Quantcast

'വിനയൻ പറഞ്ഞത് സത്യമാണെങ്കിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജി വെക്കണം'; നിഷാദ്

പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് സംസ്ഥാന അവാർഡ് ലഭിക്കാതിരിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ശ്രമിച്ചെന്നായിരുന്നു സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്.

MediaOne Logo

Web Desk

  • Updated:

    2023-07-30 12:46:33.0

Published:

30 July 2023 12:30 PM GMT

film directors
X

 എം.എ നിഷാ​ദ്, രഞ്ജിത്ത് 

കൊച്ചി: പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് സംസ്ഥാന അവാർഡ് ലഭിക്കാതിരിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി സംവിധായകൻ വിനയൻ രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയായാണ് സംവിധായകൻ എം.എ നിഷാദ്. വിനയൻ പറഞ്ഞത് സത്യമാണെങ്കിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജി വെക്കണമെന്ന് നിഷാദ് പറഞ്ഞു. ഓൺലെെൻ മാധ്യമമായ മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കിയ എല്ലാവർക്കും ആശംസകൾ നേരുന്നു. വ്യക്തിപരമായി വിനയനുമായി അടുപ്പമോ അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിപ്പുകളോ തനിക്കില്ല. എന്നാൽ സിനിമയുടെ കാര്യത്തിൽ ഒരു ജൂറി ഫോം ചെയ്തിട്ടുണ്ടെങ്കിൽ ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിക്കോ ചെയർമാനോ അതിൽ ഇടപെടാൻ പാടില്ല എന്നതാണ് നിയമം എന്നും നിഷാദ് പറഞ്ഞു.

'കഴിഞ്ഞ ​ദിവസം വിനയന്റെ പോസ്റ്റ് ശ്രദ്ധയിൽപെട്ടു. അതിൽ ഒരു ജൂറി അംഗവുമായുള്ള ചർച്ചയുടെ ഭാഗമായി അദ്ദേഹം പറഞ്ഞ വാക്കുകളാണ് എഴുതിയിരിക്കുന്നത്. അത് സത്യമാണെങ്കിൽ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ ആയും അജോയിക്ക് സെക്രട്ടറി ആയിട്ടും തുടരാനുള്ള യോഗ്യതയില്ല. വിനയൻ പറഞ്ഞ കാര്യത്തിൽ സത്യങ്ങൾ പുറത്ത് കൊണ്ടുവരണം', അദ്ദേഹം പറഞ്ഞു.

പിന്നെ ഇത് കേരളമാണെന്നുള്ള കാര്യം ഇവരൊന്നും മറന്നു പോകരുത്. എന്തൊക്കെ കാര്യം ഒളിപ്പിച്ച് വെച്ചാലും ഒരു ദിവസം അതെല്ലാം മറ നീക്കി പുറത്ത് വരും. ഇത് സത്യമാണെങ്കിൽ സത്യം പുറത്ത് വരട്ടെ. അല്ലാത്ത പക്ഷം അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ല. വിനയൻ ഇത് പറഞ്ഞിരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അതു കൊണ്ടുതന്നെ ഇതിനെതിരെ നിയമ നടപടികൾ എടുക്കണം നിഷാദ് കൂട്ടി ചേർത്തു.

പത്തൊമ്പതാം നൂറ്റാണ്ട് ചവറ് പടമാണെന്നും സെലക്ഷനിൽ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത്ത് പറഞ്ഞതായി മുതിർന്ന ജൂറി അംഗം തന്നോട് വെളിപ്പെടുത്തിയെന്നായിരുന്നു വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജൂറി അംഗങ്ങളെ രഞ്ജിത്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഇതിനെക്കുറിച്ച് മന്ത്രി സജി ചെറിയാന്റെ പി.എസ്സിനെ വിളിച്ചു പറഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും വിനയൻ പോസ്റ്റിൽ പറഞ്ഞു.

TAGS :

Next Story