മതിയായി; കങ്കണയുമായി ഇനി സഹകരിക്കില്ലെന്ന് ഫാഷൻ ഡിസൈനർ ആനന്ദ് ഭൂഷൺ
ഡിസൈനർ റിംസിം ഡാഡുവും കങ്കണയുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടുണ്ട്
മുംബൈ: വിദ്വേഷ പ്രചാരണത്തിന്റെ പേരിൽ ട്വിറ്റർ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ ബോളിവുഡ് നടി കങ്കണ റണാവട്ടിനെ ബഹിഷ്‌കരിച്ച് പ്രമുഖ ഫാഷൻ ഡിസൈനർ ആനന്ദ് ഭൂഷൺ. കങ്കണയുമായി ഇനി ഒരിക്കലും സഹകരിച്ചു പ്രവർത്തിക്കില്ലെന്ന് ആനന്ദ് ഭൂഷൺ വ്യക്തമാക്കി. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
'ഇന്നത്തെ ചില സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങളുടെ സമൂഹ മാധ്യമ ചാനലിൽ നിന്ന് കങ്കണ റണാവട്ടുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഭാവിയിലും അവരുമായി ഒരു സഹകരണവുമുണ്ടാകില്ല. ഒരു ബ്രാൻഡ് എന്ന നിലയിൽ അവരുടെ വിദ്വേഷ പ്രസംഗത്തെ പിന്തുണയ്ക്കാനാകില്ല' - പ്രസ്താവനയിൽ ഭൂഷൺ വ്യക്തമാക്കി.
Do the right thing. pic.twitter.com/p72a7zqFz9
— Anand Bhushan (@AnandBhushan) May 4, 2021
'ഞാനും എന്റെ ബ്രാൻഡും ഒരു തരത്തിലുള്ള വിദ്വേഷ പ്രസംഗത്തെയും പിന്തുണയ്ക്കുന്നില്ല. 2002ലെ ഗുജറാത്ത് കലാപം ആവർത്തിക്കണം എന്ന് പറഞ്ഞതിലൂടെ അവർ ഏറ്റവും മോശം നിലയിലേക്ക് തരംതാണു. ഈ പശ്ചാത്തലത്തിൽ അവരോട് സഹകരിക്കാൻ ആഗ്രഹിക്കുന്നില്ല' - ഇകണോമിക് ടൈംസിനോട് ഭൂഷൺ പറഞ്ഞു. നടി സ്വര ഭാസ്കര്‍ അടക്കമുള്ളവര്‍ ഭൂഷണെ അഭിനന്ദിച്ച് രംഗത്തെത്തി.
അക്കൗണ്ട് ട്വിറ്റർ പൂട്ടുന്നതിന് മുമ്പ്, 'രണ്ടായിരത്തിന്റെ തുടക്കത്തിലുള്ള' അവതാരത്തിലേക്ക് മോദി മാറണമെന്ന് കങ്കണ അഭിപ്രായപ്പെട്ടിരുന്നു. ഗുജറാത്ത് കലാപത്തെ ഉദ്ദേശിച്ചായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതിന് പിന്നാലെയാണ് ഇവരുടെ അക്കൗണ്ട് ട്വിറ്റർ എല്ലാകാലത്തേക്കുമായി പൂട്ടിയത്.
ഡിസൈനർ റിംസിം ഡാഡുവും കങ്കണയുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടുണ്ട്. 'ശരിയായ കാര്യം ചെയ്യാൻ സമയം വൈകിയിട്ടില്ല. കങ്കണ റണാവട്ടുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിക്കുകയാണ്. ഭാവിയും അവരുമായി സഹകരിക്കില്ല. എല്ലാ തരത്തിലുള്ള അക്രമവും അപലപിക്കപ്പെടേണ്ടതാണ്' റിംസിം വ്യക്തമാക്കി.
Adjust Story Font
16