ധ്യാനിന്റെ ഇന്റർവ്യൂ കണ്ട് ആശുപത്രിയിൽ അച്ഛൻ പൊട്ടിച്ചിരിച്ചു: വിനീത് ശ്രീനിവാസൻ
ധ്യാനിന്റെ അഭിമുഖം കണ്ടിട്ടുണ്ടാകുമല്ലോ, ചേട്ടനെന്ന നിലയിൽ എന്തെങ്കിലും ഉപദേശം നൽകാനുണ്ടോ എന്ന അവതാകരന്റെ ചോദ്യത്തിന് രസകരമായാണ് വിനീത് മറുപടി നൽകിയത്
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരകുടുംബമാണ് നടൻ ശ്രീനിവാസന്റേത്. ആശുപത്രി വിട്ട ശേഷം ശ്രീനിവാസൻ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പലപ്പോഴും അദ്ദേഹത്തിന്റെയും വിനീത് ശ്രീനിവാസന്റെയുമെല്ലാം വിശേഷങ്ങൾ ധ്യാൻ ശ്രീനിവാസൻ പങ്കുവെക്കാറുമുണ്ട്. നിരവധി അഭിമുഖങ്ങളിലൂടെ വലിയൊരു ആരാധകവൃന്ദം സൃഷ്ടിച്ച ധ്യാൻ അസാമാന്യ പ്രതിഭയാണെന്ന് പറഞ്ഞ്‌വെക്കുകയാണ് വിനീത് ശ്രീനിവാസൻ. ധ്യാൻ ശ്രീനിവാസന്റെ പല അഭിമുഖങ്ങളും ഇരു കൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. 'അഡ്വക്കേറ്റ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലെ വിനീതിന്റെ പരാമർശങ്ങളാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
ധ്യാനിന്റെ ഇന്റർവ്യൂ കണ്ട് ആശുപത്രിയിൽ അച്ഛൻ പൊട്ടിച്ചിരിച്ചുവെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. ''ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം എല്ലാവരും ആസ്വദിക്കുന്നുണ്ടല്ലോ, അമൃതാ ആശുപത്രിയിലായ സമയത്ത് അച്ഛൻ ധ്യാനിന്റെ ഇന്റർവ്യൂ കണ്ടിട്ട് മുഴുവൻ ചിരിയായിരുന്നു. അവന് പിന്നെ എല്ലാത്തിനും ലൈസൻസുണ്ടല്ലോ... അത് അവന് പണ്ട് മുതലേ ഉള്ളതാ... അവൻ കഥ പറയാൻ മിടുക്കനാ..ലവ് ആക്ഷൻ ഡ്രാമയുടെ കഥ പറഞ്ഞപ്പോൾ ഞാൻ ഒരുപാട് ചിരിച്ചു... അത്‌പോലെ മറ്റൊരു സ്‌ക്രിപ്റ്റ് വായിച്ചിട്ട് ഞാൻ അത്രയധികം ചിരിച്ചിട്ടില്ല... പക്ഷെ അവസാനം ഷൂട്ട് ചെയ്തതും സിനിമയിൽ വന്നതും അതൊന്നുമല്ല... ഞാൻ ഒരുപാട് ചിരിച്ച രംഗങ്ങളുണ്ടായിരുന്നു... അതൊന്നും സിനിമയിൽ വന്നിട്ടില്ല''- വിനീത് ശ്രീനിവാസൻ പറഞ്ഞു.
ധ്യാനിന്റെ അഭിമുഖം കണ്ടിട്ടുണ്ടാകുമല്ലോ, ചേട്ടനെന്ന നിലയിൽ എന്തെങ്കിലും ഉപദേശം നൽകാനുണ്ടോ എന്ന അവതാകരന്റെ ചോദ്യത്തിന് രസകരമായാണ് വിനീത് മറുപടി നൽകിയത്. ചേട്ടനെന്ന നിലയിൽ ഞാൻ എന്തെങ്കിലും അവനോട് പറയണോ എന്നായിരുന്നു വിനീതിന്റെ മറു ചോദ്യം. ഒന്നും പറയാതിരിക്കുന്നതാണ് തനിക്ക് നല്ലതെന്നും വിനീത് അഭിമുഖത്തിൽ പറയുന്നു. വ്യത്യസ്തമായ പ്രചാരണ പരിപാടികളാൽ ഇതിനോടകം വിനീതിന്റെ പുതിയ ചിത്രം അഡ്വ. മുകുന്ദനുണ്ണി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം, പശ്ചാത്തല സംഗീതം സിബി മാത്യൂ അലക്‌സ്. അഭിനവ് സുന്ദർ നായിക്കും നിധിൻ രാജ് അരോളും ചേർന്നാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. നവംബർ 11 ന് ചിത്രം തീയേറ്ററുകളിലെത്തും.
Adjust Story Font
16