Quantcast

"മര്‍ദ്ദിതരുടെ പ്രാർത്ഥനയെ ഭയപ്പെടുക"; ലക്കി അലി

ബി.ജെ.പിയുടെ ഹലാല്‍ ഭക്ഷണങ്ങള്‍ക്കെതിരായ വിവാദങ്ങളിലും ലക്കി അലി മുമ്പ് പ്രതികരണം പങ്കുവെച്ചിരുന്നു

MediaOne Logo

ijas

  • Updated:

    2022-04-19 11:30:20.0

Published:

19 April 2022 11:05 AM GMT

മര്‍ദ്ദിതരുടെ പ്രാർത്ഥനയെ ഭയപ്പെടുക; ലക്കി അലി
X

മര്‍ദ്ദിതരുടെ പ്രാർത്ഥനയെ ഭയപ്പെടണമെന്ന് ബോളിവുഡ് ഗായകനും സംഗീത സംവിധായകനും നടനുമായ ലക്കി അലി. രാജ്യത്തെ മുസ്‍ലിംകള്‍ക്ക് നേരെയുള്ള ഹിന്ദുത്വ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ലക്കി അലിയുടെ പ്രതികരണം. ലക്കി അലിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സംഘപരിവാര്‍ അനുഭാവികളില്‍ നിന്നും വലിയ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇതിനു മുമ്പ് ബി.ജെ.പിയുടെ ഹലാല്‍ ഭക്ഷണങ്ങള്‍ക്കെതിരായ വിവാദങ്ങളിലും ലക്കി അലി പ്രതികരണം പങ്കുവെച്ചിരുന്നു.

ഇസ്‍ലാമിന് പുറത്തുള്ളവരെ ഉദ്ദേശിച്ച് പറയുന്നതല്ല ഹലാല്‍ എന്നും ഒരു ഉൽപ്പന്നത്തിനുള്ളിലെ ചേരുവകൾ അവന്‍റെ അല്ലെങ്കിൽ അവളുടെ ഉപഭോഗ പരിമിതികൾക്കനുസൃതമാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് വരെ ഒരു ഉൽപ്പന്നവും വാങ്ങില്ലെന്ന് തീര്‍ച്ചപ്പെടുത്തുന്നതാണ് ഹലാലെന്ന് ലക്കി അലി ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു.

"ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ മുസ്‍ലിം, ജൂത ജനവിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ളവരെ കൂടി ഉന്നമിട്ടാണ് വില്‍പ്പന ആഗ്രഹിക്കുന്നത്. അതിനാൽ അവരുടെ ഉൽപ്പന്നം വിൽക്കാൻ അവർ ഹലാൽ സർട്ടിഫൈഡ് അല്ലെങ്കിൽ കോഷർ സർട്ടിഫൈഡ്(ജൂത വിഭാഗക്കാര്‍ക്ക്) എന്ന് ലേബൽ ചെയ്യണം. അല്ലാത്തപക്ഷം മുസ‍്‍ലിംകളും ജൂതന്മാരും അവരിൽ നിന്ന് ഉല്‍പ്പനങ്ങളും വാങ്ങില്ല"- ലക്കി അലി പറയുന്നു.

എന്നാല്‍ 'ഹലാൽ' എന്ന വാക്ക് ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അത് നീക്കം ചെയ്യാമെന്നും പക്ഷെ കമ്പനികളുടെ വിൽപ്പന പഴയ പോലെ തന്നെ ആയിരിക്കുമോ എന്ന് പ്രവചിക്കാന്‍ സാധിക്കില്ലെന്നും ലക്കി അലി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഇതിനുമുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയനുമൊന്നിച്ചുള്ള ചിത്രം പ്രചരിച്ചതിന് പിന്നാലെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതായ വാര്‍ത്തകളിലും ലക്കി അലി വിശദീകരണം നല്‍കിയിരുന്നു. താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും അതിനെ കുറിച്ച് ഒരാള്‍ പോലും തന്നോട് സംസാരിച്ചിട്ടില്ലെന്നും ലക്കി അലി പറഞ്ഞു. "എല്ലാവരും ഊഹങ്ങള്‍ പടച്ചുവിടുകയാണ്. എനിക്ക് ഒരു വക്താവുമില്ല, ഞാൻ എനിക്കുവേണ്ടിയാണ് സംസാരിക്കുന്നത്"; ലക്കി അലി പറഞ്ഞു.

സുനോഹ് എന്ന ആല്‍ബമാണ് ലക്കി അലിയുടെ സംഗീത ജീവിതത്തില്‍ നിര്‍ണായകമായത്. ഗായകന്‍ എന്ന മേല്‍വിലാസം ഈ ആല്‍ബം ലക്കിക്ക് ചാര്‍ത്തി നല്‍കി. 'ദുഷ്മന്‍ ദുനിയാ കാ' എന്ന സിനിമയിലൂടെയാണ് ലക്കി അലിയുടെ ബോളിവുഡ് പ്രവേശം. 'അഞ്ചാനി അഞ്ചാനാ', 'തമാശ', 'ബച്ച്നാ ഹേ ഹസീനാ' എന്നീ ചിത്രങ്ങളിലെ ലക്കി അലിയുടെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. 'യേഹി ഹേ സിന്ദഗി', 'ഹമാരാ തുമാരാ', 'ത്രികാല്‍', 'റണ്‍ എവേ', 'ഗുഡ് ലക്ക്' എന്നീ സിനിമകളിലൂടെ അഭിനയ രംഗത്തും ലക്കി അലി ശ്രദ്ധേയ സാന്നിധ്യമാണ്. അടുത്തിടെ സംഗീത ജീവിതത്തില്‍ നിന്നും വിരമിക്കല്‍ ആലോചിക്കുന്നതായി ലക്കി അലി വ്യക്തമാക്കിയിരുന്നു.

Fear the prayer of the oppressed-lucky ali

TAGS :

Next Story