ടില്ലാത്ത രണ്ട് തമിഴ് സിനിമകളിലും ഹാസ്യകഥാപാത്രങ്ങളെയാണ് താൻ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഏപ്രിൽ 11 വ്യാഴാഴ്ചയാണ് ആവേശം തിയറ്ററുകളിൽ എത്തുന്നത്. അൻവർ റഷീദ് എന്റർടെയ്‌മെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമിക്കുന്നത്. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം ഭീഷ്മപർവ്വം എന്ന സൂപ്പർ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്.
സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്. എഡിറ്റർ - വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലെ, വസ്ത്രാലങ്കാരം - മസ്ഹർ ഹംസ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - എആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ - പി കെ ശ്രീകുമാർ, പ്രോജക്റ്റ് സിഇഒ - മൊഹ്സിൻ ഖൈസ്, മേക്കപ്പ് - ആർജി വയനാടൻ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷൻ - ചേതൻ ഡിസൂസ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് - ശ്രീക്ക് വാരിയർ, ടൈറ്റിൽ ഡിസൈൻ - അഭിലാഷ് ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് ശേഖർ, പിആർഒ - എ.എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - സ്‌നേക്ക് പ്ലാന്റ്.
Adjust Story Font
16