Quantcast

'ദംഗൽ സമയത്ത് എനിക്ക് അപസ്മാരമായിരുന്നു; ലഹരിയിലാണെന്നാണ് ആളുകൾ കരുതിയത്'; വെളിപ്പെടുത്തലുമായി ഫാത്തിമ സന

'ഫോട്ടോ എടുക്കാൻ നടക്കുന്നവരോട് ഞാൻ ഇക്കാര്യം വെളിപ്പെടുത്തിയതോടെ അവർ ആ പരിഗണന എനിക്കു വകവച്ചു തന്നു. ഞാനുള്ള സ്ഥലങ്ങളിൽ അവർ ഫ്‌ളാഷ്‌ലൈറ്റ് ഉപയോഗിക്കില്ല. പലപ്പോഴും എന്റെ സുഹൃത്തുക്കൾക്ക് മനസിലാക്കാനാകാത്ത കാര്യമായിരുന്നു അത്.'

MediaOne Logo

Web Desk

  • Published:

    3 Nov 2024 5:56 PM GMT

Fatima Sana Shaikh reveals she was diagnosed with epilepsy during Dangal shoot, Fatima Sana Shaikh disease, Fatima Sana Shaikh, Dangal fame
X

മുംബൈ: ബോക്‌സ് ഓഫീസിൽ തരംഗമായ ആമിർ ഖാൻ ചിത്രം 'ദംഗലി'ലൂടെ അതിവേഗം ബോളിവുഡിന്റെ താരത്തിളക്കത്തിലേക്ക് ഉയർന്ന താരമാണ് ഫാത്തിമ സന ഷെയ്ഖ്. 'ദംഗലി'ൽ ഗുസ്തിതാരം ഗീതാ ഫോഗട്ടിന്റെ വേഷത്തിൽ മിന്നും പ്രകടനമാണു കാഴ്ചവച്ചത്. തൊട്ടുപിന്നാലെ ചാച്ചി 420, വൺ 2 കാ 4 എന്നീ ചിത്രങ്ങളിലും ബാലതാരമായി എത്തി. ഇതിനുശേഷവും നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചു. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്ത 'സാം ബഹാദുർ' ആണ് അവസാനമായി അഭിനയിച്ച ചിത്രം. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ റോളിലാണു താരം എത്തിയത്.

ഇപ്പോഴിതാ തന്റെ 'ദംഗൽ' ഷൂട്ടിങ് വേളയിൽ തനിക്കുണ്ടായിരുന്ന അപസ്മാരരോഗത്തെ കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് ഫാത്തിമ സന. രോഗം കാരണം പലപ്പോഴും ഷൂട്ടിങ് നിർത്തിവയ്‌ക്കേണ്ടിവന്നിട്ടുണ്ടെന്നും പൊതുപരിപാടികളിൽ പങ്കെടുക്കാറില്ലെന്നും താരം വെളിപ്പെടുത്തി. പിന്നീട് ഇതിനെയെല്ലാം അതിജീവിച്ചു മുന്നോട്ടുപോകാനായെന്നും അവർ പറഞ്ഞു.

'ദംഗൽ ഷൂട്ട് സമയത്താണ് എനിക്ക് അപസ്മാരം പിടിപെടുന്നത്. തുടക്കത്തിൽ ഇങ്ങനെയൊരു രോഗമുണ്ടെന്ന് അംഗീകരിക്കാൻ ഞാൻ തയാറായിരുന്നില്ല. അതുകൊണ്ട് മരുന്നും കഴിച്ചില്ല. ആളുകൾക്കുമുന്നിൽ നിന്നു പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുമെന്ന ഭയമായിരുന്നു അന്നെനിക്ക്.'-ഫാത്തിമ സന വെളിപ്പെടുത്തി.

'അപസ്മാരത്തിനു പലതരത്തിലുള്ള അപമാനവും നേരിടേണ്ടിവരും. ലഹരി ഉപയോഗിച്ചതാണെന്നാകും ആളുകൾ കരുതുക. അല്ലെങ്കിൽ ശ്രദ്ധ നേടാൻ വേണ്ടി എന്തെങ്കിലും കാട്ടിക്കൂട്ടുന്നതാകുമെന്നു കരുതി ഒഴിവാക്കുന്നവരുമുണ്ടാകും. കൃത്യമായി മരുന്ന് കഴിക്കാത്തതിനാൽ പലപ്പോഴും അപസ്മാരം വരും. മരുന്ന് കഴിക്കാൻ മടിയായിരുന്നു എനിക്ക്. മനുഷ്യരോട് മാത്രമല്ല, മരുന്നിനോടും പോരാടുകയായിരുന്നു ഞാൻ. സാധാരണജീവിതവുമായി മുന്നോട്ടുപോകാൻ മരുന്നിന്റെ ആവശ്യമില്ലെന്ന ചിന്തയിലായിരുന്നു.'

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ അപസ്മാരം വരുമെന്നും അവർ പറഞ്ഞു. ഓരോ പരിപാടിക്കും മുൻപ് കടുത്ത ഉത്കണ്ഠയിലാകും ഞാൻ. ഫ്‌ളാഷ്‌ലൈറ്റുകൾ അപസ്മാരമുണ്ടാകാനുള്ള ഒരു കാരണമാണ്. അതുകൊണ്ടുതന്നെ പേടിച്ച് പരിപാടികളിലോ സ്‌ക്രീനിങ് ഷോകളിലോ ഒന്നും പങ്കെടുക്കാറുണ്ടായിരുന്നില്ല. ഫോട്ടോ എടുക്കാൻ നടക്കുന്നവരോട് ഞാൻ ഇക്കാര്യം വെളിപ്പെടുത്തിയതോടെ അവർ ആ പരിഗണന എനിക്കു വകവച്ചു തന്നു. ഞാനുള്ള സ്ഥലങ്ങളിൽ അവർ ഫ്‌ളാഷ്‌ലൈറ്റ് ഉപയോഗിക്കില്ല. പലപ്പോഴും എന്റെ സുഹൃത്തുക്കൾക്ക് മനസിലാക്കാനാകാത്ത കാര്യമായിരുന്നു അതെന്നും അവർ ചൂണ്ടിക്കാട്ടി.

ഷൂട്ട് ചെയ്യാനാകാത്ത സമയങ്ങളുണ്ടാകും. പലപ്പോഴും ചിത്രീകരണം ഒഴിവാക്കേണ്ടിയും വന്നിട്ടുണ്ട്. മൈഗ്രൈൻ കടുത്ത് ജോലി ചെയ്യാനാകാത്ത അവസ്ഥയായിരുന്നു. പിന്നീട് എങ്ങനെ ഇതിനെയെല്ലാം അതിജീവിക്കാമെന്നു സ്വയം പഠിച്ചു. പതുക്കെ പേടിയെല്ലാം മാറി പരിപാടികൾക്കു പോകാനും ജോലി ചെയ്യാനുമൊക്കെ തുടങ്ങിയെന്നും ഫാത്തിമ സന ഷെയ്ഖ് കൂട്ടിച്ചേർത്തു.

Summary: Fatima Sana Shaikh reveals she was diagnosed with epilepsy during Dangal shoot

TAGS :

Next Story