കാലകേയന്‍റെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു, അന്ന് ആരും എന്നെ ശ്രദ്ധിച്ചിരുന്നില്ല; ബാഹുബലിയില്‍ നിന്നും സാര്‍പട്ടൈയിലെത്തിയ ജോണ്‍ കൊക്കന്‍
ഇത് ബാഹുബലിയിൽ നിന്നുള്ള രംഗമാണ്. വളരെ ചെറിയൊരു വേഷമായിരുന്നു
സാര്‍പട്ടൈ പരമ്പരൈ എന്ന ചിത്രം കണ്ടവരാരും വെമ്പുലി എന്ന കഥാപാത്രത്തെ മറക്കില്ല. തോല്‍ക്കാന്‍ മനസില്ലാതെ പൊരുതിയെ അവതരിപ്പിച്ചത് ജോണ്‍ കൊക്കന്‍ എന്ന നടനായിരുന്നു. മലയാളം, തെലുങ്ക്,തമിഴ് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയം തുടങ്ങി ജോണ്‍ പഴയ കാല ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ്.
സൂപ്പര്‍ഹിറ്റായ ബാഹുബലി എന്ന ചിത്രത്തിലെ ഒരു രംഗം പങ്കുവച്ചുകൊണ്ടാണ് ഒന്നുമല്ലാതിരുന്ന ആ കാലത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ചിത്രത്തില്‍ കാലകേയന്‍റെ കൂട്ടാളികളിലൊരാളായിട്ടാണ് ജോണ്‍ അഭിനയിച്ചത്. ആരും ശ്രദ്ധിക്കപ്പെടാത്ത സൂക്ഷിച്ചു നോക്കിയാല്‍ മാത്രം മനസിലാകുന്ന കഥാപാത്രം.
''ഇത് ബാഹുബലിയിൽ നിന്നുള്ള രംഗമാണ്. വളരെ ചെറിയൊരു വേഷമായിരുന്നു. ആ ഷൂട്ടിങ്ങ് ദിനങ്ങൾ ഇന്നും എന്‍റെ ഓര്‍മയിലുണ്ട്. അന്ന് സെറ്റിൽ എന്‍റെ പേര് പോലും ആർക്കും അറിയില്ല. ഒരിക്കൽ എന്‍റെ പേരും എല്ലാവരും അറിയുമെന്ന് എന്നോടു തന്നെ ഞാന്‍ പറയാറുണ്ടായിരുന്നു. സാർപട്ടൈ പരമ്പരൈയിലൂടെയാണ് ആ ദിവസമെത്തിയത്. ഇന്ന് ഏറെ അഭിമാനത്തോടെയാണ് ഞാൻ ഈ ചിത്രം പങ്കുവയ്ക്കുന്നത്. അജിത് സർ പറഞ്ഞ കാര്യം ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകും. എന്നാൽ തളർന്നു പോകാതെ നിങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കണം. നിങ്ങളുടെ സമയത്തിന് വേണ്ടി കാത്തിരിക്കുക. സമയം വരുന്നതുവരെ സ്വയം പ്രവർത്തിക്കുക, കഴിവുള്ളവരായി മാറുക. നടക്കാത്തതായി ഒന്നും തന്നെയില്ല, ഒരു ജീവിതമേയുള്ളൂ, നിങ്ങളുടെ സ്വപ്നങ്ങൾക്കായി പോരാടൂ...'' ജോണ്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. കെ.ജി.എഫ് ചാപ്റ്റര്‍ 1, ജനത ഗ്യാരേജ്, വീരം, ലവ് ഇന്‍ സിംഗപ്പൂര്‍ എന്നിവയാണ് ജോണ്‍ അഭിനയിച്ച ചിത്രങ്ങള്‍.
Adjust Story Font
16