ഒന്നിച്ചുള്ള സിനിമ; നീയിപ്പോൾ നിന്റെ കാര്യം നോക്ക് എന്നാണ് വാപ്പച്ചിയുടെ മറുപടി- ദുൽഖർ
"എനിക്ക് മറ്റു ഭാഷകളിൽ പോയി സിനിമ ചെയ്യാൻ ഇഷ്ടമാണ്. പുതിയ അനുഭവങ്ങൾ തിരഞ്ഞുപോകുന്നതാണ്"
എന്നാകും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം എന്ന ചോദ്യത്തിന് ഉത്തരം നൽകി ദുൽഖർ സൽമാൻ. അക്കാര്യം തന്നോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ലെന്നും വാപ്പിച്ചിയോട് തന്നെ ചോദിക്കണമെന്നും ദുൽഖർ പറഞ്ഞു. ഒന്നിച്ചുള്ള ചിത്രം തന്റെ ആഗ്രഹമാണെന്നും മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
'എന്നോടു ചോദിച്ചിട്ട് ഒരു കാര്യവുമില്ല. വാപ്പച്ചിയോടു തന്നെ ചോദിക്കണം. ആഗ്രഹം കാരണം ഞാൻ ചില സൂചനകളൊക്കെ കൊടുക്കാറുണ്ട്. 'നീയിപ്പോൾ നിന്റെ കാര്യം നോക്ക്, ഞാൻ എന്റെ കാര്യം നോക്കിക്കോളാം' എന്നാണ് മറുപടി.' - എന്നായിരുന്നു ദുൽഖറിന്റെ വാക്കുകള്‍.
മറ്റു ഭാഷകളിൽ പോയി സിനിമ ചെയ്യാൻ ഇഷ്ടമാണെന്നും അത് പുതിയ അനുഭവങ്ങൾ തെരഞ്ഞുപോകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇവിടുന്ന് ലാലങ്കിളും വാപ്പിച്ചിയുമെല്ലാം മുൻപേ അങ്ങനെ പോയി ചെയ്തതാണ്. ഞാൻ ഒരിക്കലും 'പാൻ ഇന്ത്യൻ സിനിമ' എന്നൊന്നും ചിന്തിച്ചിട്ടില്ല. എനിക്ക് മറ്റു ഭാഷകളിൽ പോയി സിനിമ ചെയ്യാൻ ഇഷ്ടമാണ്. പുതിയ അനുഭവങ്ങൾ തിരഞ്ഞുപോകുന്നതാണ്. പുതിയ തലമുറയ്ക്ക് അതു വേഗം മനസ്സിലാകും.' - ദുൽഖർ പറഞ്ഞു.
വരുന്ന രണ്ട് സിനിമകൾ മലയാളത്തിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കിങ് ഓഫ് കൊത്ത എന്ന സിനിമയും മറ്റൊരു ചെറിയ സിനിമയുമാണത്. ഇതിനിടെ ഒരു ഹിന്ദി സിനിമയുടെ റിലീസുമുണ്ട്. ഒരേ ഇമേജിൽ ഉൾപ്പെടാൻ താത്പര്യമില്ല. അതു കൊണ്ടാണ് പ്രണയചിത്രങ്ങൾക്ക് ബ്രേക്കിടുന്നത്. നെഗറ്റീവ് റോൾ ഉൾപ്പെടെ ചെയ്യണം. വരുന്ന പല സിനിമകളും ആ രീതിയിലുണ്ട്. കുറച്ചു കഴിഞ്ഞ് പക്വതയുള്ള നല്ല പ്രണയകഥ വന്നാൽ നോക്കാം- ദുൽഖർ കൂട്ടിച്ചേർത്തു.
സീതാരാമമാണ് ദുൽഖറിന്റെ അടുത്ത ചിത്രം. ആഗസ്ത് അഞ്ചിനാണ് റിലീസ്. മലയാളത്തിന് പുറമേ, തെലുങ്കിലും തമിഴിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദ്രാ, മൃണാൽ താക്കൂർ, സുമന്ത്, പ്രകാശ് രാജ്, ഗൗതം മേനോൻ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ എത്തുന്ന ചിത്രം കാശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ്.
Adjust Story Font
16