''അപസ്മാരത്തോട് പോരാടുകയാണ്; 'ദംഗൽ' ഷൂട്ടിങ്ങിനിടെയാണ് തിരിച്ചറിയുന്നത്''-വെളിപ്പെടുത്തി ഫാത്തിമ സന
''ബോധം നഷ്ടപ്പെട്ട ഞാൻ ആശുപത്രിയിലാണ് കണ്ണുതുറക്കുന്നത്. അഞ്ചു വർഷത്തോളം രോഗത്തെ മുഖവിലക്കെടുത്തിരുന്നില്ല.''
മുംബൈ: ഏറെക്കാലമായി അപസ്മാരരോഗവുമായി പോരാടുകയാണെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്. മരുന്നുകളുടെ സഹായത്താൽ ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും താരം പറഞ്ഞു. ദേശീയ അപസ്മാര ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ നടത്തിയ ചോദ്യോത്തര സെഷനിലായിരുന്നു ഫാത്തിമ സനയുടെ വെളിപ്പെടുത്തൽ.
'ദംഗൽ' ഷൂട്ടിങ്ങിനിടെയാണ് ആദ്യമായി അപസ്മാരരോഗം തിരിച്ചറിയുന്നത്. ഒരു തവണ പരിശീലനത്തിനിടെ അപസ്മാരം വന്നു. ബോധം നഷ്ടപ്പെട്ട ഞാൻ ആശുപത്രിയിലാണ് കണ്ണുതുറക്കുന്നത്. അഞ്ചു വർഷത്തോളം രോഗത്തെ മുഖവിലക്കെടുത്തിരുന്നില്ല. എന്നാൽ, ഇപ്പോൾ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്.''-ഫാത്തിമ സന പറഞ്ഞു.
''എല്ലാം ചെയ്യാൻ കഴിയും. എന്നാൽ, അൽപം മന്ദഗതിയിലായിരുന്നു. ഏറെ ബുദ്ധുമുട്ടേറിയ ദിവസങ്ങളുണ്ടായിരുന്നു. അത് എന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. അപ്പോഴും ഏറെ കൊതിച്ചിരുന്ന ആളുകൾക്കൊപ്പം ജോലി ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്റെ ആഗ്രഹങ്ങളെയും അഭിലാഷങ്ങളെയും അതു ബാധിച്ചില്ല. ഏറ്റവും നല്ല നിലയിൽ അഭിനയം പുറത്തെടുക്കുന്ന കാര്യത്തിലും എനിക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നിട്ടില്ല. കൂടുതൽ ശക്തമായി ജോലി ചെയ്യാൻ അതെന്നെ പ്രേരിപ്പിക്കുക മാത്രമാണ് ചെയ്തത്.''
സിനിമാ സംവിധായകരിൽനിന്ന് രോഗം മറച്ചുവച്ചിട്ടില്ലെന്നും അവർ വിശദീകരിച്ചു. ഓരോ പ്രൊജക്ടിൽ ഒപ്പിടുന്നതിനുമുൻപും നിർമാതാക്കളോട് മുൻകൂറായി രോഗത്തെക്കുറിച്ച് പറയാറുണ്ടെന്നും ഫാത്തിമ സന സൂചിപ്പിച്ചു. അതേസമയം, അപസ്മാരരോഗികൾക്ക് ദുർഗന്ധമുള്ള ഷൂ മണക്കാനുള്ള ത്വരയുണ്ടാകുമെന്നു പറയുന്നത് കെട്ടുകഥയാണെന്നും ഒരു ആരാധകന്റെ ചോദ്യത്തോട് പ്രതികരിച്ച് അവർ വ്യക്തമാക്കി. അപസ്മാരരോഗത്തിന്റെ മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ഇതും കേൾക്കേണ്ടിവരുന്നത്. ഭീകരമാണെന്നും അവർ കൂട്ടിച്ചേർത്തു.
Summary: Bollywood actress Fatima Sana Shaikh reveals she's battling epilepsy
Adjust Story Font
16